Saturday, July 23, 2016

ദേശഭക്തിയെക്കുറിച്ച് ചില വരികള്‍ - റഫീക്ക് അഹമ്മദ്

അതിര്‍ത്തിയിലെ പക്ഷികള്‍
വലിയ കുഴപ്പക്കാരാണ്.
ഒരു വകതിരിവുമില്ലാതെ
അങ്ങോട്ടും ഇങ്ങോട്ടും പാറിക്കൊണ്ടിരിക്കും
ഒന്നിനു നേരെ ഉന്നം പിടിക്കുമ്പോഴേക്കും
അതിന്‍റെ പൗരത്വം മാറും.
യുദ്ധം ജയിച്ച ശേഷം
അതിര്‍ത്തിയില്‍ എത്തി.
വിജയാഘോഷത്തില്‍ പങ്കെടുത്തു.
എന്‍റെ ദേശസ്നേഹത്തിന്‍റെ വിസ്തീര്‍ണ്ണം
ഇരുപത്തിനാലേമുക്കാല്‍
ചതുരശ്രകിലോമീറ്റര്‍ കൂടി
വര്‍ദ്ധിച്ചിരിക്കുന്നു.
ഈ രാജ്യത്തില്‍ നിന്ന് വേറിടാന്‍
ചില ക്ഷുദ്രശക്തികള്‍ പൊരുതുന്നുണ്ട്.
ജയിച്ചാല്‍ അവ ശത്രുരാജ്യങ്ങളാവും
ദേശസ്നേഹത്തിന്‍റെ ഗണിതം
എത്ര അവ്യവസ്ഥിതം.
എന്‍റെ സുഖനിദ്രക്കായി
തണുത്തുറഞ്ഞ ഹിമമുടികളിലോ
ചുട്ടുപൊള്ളുന്ന മരുഭൂമികളിലോ
കാവല്‍ നില്‍ക്കുന്നവനേ
നിന്‍റെ ബയണറ്റിന്‍റെ മുന
എന്നിലേക്ക് തിരിയില്ലെന്ന്
ഉറപ്പു തരാമോ
ഒന്ന് ഉറങ്ങാനാ.
ആത്മഹത്യ ചെയ്ത കര്‍ഷകര്‍
പാതിരാവിന്‍റെ നിശ്ശബ്ദതയില്‍
കൊയ്ത്തോര്‍മ്മയില്‍
നൃത്തം ചവിട്ടുകയായിരുന്നു.
അന്നേരം അകലെ നിന്ന് ദേശീയഗാനം കേട്ടു
പ്രേതങ്ങള്‍ പൊടുന്നനെ അറ്റന്‍ഷനായി.
അരുത്-പ്രേതമൂപ്പന്‍ പറഞ്ഞു
നമ്മള്‍ മരിച്ചവരാണ്
മരിച്ച ജനതയുടെ ഗാനമാണതെന്ന്
വരുത്തിത്തീര്‍ക്കരുത്.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....