Saturday, July 23, 2016

കവിത വരുന്ന വഴി - സാവിത്രി രാജീവന്‍

മേഘങ്ങള്‍ കരിപടര്‍ത്തിയ
ഇരുണ്ട ആകാശത്തുനിന്ന്
ഓര്‍ക്കാപ്പുറത്ത്
ഒന്ന്,രണ്ട്,മൂന്നെന്ന്
തുള്ളികളായി തിമിര്‍ത്തു
മഴ
താഴെ
ഒഴുക്കു മറന്ന പുഴയെ
ചളിയില്‍ തലയൊളിപ്പിച്ച അതിലെ മീനിനെ
കരയിലെ കരുവാളിച്ചു കുമ്പിട്ട പൂവിനെ
മണ്ണിനെ എന്നല്ല
മുന്നറിവു നല്‍കാതെ
ഉച്ചസൂര്യനെപ്പോലും ഭ്രമിപ്പിച്ച്
ഉള്ളുലച്ച്
ചിതറിയാര്‍ത്തു
മഴ
ആ നേരം
പക്കത്തിരുന്ന ഒരു കാറ്റ്
തക്കത്തില്‍
മണ്‍വാസനയൂറ്റി
നനഞ്ഞുണര്‍ന്ന പുല്ലിനെയാട്ടി
അടങ്ങിയ പൊടിമണ്ണിനെ
വാടിയ പൂവിനെയൊക്കെയാട്ടി
വെയിലിനെയാട്ടി
ഉയരത്തിലേക്കു പാഞ്ഞു,
ദ്രുതഗതിയായി,മരം നോക്കി
ഇലകള്‍ നോക്കി
ചില്ല നോക്കി
കുളിര്‍ന്നു പാറുന്ന പക്ഷികളോടൊപ്പം
കാറ്റ്
പിന്നെ
ഒറ്റയ്ക്കു നില്‍ക്കുന്ന പേരില്ലാമരത്തില്‍
ചിറകൊതുക്കിയിരിപ്പായി
ചില്ലയില്‍,
ഇലകളില്‍
പേരുചൊല്ലാക്കിളികള്‍ക്കൊപ്പം
കാറ്റ്
അപ്പോള്‍
നനഞ്ഞ കാറ്റിന്‍റെ തണുപ്പിലാറാടിയും
ഇലയനക്കങ്ങളില്‍ ഇളകിയാടിയും
മഴയോടു കുറുക്കിപ്പാടിയും
പക്ഷികള്‍ക്കൊപ്പം
പക്ഷിയായിരിക്കാന്‍
നീ കൊതിക്കുന്നതെന്തേ എന്ന്
ഒരശരീരി
മിന്നലായി ഭൂമിയില്‍ പതിച്ചു.
ഞെട്ടിപ്പോയ അക്ഷരങ്ങള്‍
കിളികള്‍ക്കൊപ്പം പറന്നുയര്‍ന്നു
ചിറകടിച്ചുകൊണ്ട്
കവിതയായി.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....