Saturday, July 23, 2016

ഈ വീടിനെ സ്നേഹിയ്ക്ക... ഗിരീഷ് പുത്തഞ്ചേരി

ഞാന്‍ പറഞ്ഞു...
ഈ വീടിനെ സ്നേഹിയ്ക്ക
ഇത് നമ്മുടെ സ്വപ്നം.
സങ്കടച്ചുമടെടുത്ത്
സഹനത്തിന്‍റെ മഴ നനഞ്ഞ്
വറചട്ടിയിലെരിഞ്ഞ്
തേഞ്ഞു തീരാറായ കാലടികളിലെ
കള്ളിമുള്ളുകൊണ്ടാണ്
കരിങ്കല്‍ത്തൂണുകള്‍!
അസ്ഥികൊണ്ടസ്തിവാരം...
ഉഷ്ണസഞ്ചാരം കൊണ്ട്
ജാലകങ്ങള്‍...
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ട്
ഉയര്‍ത്തിക്കെട്ടിയ ചുമരുകള്‍...
നീ പറഞ്ഞു...
പൊള്ളിയ മനസ്സുകൊണ്ട് മാര്‍ബിള്‍...
മക്കളുടെ നാമജപം വെച്ച വിളക്ക്...
ഞാന്‍ പറഞ്ഞു...
കടക്കാര്‍ക്കെതിരെ കുരച്ചുചാടുന്ന
പട്ടിയെ നമുക്കുവേണ്ട...
കലഹവും കണ്ണീരുമൊക്കെയായി
ഇത് തുടച്ചുവെടിപ്പാക്കി വെയ്ക്കുക...
നമുക്ക് നീണ്ടുനിവര്‍ന്ന് കിടന്ന്-
മരിയ്ക്കാനുള്ള വീടാണിത്
മരിച്ചാലും മടങ്ങിവരാനുള്ള വീട്!

1 comment:

  1. മരിച്ചാലും മടങ്ങിവരാനുള്ള വീട്! marakkaththa veedu... Great.

    ReplyDelete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....