Saturday, July 23, 2016

അവന്‍ - എന്‍.എന്‍.കക്കാട്

വീണ്ടുമെത്തുന്നു സ്വാതന്ത്ര്യോദയദിനം,കാലം
കൊണ്ടുമങ്ങിയ ജരാക്ലിഷ്ടമാം മിഴിയോടെ.
കൊടികളുയരുന്നു സൗധശൃംഗങ്ങള്‍ തോറും
നെടുങ്കന്‍ വാഗ്ധാരകള്‍ മൈക്കുകളിലും നീളെ.
ചിത്രവര്‍ണ്ണങ്ങള്‍ കലര്‍ന്നൊടുക്കം തെരുവിലൂ-
ടെത്രയോ നൂറ്റാണ്ടുകളോര്‍മ്മയായൊഴുകുന്നു.
ഒക്കെയും കണ്ടും പൊടിപറത്തിച്ചീറിപ്പായും
ചീര്‍ത്തവാഹനവ്യൂഹമൊഴിഞ്ഞു,മേകാകിയായ്.
ജരയാല്‍ ചുളിഞ്ഞേറെക്കൂന്നൊരു രൂപം,പുറ-
ത്തൊരു ഭാണ്ഡവും പേറി,പ്പതുക്കെ,വടികുത്തി,
മങ്ങിയ മിഴികളിലിടയ്ക്കു തീപ്പൂവുകള്‍
മിന്നിയും മാഞ്ഞും,തന്നില്‍ താനലിഞ്ഞലയുന്നൂ.
അവനില്ലത്രേ വീടുമുറ്റോരും,ഏതോ ദിക്കി-
ന്നവതാരംപോലെത്തും ,മറയുമേതോ ദിക്കില്‍!
എരിയും മലകളി,ലുറയും ഗ്രാമങ്ങളില്‍,
ഉരുകും പുരികളിലവനെക്കാണ്മോര്‍ നമ്മള്‍.
ഒന്നുമേ ചോദിക്കാറില്ലാരോടു,മാരില്‍ നിന്നു-
മൊന്നുമേ കേള്‍ക്കാറുമില്ലകളന്‍,നിരാകുലന്‍.
അറിവീലൊരാളുമാ നിര്‍വ്വികാരനെയെന്നാ-
ലറിവേനുള്‍ക്കണ്ണാല്‍ ഞാ,നവനെന്‍ നാടിന്‍ മൗനം.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....