Friday, March 18, 2016

ഒറ്റയ്ക്ക് – സുഗതകുമാരി

ഒറ്റയ്ക്കിരിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ
കുറ്റിരുട്ടിൽ, കൊടുങ്കാട്ടി,ലെന്റേതാകു-
മൊറ്റമരത്തിൻ ചുവട്ടിൽ, പുറകിലൂ-
ടെത്തുന്ന പാമ്പിനെ,ക്കാട്ടാളനെ,ബ്ഭയം
ചെറ്റുമില്ലാതെ,യുറക്കെക്കരയാതെ-
യൊറ്റയ്ക്കിരിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കിതിലേ നടക്കാൻ പഠിച്ചു ഞാൻ,
ശക്തമാം നിൻവലം കയ്യിൽ പിടിക്കാതെ,
ദുർഘടമീ വഴിത്താരയിലൂടവേ,
ലക്ഷ്യമില്ലാതെ, കുനിഞ്ഞ ശിരസ്സുമായ്,
ഒറ്റയ്ക്കു പോകാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കു പാടാൻ പഠിച്ചു കഴിഞ്ഞു ഞാൻ
ഒപ്പം ചിരിച്ചു കൊണ്ടേറ്റു പാടാൻ കൂട്ടി-
നാരുമില്ലാതെയാർക്കും വേണ്ടിയല്ലാതെ-
യേതോ ബധിരത തൻ മുന്നിലേകമാം
ശബ്ദമായ് നിന്നു, വിറയ്ക്കാത്ത കണ്ഠമാർ-
ന്നൊറ്റയ്ക്കു പാടാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കുറങ്ങാൻ പഠിച്ചു കഴിഞ്ഞു ഞാൻ,
സ്വപ്നങ്ങളില്ലാതെ, കണ്ണുനീരില്ലാതെ-
യർദ്ധരാത്രിക്കു നടുങ്ങിയുണർന്നു നിൻ
ഹസ്തമുപധാനമാക്കാതെ, തോഴനാ-
മൊറ്റയുറക്കഗുളികതൻ ചുംബന
മുദ്രയെൻ ചുട്ട നെറുകയിലേറ്റു കൊ-
ണ്ടൊറ്റയ്ക്കുറങ്ങാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കു വീണു മരിക്കാൻ പഠിച്ചു ഞാൻ,
ചുറ്റിലും രോദനമില്ലാതെ, നിൻ മടി-
ത്തട്ടിലല്ലാതെ, നിൻ പൊന്നു കയ്യാലെയൊ-
രിറ്റു ജലം നുകരാതെ, നിൻ കണ്ണിലെൻ
ദൃഷ്ടി ചേർക്കാതെ, ഹാ! യാത്ര ചോദിക്കാതെ,
ഒറ്റയ്ക്കു വീണു മരിക്കാൻ പഠിച്ചു ഞാൻ.

6 comments:

  1. ഏത് കവിതാ സമാഹാരത്തിലേതാണ് എന്ന് കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

    ReplyDelete
  2. നല്ല കവിത ലിറിക്‌സ് ഉള്ളതുകൊണ്ട് എളുപ്പത്തിൽ ചൊല്ലാൻ പറ്റി

    ReplyDelete
  3. കവിതപോലെ തന്നെ ജീവിതം

    ReplyDelete
  4. കവിതയുടെ ആന്ദരികമായ ആശയം ഉൾകൊള്ളിക്കുവായിരുന്നേൽ നന്നായിരുന്നു

    ReplyDelete
  5. nnnnnnnnnnnn n, l jbg78f rtcgfs32etgvgyd

    ReplyDelete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....