Friday, November 6, 2020

രൗദ്രം - പി ശിവപ്രസാദ്

വേദം കൊഴുപ്പിച്ചൊരീയത്തിളപ്പിനാൽ 

കാതു പൊട്ടിക്കാതെ തമ്പ്രാ...

വാളും ചിലമ്പും പുലമ്പുന്ന നാവിനാ

വാതുവച്ചീടാതെ തമ്പ്രാ...

വായ്ക്കരിക്കൊപ്പം നനഞ്ഞ തൃത്താവില

കാല്ക്കല്ക്കിടന്നു പൊരിയുമ്പോൾ.


മാടമ്പിയയങ്ങ്‌ വാണൊരാക്കാലത്തി-

ലാരും ചിലയ്ക്കാത്ത നാട്ടിലെങ്ങും 

മാടനും മറുതയും പടിയിറങ്ങിപ്പോയ

കാവിലെക്കുരുതിയിൽ നാവുകൾ പിടച്ചതും,

മച്ചിന്റെയുള്ളിൽ തരുണസ്വപ്നങ്ങളും

കൊച്ചുതിടപ്പള്ളി പെറ്റ പോഴത്തവും

ദിക്കിൽ  നിറഞ്ഞു കനലൂതിനിന്നതും

ബ്രഹ്മസ്വരൂപത്തെ രക്ഷസ്സു തീണ്ടിയതും,

ഭഗ്നബന്ധങ്ങളിൽ  ഭാഗപത്രങ്ങളിൽ 

ജപ്തിയാളെത്തി ബലിച്ചോറു വച്ചതും...

എങ്ങൾ  മറന്നതില്ലൊന്നുംമരിച്ചവർ 

മണ്ണിൽക്കലർന്ന്  പുനർജ്ജനിച്ചേടവേ.


ഗ്രീഷ്മങ്ങളേത്‌ മരുത്തിനും മണ്ണിനും

രോഷം പകർന്നുരുകുന്ന കാലം

താളും തകരയും ഉപ്പുചേർക്കാതെങ്ങൾ 

പാതി വേവിച്ചു കഴിച്ച നാളിൽ 

തീ തിന്നു പോയൊരാ പാവം കിടാങ്ങൾ തൻ 

ചാരത്തിലാരോ വെടിയുപ്പുതിർക്കവേ

എതിർവായിലടിയങ്ങൾ  മൊഴികൊണ്ട ത്യങ്ങൾ 

പിഴുതെടുത്തങ്ങുന്ന്‌ ചിരി മുഴക്കീടവേ...

ഏനും കിടാങ്ങളും തീനും കുടിയുമ-

റ്റേതേതു ദിക്കിൽ  നടന്നലഞ്ഞുപിന്നെ...

മാനം ചുരന്ന നറുംകണ്ണുനീരിൽ 

കരിക്കാടി സ്വപനവും കണ്ടുറങ്ങി.


നീരും നിലാവും നിറകതിർസ്സൂര്യനും

ചേരുന്നൊരാ കാലമോർത്ത നേരം

ഓടിത്തളർന്നെങ്ങൾ  വന്നെത്തിയീ കൊടും-

കാടിന്റെ മതിലകപ്പേച്ചറിയാൻ‍.

പാടക്കിഴങ്ങും പനമ്പഴവും കാട്ടു-

ഞാവലിൻ  കരളുപോലുള്ള കനികളും

തേനും നിറഞ്ഞ ഭ്രമണകാലത്തിന്റെ

തേരുരുട്ടാനിന്നു വന്നു ഞങ്ങൾ‍.


അക്ഷരം കാറ്റാം ഗുരുവിൽ  നിന്നുത്ഭവിച്ച്

ഒറ്റ ക്ഷണത്തില്‍ പെരുമ്പറത്തോറ്റമായ്‌!

ആല്മരംകാഞ്ഞിരംചൂതംഇലഞ്ഞിയും

കാവൽനിരയ്ക്കൊത്തു കൈകൾ കൊട്ടീടവേ...

താളിയോലയ്ക്കുള്ളിലാരൊ തളച്ചിട്ട 

താഴുകൾ തുറന്നു വരവായ്‌ പ്രാണവിസ്മയം!

കാമം മനസ്സിലും കാളൽ  ശിരസ്സിലും

കാളകൂടങ്ങളാല്‍ ഉടൽ  മിന്നി നില്ക്കവേ

കരിവീട്ടിയിൽക്കടഞ്ഞെങ്ങൾ പണിഞ്ഞൊരീ

കനിവിന്റെ തോഴനാം കുതിരയെ കണ്ടിട്ട്

ഞെട്ടിത്തരിക്കാതെ തമ്പ്രാ..., മദം കൊണ്ട്

ചിന്നം വിളിക്കാതെ വഴിയൊഴിഞ്ഞീടുക!


കാറ്റിന്റെ ചൂളം കടമെടുത്തിന്നിവർ 

കടലിന്റെ ശൗര്യം പരിചയാക്കുന്നിവർ 

കാടിന്റെ ചാരത്തിലർഘ്യം പകർന്നിവർ 

ആറിന്റെ ചാക്കാലമഴയിൽ കുളിച്ചിവർ 

മുകിലിന്റെ മൗനത്തിൽ മിഴി നിറയ്ക്കുന്നിവർ 

യുദ്ധരക്തത്തിൽ ഹൃദയം ദ്രവിച്ചവർ‍...

പകലിന്റെ വാതായനം തേടിയെത്തുന്നു 

പലവുരു തോറ്റ പടപ്പാട്ടു പാടുന്നു.


ഇത്‌ രൗദ്രം..

ഇത്‌ രൗദ്രമിനിയെങ്ങൾ പിൻ വാങ്ങിടാ!

ചിര-മുതുപുരാണങ്ങളാൽ  കിന്നരം മീട്ടായ്ക.

 

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....