Saturday, July 23, 2016

ഞാന്‍,പുതുവര്‍ഷം - സച്ചിദാനന്ദന്‍

ഞാന്‍ പുതുവര്‍ഷം
ഓടയില്‍ പിറന്നവള്‍,
ചേരിയില്‍ വളര്‍ന്നവള്‍ ,
ചേറുകൊണ്ടു വാര്‍ക്കപ്പെട്ടവള്‍
നഗരത്തില്‍നിന്നു നഗരത്തിലേയ്ക്ക്
ആട്ടിപ്പായിക്കപ്പെട്ടവള്‍
തെരുവില്‍ മക്കളുടെ കണ്മുന്നില്‍വെച്ചു
മാനഭംഗം ചെയ്യപ്പെട്ടവള്‍
ഒരു കത്തിയുടെ ഇടിമിന്നലില്‍
വിധവയാക്കിയവള്‍
സോദരരുടെ ചോര
നിറുകയിലേറ്റുവാങ്ങിയവള്‍
ഓരോ മുഖച്ചുളിവിലും
വിഭജനത്തിന്‍റെ വടുക്കള്‍ പേറുന്നവള്‍
വെറുപ്പിന്‍റെ അമ്ലം കുടിച്ച്
തൊണ്ടയും പാട്ടും പൊള്ളിയവള്‍
ആളിക്കത്തുന്ന ഉടുപ്പും തട്ടവുമായി
അഭയംതേടി നിങ്ങളുടെ
വാതിലില്‍ മുട്ടുന്നവള്‍
ഞാന്‍,പുതുവര്‍ഷം
തകര്‍ക്കപ്പെട്ട പള്ളിയുടെ
അനാഥമായ വാങ്കുവിളി
എന്‍റെ ഓര്‍മ്മയില്‍
കഴുകുകള്‍ തിന്നുതീര്‍ത്ത ബുദ്ധന്‍
ഗര്‍ഭിണിയായി കാട്ടിലലയുന്ന
ത്യാഗരാജകീര്‍ത്തനം
കബീറിന്‍റെ മുതുകില്‍ പതിഞ്ഞ ചാട്ടവാര്‍
അടര്‍ക്കളങ്ങളുടെ പൊടിയില്‍
തകര്‍ന്നുവീണ നാനാക്കിന്‍റെ തംബുരു
ഗാന്ധി പാതിമാത്രം ഉച്ചരിച്ച
അവസാനത്തെ രാമനാമം
നിര്‍വേദത്തിന്‍റെ മണല്‍ക്കാട്ടില്‍
വറ്റിപ്പോയ മുക്തിധാരകളുടെ കുളം
രക്തപ്രളയത്തിന്‍റെ കരകാണാതെ
തളര്‍ന്നു തിരിച്ചെത്തുന്ന പക്ഷി
ഞാന്‍, പുതുവര്‍ഷം
രാത്രികള്‍ മാത്രമുള്ള കലണ്ടര്‍
മുലപ്പാലൂറുന്ന ശവം
വിരലറ്റുപോയ കവിത
ഭാഷയുടെ ഹേമന്തം.
ഞാന്‍ വരുന്നു,
ഉറങ്ങാത്ത കണ്ണുകളുമായി
എന്‍റെ പിറക്കാത്ത ചോരക്കുട്ടികളേ
ചോരവീഴാത്ത ഒരുതുണ്ടു ഭൂമിയില്‍
എന്‍റെ കബറൊരുക്കുക
കണ്ണീര്‍ വീഴാത്ത ഒരു പള്ളിയിലേയ്ക്ക്
എന്‍റെ മയ്യത്തെടുക്കുക
ആരും മരിക്കാത്ത ഒരു കഥയ്ക്കകത്ത്‌
എന്നെ കുഴിച്ചുമൂടുക

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....