Saturday, July 23, 2016

ഒളിവാള് - മുല്ലനേഴി

ദൂരെയൊരു താരകം മിന്നിനില്‍ക്കുമ്പോള്‍
നേരിന്‍റെ പാതയിലിരുട്ടു നിറയുമ്പോള്‍
ആടുന്ന നിമിഷങ്ങളെയുമ്മവെച്ചു ഞാ-
നലയുന്നു,വീഴുന്നു,താഴുന്നു പിന്നെയും.
പൊട്ടിച്ചിരിക്കുന്നു ചങ്ങലക്കണ്ണികള്‍
പൊയ്മുഖം വെച്ചു നിന്നാടുന്നു സൗഹൃദം.
രാത്രിയിലുറങ്ങുവാന്‍ പറ്റാത്ത ദു:സ്വപ്ന-
യാത്രകളിലൊന്നില്‍ പുനര്‍ജനിക്കുന്നു
ഞാന്‍.
ഉറയൂരിയുറയൂരിയെത്തുമ്പൊളോര്‍മയുടെ
മറവിയുടെയിടനാഴിയില്‍ക്കണ്ണുനീരുമായ്
നില്ക്കുന്ന നിഴലുകളതാരുടെ?ജീവിതം-
പൂക്കുന്നതും കാത്തുനിന്നുവോയിതുവരെ?
ഉള്ളില്‍ പഴുത്തൊലിക്കുന്നു വ്രണം,അതി-
ന്നുള്ള മരുന്നിലും മായം,കിനാവുകള്‍
ചാമ്പലാകുന്നു,ചുരുങ്ങുന്നു ഞാനെന്‍റെ
പാനപാത്രങ്ങളില്‍,പരിഹസിക്കുന്നവര്‍.
താണുനോക്കാന്‍ തല താഴാത്തവര്‍,അവര്‍
കാണുകില്ലല്ലോ മനസ്സിന്‍ മുറിവുകള്‍!
നഷ്ടപ്പെടുവാന്‍ വെറും ചങ്ങല,ഭൂമി-
കഷ്ടപ്പെടുന്നവര്‍ക്കുള്ളതത്രേ,നാലു-
ദിക്കുമതേറ്റു വാങ്ങുന്നു,മനുഷ്യന്‍റെ
ശക്തിയാമന്ത്രമോതുന്നു,കാലങ്ങളായ്
ശക്തനശക്തനെ വെല്ലുന്നു,പിന്നെയൊരു
ശാന്തിസന്ദേശം,സുഖം,സുന്ദരം,ജയം.
ദൂരെയൊരു താരകം മിന്നിനില്ക്കുന്നു
നേരിന്‍റെ പാതയിലിരുട്ടു പടരുന്നു
ഓര്‍മ്മകള്‍,കിനാവുകള്‍,
വര്‍ത്തമാനത്തിന്‍റെ
ഓരോ പടവിലുമൂര്‍ജ്ജം പകര്‍ന്നതും
കത്തുമാഗ്നേയമായ്പ്പാഞ്ഞതും,പുറകിലീ
കത്തിയാഴ്ന്നപ്പോള്‍ നിലയ്ക്കാതിരിക്കുമോ?
ചത്തുവീഴുമ്പോഴുമാത്മാര്‍ത്ഥതയെന്ന
സത്യമുയര്‍ത്തിപ്പിടിക്കാന്‍ കൊതിപ്പു ഞാന്‍.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....