Monday, March 7, 2016

യാത്രാമൊഴി - ബാലചന്ദ്രന്‍ ചുള്ളിക്കാട്

പുലരുവാനേഴര രാവേയുള്ളു
പൂങ്കോഴി കൂവിക്കഴിഞ്ഞേയുള്ളു
കണ്ണീരിൽ മുങ്ങിക്കുളി കഴിഞ്ഞ്
വെണ്ണീറുകൊണ്ട്  കുറിവരച്ച്
ദുരിതം കൊണ്ടൊരു നിറപറ നിറച്ച്
കൂളക്കുടുക്കയെറിഞ്ഞുടച്ച്
താളത്തിൽ മൂന്നു വലത്തുവെച്ച്
ഇല വാട്ടി ദുഃഖം പൊതിഞ്ഞുകെട്ടി
മാറാപ്പിൽ സ്വപ്നം നിറച്ചുകെട്ടി
ഏഴരക്കമ്പുള്ള വടിയെടുത്ത്
ഏഴരക്കമ്പുള്ള കുടയെടുത്ത്, വ്യഥ
വെച്ചുണ്ണാൻ ചിറ്റുരുളിയൊന്നെടുത്ത്
ഇടങ്കാലുവെച്ചു പടികടന്നേ
ഇടനെഞ്ചു പൊട്ടിത്തിരിഞ്ഞു നിന്നേ
അമ്മേ...
പിൻവിളി വിളിക്കാതെ,
മുടിനാരുകൊണ്ടെന്റെ കഴലു കെട്ടാതെ
പടി പാതി ചാരിത്തിരിച്ചു പോക
തെളിയുന്നതില്ല നിറ-
മിഴിയിലൊരു വഴിയും
ഒഴിയുന്നതില്ലിഴഞ്ഞീ രാഹുകാലം
പാപശാപങ്ങൾ കടുംമഞ്ഞൾക്കളം വര-
ച്ചാടിയിരുളാണ്ടൊരെൻ കർമപഥങ്ങളിൽ
താലം പൊലിക്ക മൃതിനാദങ്ങളേ, തിരികൾ
നീളെത്തെളിക്ക ശിവഭൂതങ്ങളേ
കാൺക
എന്റെ തളർന്ന വലങ്കയ്യിലെ ക്ലാവു
മൊന്തയിൽക്കണ്ണുനീരിറ്റുപോൽ ജീവിതവും,
എന്തിനതിലലിയുമൊരു നക്ഷത്രരശ്മിതൻ
പുഞ്ചിരിപ്പാടും കഴിഞ്ഞു കഴിഞ്ഞു പ-
ണ്ടേതോ തുലാവരിഷ രാവിന്റെ മച്ചറയി-
ലേകാന്ത മാത്രയിലൊരാഗ്നേയ നിർവൃതി
നുണഞ്ഞതിനു ശിക്ഷയായ്പ്പെങ്ങളേ, യന്നു നീ-
യുള്ളിൽ മുളകൊള്ളും തുടിപ്പും ഞരമ്പുകളി-
ലുന്നിദ്രമാളുന്ന നോവുമായാറിന്റെ
നെഞ്ചകം കീറിപിളർന്നു മറകൊണ്ടതും
ഒരീറൻനിലാവു മിഴിപൊത്തിക്കരഞ്ഞതും
ആരോർക്കുവാനിനി?
അമ്മേ, ഇതും കാൺക
എന്നേ കളിവിളക്കിന്നൊളി കെട്ടുപോയീയരങ്ങത്ത്
എന്നേ ഋതുക്കൾ തൻ കാൽച്ചിലമ്പൊച്ചക-
ളൊഴിഞ്ഞുപോയീയരങ്ങത്ത്
പാതിരാ തോറും
പകലറുതി തോറും
നാകശുകകാകളി കഴിഞ്ഞു
രാമായണം പായിൽ തെറുത്തേ
സീതാദുഃഖമുള്ളിൽക്കടഞ്ഞേ
ഇമകളിലുറക്കം കടിച്ചേ കാണികൾ പിരിഞ്ഞു
ആളുമാളും വെളിച്ചവുമണഞ്ഞ കൂത്തമ്പലം
മൂന്നാം പദം പാടിയാടുന്ന മൂകത മാത്രം
മനസ്സിന്റെ തട്ടിൻപുറങ്ങളിരുട്ടിൻ ശവച്ചെണ്ട
കൊട്ടിയുറയുന്നു, ബലിച്ചോറിനായ് വരൾ
ക്കൊക്കു പിളരുന്നു, വിലങ്ങിട്ട കയ്യുകൾ
കിലുക്കിയലറുന്നു പിതൃക്കൾ
ഇത്തട്ടകം
നിൽക്കുവാൻ വയ്യാതെ പൊള്ളുന്നു പൊള്ളുന്നു
കത്തുന്ന പട്ടടയിലച്ഛന്റെ ചങ്കിലിടി
വെട്ടുന്ന പൊട്ടലിലുടൽക്കെട്ടു പൊട്ടി, മിഴി
രക്തം ചുരത്തിനിലകൊള്ളുന്നൊരമ്മേ
കഴുത്തിൽക്കൈകൾ
ചുറ്റിപ്പിടിച്ചേ വിതുമ്പുന്നു താലിയി-
ലമർത്തിപ്പിടിച്ചു തുടികൊട്ടുന്ന ഹൃത്തിൽ
വിടിനീർക്കുടം കൊത്തിനിൽക്കുന്നൊരമ്മേ
ഇനി
ഞാനേ തൊഴുത്തിലൊരു വൈക്കോൽത്തുരുമ്പിനു
കരഞ്ഞേ വിളിക്കുമീപ്പൈക്കൾക്കു കാവൽ
എന്നാകിലും പോകാതെ വയ്യ
പതിന്നാലു സംവത്സരം നഗരകാന്താര സീമകളിൽ
വാഴാതെ വയ്യ
തിരിച്ചെത്തുമ്പോഴെന്റെ പ്രിയവൈദേഹിയെ-
ക്കാട്ടിലെറിയാതെ വയ്യ
സഹജസൗമിത്രിയെപ്പിരിഞ്ഞീടാതെ വയ്യ
ഒടുവിലൊരു കാഞ്ചനപ്രതിമതൻ മുന്നിലെൻ
കരളിലെരിയുന്നൊരീ ഹോമാഗ്നി സാക്ഷിയായ്
അശ്വമേധം നടത്താതെയും യാഗ-
ഹയത്തിൻ കുളമ്പടിയൊച്ച തന്നുത്താള-
പക്ഷങ്ങൾ കൊണ്ടെന്റെയസ്ഥികൾ നൂറായ്-
ത്തെറിക്കാതെയും വയ്യ
വയ്യ, ഞാനമ്മേ, കടംകൊണ്ട നന്തുണിയി-
ലോണത്തിനല്ല വിഷുവേലയ്ക്കുമ,ല്ലുരുകു-
മോർമയിലൊരോട്ടുരുളി പൊട്ടും പിതൃക്കളുടെ
ശ്രാദ്ധത്തിനൊരു പുലച്ചിന്തു പാടാൻ വരാം
ഇന്നേയിടംകാലുവെച്ചിറങ്ങട്ടെ ഞാൻ
ഒന്നേ വരം തരികെനിക്കു മൂർദ്ധാവിൽ,
ഒരു വീടാക്കടംപോൽ
ഒടുക്കത്തെയത്താഴമെന്നപോൽ
പൊരിയുന്ന നാവിൽ
പവിത്രത്തിൽ നിന്നിറ്റു
വീഴും ജലം പോലൊരന്ത്യ യാത്രാമൊഴി
പിന്നെ
വടികുത്തി ഞാൻ നടകൊള്ളുമ്പോഴമ്മേ
പിൻവിളി വിളിക്കാതെ,
മിഴിനാരുകൊണ്ടെന്റെ കഴലുകെട്ടാതെ
പടി പാതി ചാരിത്തിരിച്ചു പൊയ്ക്കോളൂ
കരൾപാതി ചാരിത്തിരിച്ചു പൊയ്ക്കോളൂ.

2 comments:

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....