Saturday, July 23, 2016

അരയന്നത്തിനു പറ്റിയ അമളി - വെണ്മണി മഹന്‍ നമ്പൂതിരിപ്പാട്

പണ്ടൊരു കാലമൊരരയന്നത്തിനു
ചെണ്ടപിണഞ്ഞതു കേള്‍ക്കുവ,നുഴുതതു
കൊണ്ടഥ ചളി ബഹുചളുവളയായൊരു
കണ്ടത്തിന്‍റെ വരമ്പത്തനവധി
കൊറ്റികള്‍ ഞണ്ടും ഞവണിയുമീവക
പറ്റിയണഞ്ഞഥ കൊത്തിവിഴുങ്ങി-
ക്കൊറ്റു കഴിച്ചമരുമ്പൊളൊരന്നം
തെറ്റെന്നവിടെച്ചെന്നാനൊരുനാള്‍.
ഞാനൊരു ഹംസമതാണു വരുന്നതു
മാനസമതില്‍നിന്നെന്നുര ചെയ്തു.
ഊനമകന്നെന്തുള്ളതുമവിടെ-
ത്താനുരചെയ്കെന്നായി ബകങ്ങള്‍.
പൊന്‍താമരകളുമമൃതൊളിജലവും
ചന്തമൊടുണ്ടെന്നന്നം ചൊന്നാന്‍.
"അട്ടകളില്ലേ?ഞണ്ടില്ലേ?തേ-
രട്ടകളില്ലേ?ഞാഞ്ഞൂളില്ലേ?"
കിട്ടില്ലീവകയെന്നതിനുത്തര-
മൊട്ടും കൂസാതന്നം ചൊന്നാന്‍.
ഇത്തരമന്നം ചൊന്നതുകേട്ടു പെ-
രുത്തൊരു പരിഹാസത്തൊടു കൊറ്റിക-
ളൊത്തൊരുമിച്ചൊരു ഹീഹീരവമതു
സത്വരമവിടെ മുഴക്കിയുരച്ചാര്‍.
"എന്തിനുകൊള്ളാം നിന്നേ?നീ സുഖ-
മെന്തറിയുന്നിതു?വന്നൊരു വഴിയേ
ഹന്ത!തിരിച്ചു നടക്കുക.,നിന്നുടെ
ചന്തം കണ്ടാല്‍ ചതുരം തന്നെ!"
കൂട്ടത്തോടവരിങ്ങനെ കലശലു
കൂട്ടിക്കഠിനം കളഹംസത്തെ
ആട്ടിപ്പാച്ചുകളഞ്ഞൊരക്കഥ
കേട്ടിട്ടില്ലാത്താളുകളുണ്ടോ?
നിന്ദ്യന്മാരൊടു കൂടുകിലങ്ങനെ
വന്നിടുമമളി മിടുക്കന്മാര്‍ക്കും.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....