Thursday, March 24, 2016

ആത്മാവില്‍ ഒരു ചിത - വയലാര്‍

അച്ഛനുറങ്ങികിടക്കുന്നു നിശ്ചലം;
നിശബ്ദതപോലുമന്നു നിശബ്ദമായ്..
വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി
നിന്നുപോയ് ഞാന്ന് നിഴലുകള്‍ മാതിരി
ഇത്തിരി ചാണകം തേച്ച വെറും
നിലത്തച്ഛനുറങ്ങാന്‍ കിടന്നതെന്തിങ്ങനെ
വീടിനകത്തു കരഞ്ഞുതളര്‍ന്നമ്മ
വീണുപോയ് നേരം വെളുത്ത നേരം മുതല്‍
വാരിയെടുത്തെന്നെയുമ്മവെച്ചമ്മയെന്നൊരോന്നു
ചൊല്ലി കരഞ്ഞതോര്‍ക്കുന്നു ഞാന്‍
നൊമ്പരം കൊണ്ടു വിതുമ്പി ഞാന്‍
എന്‍ കളി പമ്പരം കാണാതിരുന്നതുകാരണം
വന്നവര്‍ വന്നവര്‍ എന്നെ നോക്കികൊണ്ടു
നെടുവീര്‍പ്പിടുന്നതെങ്ങിനെ..
ഒന്നുമെനിയ്ക്കു മനസ്സിലായില്ല
അച്ഛനിന്നുണരാത്തതും ഉമ്മതരാത്തതും
ഒച്ചയുണ്ടാക്കുവാന്‍ പാടില്ല
ഞാന്‍ എന്റെ അച്ഛനുറങ്ങി ഉണര്‍ന്നെണീയ്ക്കുന്നതും വരെ
പച്ചപ്പിലാവില തൊപ്പിയും വെച്ചുകൊണ്ടച്ഛന്റെ
കണ്‍പീലി മെല്ലെ തുറന്നു ഞാന്‍
പെയ്തുതോരാത്ത മിഴികളുമായ്
എന്റെ കൈതട്ടിമാറ്റി പതുക്കെയെന്‍ മാതുലന്‍
എന്നെയൊരാള്‍വന്നെടുത്തു തോളത്തിട്ടു കൊണ്ട് പോയ്
കണ്ണീര്‍ അയാളിലും കണ്ടു ഞാന്‍
എന്തുകൊണ്ടാണച്ഛനിന്നുണരാത്തതെന്നെ-
ന്നെയെടുത്തയാളോടു ചോദിച്ചു ഞാന്‍
കുഞ്ഞിന്റെയച്ഛന്‍ മരിച്ചുപോയെന്നയാള്‍
നെഞ്ഞകം പിന്നിപറഞ്ഞു മറുപടി
ഏതാണ്ടപകടമാണെന്നച്ഛനെന്നോര്‍ത്ത്
വേദനപ്പെട്ട ഞാനൊന്നൊശ്വസിച്ചുപോയ്
ആലപ്പുഴയ്ക്കു പോയെന്നു കേള്‍ക്കുന്നതു പോലൊരു
തോന്നലാണുണ്ടായതപ്പൊഴും
ആലപ്പുഴയ്ക്ക് പോയി വന്നാലെനിക്കച്‍ഛനോറഞ്ചു
കൊണ്ടത്തരാറുള്ളതോര്‍ത്തു ഞാന്‍
അച്ഛന്‍ മരിച്ചതേയുള്ളൂ
മരിക്കുന്നതത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാന്‍
എന്നിട്ടുമെന്നിട്ടുമങ്ങേ മുറിയ്ക്കക
ത്തെന്തിനാണമ്മ കരയുന്നതിപ്പോഴും?
ചാരത്തു ചെന്നു ഞാന്‍ ചോദിച്ചിതമ്മയോ-
ടാരാണു കൊണ്ടെകളഞ്ഞതെന്‍  പമ്പരം
കെട്ടിപ്പിടിച്ചമ്മ പൊട്ടിക്കരഞ്ഞുപോയ്
കുട്ടനെയിട്ടേച്ചു പോയതെന്തിങ്ങനെ.?
അച്ഛനുണ്ടപ്പുറത്തിത്തിരിമുന്‍പുഞാന്‍
അച്ഛനെ കണ്ടതാണുത്തരം നല്‍കി ഞാന്‍
അമ്മ പറഞ്ഞു, മകനേ നമുക്കിനി
നമ്മളെയുള്ളൂ നിന്നച്ഛന്‍ മരിച്ചുപോയ്


വെള്ളമൊഴിച്ചു കുളിപ്പിച്ചൊരാള്‍
പിന്നെ വെള്ളമുണ്ടിട്ട് പുതപ്പിച്ചിതച്ഛനെ
താങ്ങി പുറത്തേയ്ക്കെടുത്തു രണ്ടാളുകള്‍
ഞാന്‍ കണ്ടു നിന്നു കരയുന്നു കാണികള്‍
അമ്മ ബോധം കെട്ടു വീണുപോയി
തൊട്ടടുത്തങ്ങേ പറമ്പില്‍ ചിതാഗ്നിതന്‍ ജ്വാലകള്‍
ആ ചിതാഗ്നിയ്ക്ക് വലം വെച്ചു ഞാ-
നെന്തിനച്ഛനെ തീയില്‍ കിടത്തുന്നു നാട്ടുകാര്‍
ഒന്നും മനസ്സിലായില്ലെനിയ്ക്കപ്പോഴും
ചന്ദനപമ്പരം തേടി നടന്നു ഞാന്‍
ഇത്തിരി കൂടി വളര്‍ന്നു ഞാന്‍
ആരംഗം ഇപ്പോഴോര്‍ക്കുമ്പോള്‍ നടുങ്ങുന്നു മാനസം
എന്നന്തരാത്മാവിനുള്ളിലെ തീയില്‍
വെച്ചിന്നുമെന്നോര്‍മ്മ ദഹിപ്പിയ്ക്കുമച്ചനെ..!

1 comment:

  1. Parayaan vakkukal illa atrakku upakaara pradam aanu ee blog ..kavithale ishtapedunnavar ivide kshanithaakal aayi varum.. iniyum orupaadu varaanundu ...

    ReplyDelete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....