Saturday, July 23, 2016

കാത്തുശിക്ഷിക്കണേ - എം എസ് ബനേഷ്

കൈവിടാതെന്നുമെങ്ങളെ
കാത്തിടും ലോകദൈവമേ,
എന്നെയും അയല്‍പ്പകയേയും
ഉത്സുകം കാത്തുശിക്ഷിക്കണേ.
തീരാത്തര്‍ക്കങ്ങളാലെന്‍റെ
ഉള്ളം അവനാല്‍ നടുങ്ങുമ്പോള്‍
കിനാവള്ളി തന്‍ അതിര്‍ത്തിയാല്‍
താന്ത്രികം കാത്തുകൊല്ലണേ.
തീരാമഴയിലും ദാഹനീര്‍
കിട്ടാതെങ്ങള്‍ പൊരിയുമ്പോള്‍
ചായം തേച്ച കിനാനദിയെ
കുപ്പിയില്‍ തന്നുകൊള്ളണേ.
കടലില്‍ ഞങ്ങള്‍ നിന്‍ ജലം
ബഹിഷ്ക്കരിച്ചങ്ങെറിഞ്ഞാലും
കടയില്‍ നിന്നെ നിരത്തുവാന്‍
ഞങ്ങളെ കാത്തുശിക്ഷിക്കണേ.
എക്കലും ചളി ചെങ്കല്ലും
പൂഴിയും കരിയും ചേര്‍ന്ന
തൊലിത്തട്ടിനെ നീ നിത്യ-
സ്പര്‍ശത്താല്‍ കാത്തുകൊല്ലണേ.
അതില്‍ പൂക്കാന്‍ കൊതിക്കുന്ന
വിത്തിന്നൂര്‍ജ്ജത്തെ നീ നിന്‍റെ
തണുപ്പന്‍ വിസ്തൃതഗോളമാം
പത്തായത്തില്‍ വയ്ക്കണേ.
നിത്യം ഞങ്ങള്‍ക്കു നീ നല്ല
ചിന്ത,കര്‍മ്മം,കാമങ്ങള്‍
ഊണ്,പെണ്ണുങ്ങള്‍,നീതികള്‍
തന്നു കൂട്ടിലടയ്ക്കണേ.
പുഞ്ചിരി ഹാ കുലീനമാം കള്ളമെ-
ന്നാരുമില്ലാ പറയുവാനാകയാല്‍
നെഞ്ചരിച്ചു പിഴിഞ്ഞു നീ ഞങ്ങളെ
കാത്തുകൊല്ലണേ ലോകൈക ദൈവമേ.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....