Saturday, July 23, 2016

സ്വാഗതം കുഞ്ഞിക്കാറ്റേ - സിസ്റ്റര്‍ മേരി ബനീഞ്ജ

സ്വാഗതം കുഞ്ഞിക്കാറ്റേ, പൊന്നിളങ്കാറ്റേ, നിന്റെ-
യാഗമം പ്രതീക്ഷിച്ചുതന്നെ ഞാനിരിക്കുന്നു.
വന്നിടാമകത്തേയ്ക്കു സംശയം വേണ്ട, നല്ല
സന്ദേശമെന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ടാവാം.
ചന്ദനക്കുന്നില്‍നിന്നോ വന്നിടുന്നതു? സുധാ-
സ്യന്ദിയാണല്ലോ ഭവാന്‍ ചിന്തുന്ന പരിമളം
അല്ലെങ്കിലാരാമങ്ങള്‍ പലതും വാസന്തശ്രീ-
യുല്ലസിച്ചീടുന്നവ തടവിപ്പോന്നിട്ടുണ്ടാം.
നല്ലവരോടു വേണ്ടും സമ്പര്‍ക്കം പുലര്‍ത്തുന്ന
നല്ലവന്‍ ഭവാനെന്നു ഞാനറിഞ്ഞിരിക്കുന്നു.
കണ്ടില്ലേ മധ്യേമാര്‍ഗ്ഗം നല്ല പത്മാകരങ്ങള്‍!
വേണ്ടുമ്പോല്‍ വികസിച്ചുനില്ക്കുന്നോ പൂക്കളെല്ലാം?
സുന്ദരനളിനങ്ങള്‍ കുണുങ്ങിച്ചാഞ്ചാടുന്ന-
തെങ്ങനെയെന്നു ഭവാനൊന്നുവര്‍ണ്ണിച്ചീടാമോ?
പറക്കും മധുപങ്ങള്‍ക്കിരയേകുവാനായി
തുറന്ന ഭണ്ഡാരങ്ങളവയില്‍ കാണുന്നില്ലേ?
ഇരമ്പിപ്പാടിപ്പാടി പാറയില്‍ തട്ടിത്തട്ടി-
യൊഴുകും സ്രവന്തികളങ്ങയെക്കണ്ടനേരം
എങ്ങനെ സല്ക്കാരങ്ങള്‍ നല്‍കിയെന്നതും ഭവാന്‍
ഭംഗിയായ് പറഞ്ഞെന്നെയൊന്നു കേള്‍പ്പിക്കില്ലയോ?
പറയുന്നില്ലെങ്കിലോ ഭാവനാമുകുരത്തി-
ലറിയാം; ജലകണമണിമാല്യങ്ങളാലേ
ഭൂഷിതനാക്കിയങ്ങേ സ്വീകരിച്ചിരിക്കണം
ശേഷിപോലന്തരംഗം കുളുര്‍പ്പിച്ചിരിക്കണം.
ആ വനസ്ഥലികളും പച്ചിലച്ചാര്‍ത്തിനുള്ളില്‍
പൂവുകള്‍ കൂട്ടിച്ചേര്‍ത്തു മഞ്ജരിയര്‍പ്പിച്ചില്ലേ?
ഫുല്ലമാം സൂനങ്ങളേയുച്ചിയില്‍ ചാര്‍ത്തിക്കൊണ്ടു
വല്ലികള്‍ മനോഹര നൃത്തങ്ങളാടിയില്ലേ?

3 comments:

  1. ഈ കവിത നല്ല ഒരു ഓര്ർമ്മ സ മ്മാനിച്ചു.നന്ദി.......

    ReplyDelete
  2. വളരെ നല്ല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി, നന്ദി...
    1990 കാലഘട്ടത്തിലെ ഒന്നാം തരം മുതൽ ഉള്ള മലയാള പാഠാവലിയിലെ പദ്യങ്ങൾ ലഭിക്കുമോ?

    ReplyDelete
  3. അഞ്ചാം ക്ലാസ്സ്‌ പാഠപുസ്തകത്തിൽ അന്ന് കണ്ട കവിത ഒരു നല്ല ഓർമയിലേക്കുള്ള തിരിച്ചു പോക്ക്

    ReplyDelete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....