Saturday, July 23, 2016

ഗ്രാമശ്രീകള്‍- കടത്തനാട്ട് മാധവിയമ്മ

നാണിച്ചു പോകുന്നു,നീളന്‍ കുട ചൂടി
ഞാനീ വരമ്പിന്‍ കൊതുമ്പില്‍ നില്ക്കെ,
ഏതൊരു വിശ്വവിദ്യാലയത്തിങ്കലെന്‍
സോദരിമാരേ,പഠിച്ചു നിങ്ങള്‍?
കൈവശമാക്കുവാനിക്കലാവൈഭവ-
മേതൊരദ്ധ്യാപകന്‍ കൂട്ടുനിന്നു?
കന്നിനെല്‍ക്കണ്ടമുഴുതുമറിക്കുന്നു.,
മണ്ണിന്‍ പുതുമണം പൊങ്ങിടുന്നു
ഉണ്ണിക്കതിരോന്‍റെ പൊന്‍നുകപ്പാടേറ്റു
വിണ്ണിന്‍ വിളിപ്പാടും ചോന്നിതല്ലോ!
അങ്ങേലുമിങ്ങേലും പെണ്ണുങ്ങള്‍ പാഞ്ഞെണീ-
റ്റന്യോന്യം ചൊല്ലിവിളിക്കയായീ
വേലിപ്പടര്‍പ്പിലെ പച്ചിലച്ചാര്‍ത്തിങ്ക-
ലോലക്കിളികള്‍ ചിലച്ചിടുന്നു.
ചെന്നിക്കല്‍ കെട്ടിച്ചെരിച്ചു നിറുത്തിയ
ചെമ്മേലും കുന്തളബന്ധങ്ങളില്‍
'തുമ്മാന്‍' ചെരുതിയുടുപുടത്തുമ്പുക-
ളൊന്നു മേലാക്കം കയറ്റിക്കുത്തി
കാലുപുതയും വരമ്പത്തെപ്പാഴ്ച്ചളി-
ത്താരയില്‍ത്താമരത്താര്‍ വിടര്‍ത്തി
വന്നു തുടങ്ങീ ജഘനഭരാലസ,
മന്ദഗമനകള്‍ ഗ്രാമശ്രീകള്‍.
നീലനിറത്തില്‍ കുളുര്‍ത്ത പൂമേനിയില്‍
സൂരകിരണത്തുടിപ്പുമേന്തി
നീളെ നിരന്നു, മനോഹരനീരദ-
മാലകളംബരകേദാരത്തില്‍!
മന്ദമുണര്‍ന്നു ദിഗന്തങ്ങള്‍ ,നേരിയ
മഞ്ഞുപോല്‍ പൂമഴയൊന്നു പാറി.,
പച്ചിലക്കൂട്ടവും പാടവും മാടവും
ചക്രവാളാന്തവുമെങ്ങുമെങ്ങും
ഒന്നു കുളിര്‍ന്നു നനഞ്ഞു ഹാ!യെന്തൊരു
സുന്ദരാലേഖ്യം നീ കേരളമേ!
കിക്കിളികൂട്ടിയുഴവുചാലില്‍ക്കൂടി
'പൊക്കിള' പൊന്തും വയല്‍ച്ചളിയില്‍
മന്ദമിറങ്ങി, നിരന്നു, നിലകൊണ്ടു
പെണ്ണുങ്ങള്‍ ,മണ്ണിന്നരുമമക്കള്‍,
കൈകള്‍ കിണഞ്ഞു പണികയായ് ഞാറിന്മേല്‍
കാല്‍കള്‍ ചളിയില്‍ കുതിക്കയായി
താഴെ ,വയലില്‍ ,നിരയായ് നിരയായി
നീലനിരാളം വിരിയുകയായ്.
വായുവില്‍,കേരള വീരാപദാനങ്ങ-
ളാലോലനര്‍ത്തനമാടുകയായ്!
സന്തതതൂലികാസാഹചര്യം കൊണ്ടു
നൊന്തു മരവിച്ച മല്‍ക്കരമേ!
മഞ്ജുളമിക്കലാസൃഷ്ടിക്കു മുമ്പിലാ-
യഞ്ജലിയര്‍പ്പിക്കു, ഭക്തിപൂര്‍വ്വം!
ചേര്‍ക്കുണ്ടില്‍ത്താഴ്ത്തുമീത്തൂവിരല്‍ത്തുമ്പത്രെ
നാട്ടിന്‍റെ നന്മകള്‍ നെയ്തെടുപ്പൂ!

6 comments:

  1. അഭിനന്ദനങ്ങൾ, ഇങ്ങനെ ഒരു ഉദ്യമത്തിന്, ഞാൻ ഒരു കവിത ആവശ്യ പെടുന്നു
    ആരുടെ കവിത എന്ന് ഓർമയില്ല. ചില വരികൾ ഇങ്ങനെ ആണ്
    "അപ്പാവം ജീവിച്ച നാൾ അവനെ തുണക്കത്തോർ, തൽ പ്രാണനെടുത്തപ്പോൾ --"
    ഇത് ഉണ്ടോ?

    ReplyDelete
    Replies
    1. അപ്പാവം ജീവിച്ച നാളവനെത്തുണക്കാഞ്ഞോര്‍

      തല്‍പ്രാണനെടുത്തപ്പോള്‍ താങ്ങുവാന്‍ മുതിര്‍നെത്തീ

      പെരിയോര്‍കളെപ്പോലെ ചെറിയോര്‍കളും മന്നില്‍

      മരണത്തിന്നു ശേഷം മാലോകര്‍ക്കിഷ്ടം ചേര്‍പ്പൂ

      മാവു വെട്ടുന്നൂ ചിലര്‍ വേലി തട്ടുന്നൂ ചിലര്‍

      ആവതും വിധവയെ ആശ്വസിപ്പൂ ചിലര്‍

      വിശ്രുതമയല്‍ പ്രഭുഗേഹത്തിന്‍ കാരുണ്യത്താല്‍

      കച്ച വാങ്ങുവാനുള്ള കാശുമങ്ങെത്തിച്ചേര്‍ന്നു

      Delete
    2. ഇടശ്ശേരിയുടെ കവിതയാണ്.

      അരിയുണ്ടെങ്കിലങ്ങോർ
      അന്തരിക്കുകില്ലല്ലോ

      എന്ന വരി ഓർമ്മയുണ്ട്.

      Delete
  2. പള്ളിക്കൂടത്തിൽ അന്നുപാടി മറന്ന ആവരികൾ വീണ്ടും ചൊല്ലുമ്പോഴുണ്ടാകുന്ന നിർവൃതി അനിർവാച്യം സൂപ്പി എകെ വാണിമേൽ

    ReplyDelete
  3. കൊതുമ്പ് എന്നതിന് ഇവിടെ യോജിച്ച അർഥം എന്താണ്?

    ReplyDelete
    Replies
    1. 'അഗ്രം, അറ്റം, തുമ്പ് എന്നൊക്കെ പറയാം. കൊതുമ്പ് പോലെ ദുർബലമായ വരമ്പു മാകാം.

      Delete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....