Friday, March 11, 2016

മൃഗജഡം - ഷാള്‍സ് ബോദ്‌ലെയ്

വിവർത്തനം: ബാലചന്ദ്രൻ ചുള്ളിക്കാട്


ഓമനേ, സുന്ദരഗ്രീഷ്മപ്രഭാതത്തിൽ

നാമൊരുമിച്ചു നടക്കുന്ന വേളയിൽ

ഏതോ മൃഗത്തിന്റെ ചീഞ്ഞ ജഡം ചരൽ‌-

പ്പാതയോരത്തു നാം കണ്ടതോർക്കുന്നുവോ,



കാലുപൊക്കിക്കിടക്കുന്ന കാമാർത്തയെ-

പ്പോലെയെരിഞ്ഞും, വിഷം വിയർത്തും, കെട്ട

വായു കുമിഞ്ഞ പെരുവയർ ലോകത്തെ

നാണവും മാനവുമില്ലാതെ കാട്ടിയും.



വിശ്വപ്രകൃതിയൊരിക്കലീ ജീവിയെ

സൃഷ്ടിക്കുവാൻ തീർത്ത മൂലക സഞ്ചയം

നൂറുമടങ്ങായ്ത്തിരിച്ചുകൊടുക്കുവാൻ

പാകത്തിനൊത്തു പചിക്കുന്നതായിടാം

ആ ജീർണ്ണതയ്ക്കുമേൽ മാനത്തുനിന്നൽ‌പ്പ -

താപം ചൊരിഞ്ഞു പ്രകാശിച്ചു സൂര്യനും.



പൂർണ്ണത പ്രപിച്ച ജീർണ്ണതയാലൊരു

പൂപോലെ പൊട്ടിവിടരും ജഡത്തിനെ

പൂവിനെയെന്നപോൽ നോക്കുന്നു യാതൊരു

ഭാവവും കൂടാതെ ദൂരനീലാംബരം.

ഉഗ്ര ദുർഗ്ഗന്ധം സഹിക്കാതെയന്നു നീ

പുൽത്തട്ടിൽ മൂർഛിച്ചുവീഴുമെന്നോർത്തുപോയ്.



കെട്ടഴുകുന്ന വയറ്റിന്റെ ചുറ്റിലും

പറ്റമായ് മൂളിപ്പറക്കയാണീച്ചകൾ.

പൊട്ടിയൊലിച്ചൂ തൊലിക്കിടയിൽനിന്നു

കുഷ്ഠരക്തം‌പോൽ കരിം‌പുഴുക്കൂട്ടങ്ങൾ.



ആകെയിരമ്പുകയാണിവയൊക്കെയും

ആഴിത്തിരപോലെ മുങ്ങിയും പൊങ്ങിയും.

ചത്തതില്ലെന്നോർത്തുപോകും! അവ്യക്തമാം

ശ്വാസത്തിൽ വീർത്തുപൊട്ടിപ്പെരുകും ജഡം.



കാറ്റിനും, കാട്ടുചോലയ്ക്കും, മുറം‌കൊണ്ടു

ചേറ്റിപ്പതിരൊഴിക്കുന്ന താളത്തിനും

ഓരോ തനതു സംഗീതമുണ്ടെങ്കിലി -

ന്നീ ജീർണ്ണതയ്ക്കുണ്ടതിന്റെ സംഗീതിക.



രൂപമേ മാഞ്ഞും, കിനാവെന്നപോലെയും,

ഏകാന്തവിസ്മൃതചിത്രപടംതന്നി -

ലേതോ കലാകാരനോർമ്മയിൽനിന്നൊരു

രേഖാന്തചിത്രം വരച്ചപോലീജഡം.



അപ്പുറം പാറയ്ക്കുപിന്നിലായ്ക്കണ്ടുവോ

ക്രുദ്ധനേത്രങ്ങളാൽ നമ്മെ നോക്കിക്കൊണ്ടു,

ചത്തമൃഗത്തിന്റെ ബാക്കിഭാഗം തിന്നു

തീർക്കുവാൻ കാത്തുനിൽക്കുന്ന പെൺപട്ടിയെ?



എന്റെ മാലാഖേ, പ്രണയമേ, കൺകൾതൻ

തങ്ക നക്ഷത്രമേ,ആത്മപ്രകാശമേ,

നീയുമിതേപോലെ ചീഞ്ഞഴുകും നാളെ

നീയുമിതേപോലെ നാറിപ്പുഴുത്തുപോം.



എന്തു ഭയംകരം! ഇവ്വിധം‌തന്നെയാം

സൌന്ദര്യദേവതേ നിന്നന്ത്യരംഗവും.

അന്ത്യശുശ്രൂഷകഴിഞ്ഞിട്ടു,പുഷ്പിച്ച

പൊന്തപ്പടർപ്പിനും പുല്ലിനും താഴത്തെ

മണ്ണിന്നടിയിൽക്കിടന്നഴുകും നിന്നെ

ഉമ്മവെച്ചുണ്ണും പുഴുക്കളോടൊക്കെയും

ഇന്നഴുകിപ്പോയൊരിപ്രണയത്തിന്റെ

പൂർണ്ണസ്വരൂപവും ദിവ്യചൈതന്യവും

എന്നുള്ളിലെന്നേക്കുമായി ഞാൻ സൂക്ഷിക്കു -

മെന്ന രഹസ്യം പറഞ്ഞു കൊടുക്കണേ.

------------------------------

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....