Saturday, July 23, 2016

ഇര - എന്‍ എന്‍ കക്കാട്

അന്തിവിണ്ണിന്‍റെ നിരാലംബ-
പാടലനിശ്വാസവായ്പും കരഞ്ഞു
തളര്‍ന്ന കടലിന്‍റെയെകാന്തസാദവും
കൂട്ടില്‍ പിടയുന്ന ഭൂമിത-
ന്നിറ്റു ജീവന്‍റെ പകച്ച നോട്ടങ്ങളും-
വേട്ടയടുത്തുപോയ്.
ചക്രവാളത്തിന്‍റെ തൊണ്ടുട-
ച്ചാരാലുയിര്‍ക്കുമിരുട്ടിന്നൊടുങ്ങാപ്പശിയും
തിളങ്ങും ജിഘാംസതന്‍ ക്രൂരമാം വേര്‍പ്പിന്‍ കണങ്ങളും
വിടരുന്നു,വിരിയും ചിറകിന്‍ നിഴല്‍കളില്‍.
ഇനിയെത്ര നിമിഷങ്ങള്‍?
ഉണരാനുറങ്ങാന്‍ മിഴിക്കുവാന്‍ ചിമ്മുവാനാകാതെ
കണ്ണൊരനാവശ്യദുര്‍ഭരഭാരമാവുന്നു.
ഈയനിശ്ചിതത്വത്തി-
ന്നൊരായിരം മൃത്യുവേക്കാളും വലിപ്പം.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....