Friday, March 11, 2016

വൃദ്ധന്‍ - ജോര്‍ജ്ജ് സെഫെരിസ്

തർജ്ജമ: ബാലചന്ദ്രൻ ചുള്ളിക്കാട്

ആൾക്കൂട്ടങ്ങൾ കടന്നുപോയി.
അശ്വാരൂഢരായ ആഢ്യന്മാരും
അഗതികളും കടന്നുപോയി.
വിദൂരഗ്രാമങ്ങളിൽനിന്നുള്ള സഞ്ചാരികൾ
രാത്രികാലങ്ങളിൽ ചെന്നായ്ക്കളെ ഓടിക്കാൻ
പാതയോരത്തു തീ കൂട്ടി.
ചാരം കാണുന്നില്ലേ?
വ്രണം കരിഞ്ഞപോലെ
തീയണഞ്ഞ വടു.


അയാൾ
വടുക്കൾ നിറഞ്ഞ പെരും‌പാതപോലെ.
പാതയോരത്തെ വറ്റിപ്പോയ കിണറ്റിൽ
വഴിപോക്കർ ഭ്രാന്തൻ‌നായ്ക്കളെ തള്ളിയിട്ടു.

അയാൾക്കു കണ്ണില്ല.
വടുക്കൾ മൂടിയ മനുഷ്യൻ.
അയാൾക്കു വെളിച്ചമുണ്ട്; കാറ്റുവീശുന്നുണ്ട്.
അയാൾ ഒന്നും വേർ‌തിരിച്ചറിയുന്നില്ല,
എങ്കിലും എല്ലാം അറിയുന്നുണ്ട് .
പൊള്ളമരത്തിലെ ചീവീടിന്റെ ഉണക്കത്തൊണ്ട്.

അയാൾക്കു കണ്ണില്ല; കൈകൊണ്ടും കാണുന്നില്ല.
അയാൾ ഉദയാസ്തമയങ്ങളെ അറിയുന്നു,
നക്ഷത്രങ്ങളെ അറിയുന്നു.
പക്ഷേ അവയുടെ ജീവരക്തം അയാളെ പോഷിപ്പിക്കുന്നില്ല.

അയാൾ മരിച്ചിട്ടില്ല.
അയാൾക്കു വംശമില്ല.
അയാൾ മരിക്കയുമില്ല.
എല്ലവരും അയാളെ ചുമ്മാ അങ്ങു മറക്കും.
അയാൾക്കു പൂർവ്വികരില്ല.

കാറ്റ് ഇരുണ്ടുവീശുമ്പോൾ
അയാളുടെ ക്ഷീണിച്ച നഖമുനകൾ
അഴുകിയ ഓർമ്മകൾക്കുമേൽ കുരിശുവരയ്ക്കുന്നു.
മഞ്ഞുവീഴുന്നു.

ഞാൻ കണ്ടു, മുഖങ്ങളെ ചൂഴ്ന്ന ഉറമഞ്ഞ്.
ഞാൻ കണ്ടു,നനവാർന്ന ചുണ്ടുകൾ.
കൺകോണിൽ ഉറഞ്ഞുപോയ കണ്ണുനീർ.
നാസാദ്വാരങ്ങൾക്കരികിൽ വേദനയുടെ നീലരേഖ.
കൈമുട്ടിലെ ക്ലേശം.
ഞാൻ കണ്ടു: ശരീരം അതിന്റെ അന്ത്യത്തിലെത്തിയിരിക്കുന്നു.


അയാൾ ഒറ്റയ്ക്കല്ല.
വളയാത്ത ഉണക്കവടിയിൽ തങ്ങിനിൽക്കുന്ന നിഴൽ.
നിലത്തുകിടക്കാൻ അയാൾ കുനിയുന്നില്ല;അതിനു കഴിയുന്നില്ല.
കുഞ്ഞുങ്ങളുടെ കയ്യിലെ കളിപ്പാട്ടങ്ങൾപോലെ
ഉറക്കം അയാളുടെ സന്ധിബന്ധങ്ങളെ ചിതറിക്കും.

അയാൾ ആജ്ഞാപിക്കുന്നു;
രാത്രി വന്നെത്തുമ്പോൾ,
മലയിടുക്കുകളിൽ കാറ്റുണരുമ്പോൾ,
ഉണക്കമരക്കൊമ്പുകൾ പൊടുപൊടെ പൊട്ടും‌പോലെ.

നിഴലിലെ മനുഷ്യരോടല്ല,
മനുഷ്യന്റെ നിഴലിനോടാണ് അയാളുടെ ആജ്ഞ.
അയാൾ കേൾക്കുന്നത്
കടലിന്റെയും കരയുടെയും ക്ഷീണനാദം കലർന്ന
വിധിയുടെ മുരൾച്ച മാത്രം.

തീരത്തു നിവർന്നുനിൽക്കുകയാണയാൾ.
അസ്ഥിഖണ്ഡങ്ങൾക്കിടയിൽ.
കൊഴിഞ്ഞുവീണ മഞ്ഞയിലകൾക്കിടയിൽ.

അഗ്നിമുഹൂർത്തം കാത്തുനിൽക്കുന്ന
ശൂന്യപഞ്ജരം!
---------------------

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....