അങ്ങനെയും ചിലരുണ്ട്....
നമ്മളെ അർദ്ധബോധാവസ്ഥയിലാക്കി
നേരിയ വേദനയുള്ള കത്തിമുനയാൽ
മനസ്സിന്റെ ഒരു വലിയ തുണ്ടിനെ
മുറിച്ചെടുത്ത് കടന്നുകളയുന്ന ....
അസാധാരണ ഹൃദയവ്യാപാരികളായ
എന്നാൽ...
ഏറെ സാധാരണക്കാരായ ചിലർ.
അവരുടെ വീട്....
ആർക്കും ഒരാശ്രമമായി തോന്നും.
മന്ത്രവും പ്രാർത്ഥനയുമില്ലെന്നാലും
ചന്ദനവും കർപ്പൂരവും മണക്കും.
അടുക്കളയിൽ ചായയും പലഹാരവും
അതിഥികളുടെ പേരുവിളിക്കും.
മെല്ലെമെല്ലെ അതിഥികൾ വീട്ടുകാരായി മാറും.
തിരികെപ്പോകുമ്പോൾ...
ഓരോരുത്തരും ആ വീടിനെ
നെഞ്ചിലാവാഹിച്ച് സൂക്ഷിച്ചിരിക്കും. .
അവിടത്തെ വളർത്തുപൂച്ച
എല്ലാ ഭാഷയും സംസാരിക്കുന്ന
എട്ടാമത്തെ അത്ഭുതമായിരിക്കും.
അവൻ ലാറ്റിനമേരിക്കൻ കവിതയോടും
എഴുത്തച്ഛന്റെ തത്തയോടുമൊപ്പം
ഒളിച്ചേ-കണ്ടേ കളിക്കും.
ഹോക്കിൻസിന്റെ സമയസിദ്ധാന്തത്തെ
ടൈംമെഷീനുമായി താരതമ്യം ചെയ്യും.
ചിലപ്പോഴൊക്കെ...
സ്വാതന്ത്ര്യത്തെക്കുറിച്ച് ഉപന്യസിക്കും.
അവരുടെ ബാൽക്കണിയിൽ
ഭാവനയുടെ പ്രാവുകൾ വീടുപണിയും.
അടയിരുന്ന പ്രവാസത്തിൻറെ അക്ഷരങ്ങളായി
ഇളംകൊക്കുകൾ സ്നേഹം തേടും.
മഴത്തണുപ്പിലും വെയിൽത്തിളപ്പിലും
അവിടെ ഋതുഭേദം ജീവിതമാകും.
ജീവിതത്തിന്റെ പരിഭാഷയിൽ
പദാനുപദം സ്നേഹമായിരിക്കും.
അവരുടെ പരിസ്ഥിതിബോധത്തിൽ
ഹൃദയങ്ങൾ അമരതരുവായി വളർന്ന്
ആകാശത്തിന്റെ മേലാപ്പുകളെ
തൊങ്ങലും ഊഞ്ഞാലുമാക്കി
ഭാവികാലങ്ങളിലേക്ക് തുറക്കുന്ന
താരാട്ടുകളുടെ ജനാലകളാകും.
അതിലേക്ക് ഞാന്നുകയറാൻ
നമ്മുടെ കുട്ടിക്കാലം ശ്രമിക്കുമെങ്കിലും
ഓരോ തവണയും തോറ്റുമടങ്ങും.
യാതൊരു സുരക്ഷാസംവിധാനത്തിനും
കണ്ടുപിടിക്കാനാവാത്ത,
കൊടും കുറ്റവാളികളായ അവരെ
നമുക്കറിയില്ലെന്ന് വേണമെങ്കിൽ പറയാം.
പക്ഷെ, മറക്കരുത്.....
അവർ നമ്മുടെ മനസ്സ് കട്ടെടുത്തവരാണ്.
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....