Saturday, July 23, 2016

വിഷമവൃത്തം - എ സി ശ്രീഹരി

ഇടയ്ക്കൊന്നൂളിയിട്ടടിയില്‍ മുങ്ങിയും
കുതിച്ചുപൊങ്ങിയും കറങ്ങിയും നിന്നും
പിടച്ചു,മൊന്നുമേല്‍നിരപ്പില്‍ വന്നു വാ-
ലടിച്ചുനീന്തിയും സ്ഫടികഭാജന-
പ്രതലം മുത്തിയും തലകുത്തിനിന്നും
ഇടയ്ക്കൊരുപിടിയരി വിതറുമ്പോള്‍
തുടിച്ചടുത്തെത്തിത്തിടുക്കം കൊത്തിയും
ഒരുമണി വിഴുങ്ങുവാനതിനൊപ്പം
ഒരുകുടം വെള്ളം കുടിച്ചുവീര്‍ത്തു,മാ
ചെകിളപ്പൂ ചെറ്റൊന്നിളക്കിമിന്നിയും
പുറത്തുപോകുവാന്‍ വഴിയില്ലാതെയും
പുറത്തുപോവുകില്‍ പിടഞ്ഞൊടുങ്ങുമെ-
ന്നറിവില്ലാതെയു,മകത്തുനില്ക്കുകില്‍
ചലനമറ്റൊരീയഴുക്കുവെള്ളത്തില്‍
മരിപ്പതിനൊക്കുമിരിപ്പതുമെന്നു-
മറിവില്ലാതെയും കഴിഞ്ഞുകൂടുന്നു
പദാര്‍ത്ഥരൂപമായ്,വിഷമവൃത്തത്തില്‍
കുരുങ്ങിനില്‍ക്കുമീ നുറുങ്ങുജീവികള്‍.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....