1
പോയ്ക്കഴിഞ്ഞാല്
ഒരിക്കല്‍ ഞാന്‍ തിരിച്ചു വരും
നിങ്ങള്‍ അത്താഴത്തിന്നിരിക്കുമ്പോള്‍
എന്നെ കാണും,കിണ്ണത്തിന്‍ വക്കിലെ ഉപ്പു തരിയായി
നോട്ടു പുസ്തകം തുറക്കുമ്പോള്‍ കാണും
ഉണങ്ങിയിട്ടും മണം വിടാത്ത കൈതപ്പൂവായി .
വെറ്റിലയില്‍ ഞാന്‍ ഞരമ്പാകും
കുന്നിമണിയുടെ കറുപ്പാകും
ചെമ്പരത്തിയുടെ കേസരമാകും
പനിക്കൂര്‍ക്കയുടെ ചവര്‍പ്പാകും
കാന്താരിയുടെ എരിവാകും
കാക്കയുടെ കറുപ്പാകും
കലമാനിന്റെ കുതിപ്പാകും
പുഴയുടെ വളവാകും
കടലിന്‍റെ ആഴമാകും ഞാന്‍ .
സൂര്യനാവില്ല ഞാന്‍
ചന്ദ്രനോ ചക്രവാളമോ ആവില്ല
താമരയും മയില്‍പ്പീലിയുമാവില്ല
അക്ഷരമാവും ഞാന്‍
ഓരോ തലമുറയുടേയും കൂടെ
വീണ്ടും ജനിക്കുന്ന അക്ഷരം
രക്തമാവും ഞാന്‍
കൊല്ലപ്പെട്ട നീതിമാന്‍റെ
മരിച്ചാലും കട്ടിയാകാത്ത രക്തം .
മഴയാവും ഞാന്‍
എല്ലാം വിശുദ്ധമാക്കുന്ന
അവസാനത്തെ മഴ
2
പോയ്ക്കഴിഞ്ഞാല്‍ ഞാന്‍
ഒരിക്കല്‍ തിരിച്ചു വരും
വന്നു വാതിലില്‍ മുട്ടും
ഏഴുവരിക്കവിതയില്‍
ഒരു വരി ചേര്‍ത്ത് മുഴുമിപ്പിക്കുവാന്‍
മുറ്റത്തെ കാശിത്തുമ്പയില്‍
ഒടുവില്‍ വിരിഞ്ഞ പൂവിനു ഏതു നിറമെന്നറിയാന്‍
അധികാരം കൊന്ന തരുണന്റെ ജഡം
മറവിയുടെ ഏതാഴത്തിലെന്നറിയാന്‍
തടവറയിലേക്കയച്ചു മടങ്ങി വന്ന കത്ത്
ശരിയായ വിലാസത്തില്‍ വീണ്ടുമയയ്ക്കാന്‍
പാതി വായിച്ച നോവലിലെ നായകന്‍ ഒടുവില്‍
തട്ടിക്കൊണ്ടു പോകപ്പെട്ട അച്ഛനമ്മമാരേ
കണ്ടെത്തിയോ എന്നറിയാന്‍
തിരിച്ചു വരും
നാട്ടു വര്‍ത്തമാനങ്ങളിലേക്കും
ഉത്സവ മേളങ്ങളിലേക്കും
പഴയ കിളിക്കൊഞ്ചലുകളിലേക്കും
ആര്‍ക്കറിയാം
ജീവിതത്തിലേക്കു തന്നെ.....
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....