Wednesday, March 30, 2016

ബാധ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

1

ബൈക്കപകടം പുതുമയല്ല.
തലതകര്‍ന്നുമരണം പുതുമയല്ല.
അനുശോചനയോഗം പുതുമയല്ല,
നിന്റെ അടക്കം കഴിഞ്ഞ്
ഞങ്ങള്‍ കൂട്ടുകാര്‍
ഇതാ പിരിഞ്ഞുപോകുന്നു.

ഓള്‍ഡ് മങ്ക് സായാഹ്നങ്ങള്‍ക്കു വിട.
മാച്ചിസ്മൊ വേഗങ്ങള്‍ക്കുവിട.
പെട്രോളിന്റെ ഗന്ധമുള്ള
വിയര്‍പ്പുതുള്ളികള്‍ക്ക് വിട.

ഇനിയുള്ളകാലം
നിന്‍റെ മാംസത്തോട്
പച്ചമണ്ണുസംസാരിക്കും.
അന്തിമകാഹളം കേള്‍ക്കുവോളം
നിനക്കു വിശ്രമം.

ഈ നൂറ്റാണ്ടിന്റെ മേല്‍
അടുത്ത നൂറ്റാണ്ടു വന്നു വീഴുന്ന ഭാരിച്ച ശബ്ദം
നിന്നെ ഉണര്‍ത്താതിരിക്കട്ടെ.

2

ഞാന്‍ മറ്റാരുമല്ല.
രാത്രിയില്‍ മദ്യശാലയില്‍
വൈകി എത്തുന്ന പതിവുകാരന്‍.
ഇന്നത്തെ ഏകാകി.
എനിക്കെതിരെയുള്ള കസേരയില്‍
ഇന്നലെ ഈ സമയത്തു നീ ഉണ്ടായിരുന്നു.
ഇന്നവിടെ ശൂന്യതമാത്രം.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....