കൊല്ലപ്പെട്ടവരുടെ ദൈവം
അങ്ങനെയിരിക്കെ,
ഏറ്റവും അസ്വസ്ഥമായ ഒരു ദിനം
ദൈവം ഇപ്രകാരം അരുളിച്ചെയ്തു:
"മതങ്ങളെയെല്ലാം ഞാൻ പിരിച്ചുവിട്ടിരിക്കുന്നു.
അവയുടെ ഉഗ്രശാസനങ്ങൾ
ഇനിയാരും പിൻപറ്റേണ്ടതില്ല.
സൃഷ്ടികളിൽ മികച്ചതായ മനുഷ്യർക്ക്
മതമില്ലാതെയും സന്തോഷിക്കാം.
മതത്തോട് ചേർത്ത് അവർ പണിത
ദുർഗ്ഗന്ധം വമിക്കുന്ന എടുപ്പുകൾ
പൊള്ളിയടർന്ന് വീണൊഴിയാതെ
സ്വന്തം പാപത്തിന്റെ പൂർണ്ണ നഗ്നത
അവർക്ക് തിരിച്ചറിയാനാവില്ല."
അന്നത്തെ മൂവന്തിചർച്ചകൾക്കിടയിൽ
കൊലചെയ്യപ്പെട്ട മതനിഷേധികളുടെ
വെട്ടിമുറിക്കപ്പെട്ടും കത്തിക്കരിഞ്ഞും കിടന്ന
ഉടലുകളുടെ കണ്ണുകളിലൂടെ
ദൈവം അപ്രത്യക്ഷനായതായി
ലോകർക്ക് വേദനയോടെ ബോധ്യപ്പെട്ടു.
ആ കടുത്തുതണുത്ത രാത്രിയിൽ
ഭൂമി പ്രളയത്തിൽ മുങ്ങാങ്കുഴിയിടുമ്പോൾ
മതമില്ലാത്ത ലോകത്തിനു വേണ്ടി
കൊല്ലപ്പെട്ടവരുടെ ജാഥ
നക്ഷത്രങ്ങൾക്കുമേൽ അണിനിരന്നു.
അതിനെ അഭിമുഖീകരിച്ച ദൈവാത്മാവ്,
മൂന്നാംലിംഗക്കാർക്കു വേണ്ടി
താൻ പുതുതായി സൃഷ്ടിച്ച മതമാണ്
ഇനി ലോകത്തെ നയിക്കുകയെന്ന്
അർഥശങ്കയ്ക്കിടമില്ലാതെ പ്രഖ്യാപിച്ചു.
അപ്പോൾ....
ആകാശങ്ങളുടെ ഉടഞ്ഞുവീണ അതിർത്തിക്കപ്പുറം
സൂര്യനെപ്പോലെ ജ്വലിക്കുന്ന താരങ്ങളും
ചന്ദ്രനെപ്പോലെ തണുത്ത ഗ്രഹങ്ങളും
എടുപിടീന്ന് സ്വയംഭൂവായി വന്നു.
പിന്നീടാണത്രേ ബുദ്ധിശാലികളായ മനുഷ്യർ
ഭീതിയും സംശയവുമില്ലാതെ,
നുണയും ദ്വേഷവുമില്ലാതെ
സഹജീവികളോട് സംവദിക്കാൻ തുടങ്ങിയത്.
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....