Friday, March 11, 2016

യുദ്ധകാണ്ഡം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ദണ്ഡകാരണ്യത്തിൽനിന്നും
വീണ്ടും കേൾക്കുന്നു രോദനം.
വനവാസികളെച്ചുട്ടു
മുടിക്കും രാജശാസനം.


ആറ്റിലും കാറ്റിലും നിത്യം
വിഷം ചേർക്കുന്ന ദുഷ്ടത.
ധാതുലോഹാദികൾക്കായ് ഭൂ
ഗർഭം കീറുന്ന വേദന.


ഋതുഭേദങ്ങളാൽക്കാവ്യം
രചിക്കും സാന്ദ്രകാനനം,
അദ്ധ്വാനംകൊണ്ടു സംസ്കാരം
തഴച്ച ധരണീതലം,


അതൊക്കെയും നശിപ്പിച്ചും
കൊള്ളയിട്ടും കലക്കിയും
ആഗോള ലോഭമൂർത്തിക്കു
ബലിയാകുന്നു ജീവിതം.


അഹിംസാബദ്ധമാം സത്യ
ഗ്രഹമേ വൃദ്ധസമ്മതം;
അതാണു ധർമ്മമെന്നത്രേ
ആർഷഭാരത പൈതൃകം.


ഉണ്ണാനില്ലാതെ ചാവുന്നോർ
ഉണ്ണാവ്രതമെടുക്കണോ?
എന്നു ചോദിച്ചു പൊങ്ങുന്നൂ
യൌവ്വനത്തിന്റെ ഗർജ്ജനം:


“ജീവിക്കാൻ സമ്മതിക്കാത്ത
നിയമം തുലയേണ്ടതാം.
ജീവിക്കാൻ സമ്മതിക്കാത്ത
ഭരണം തകരേണ്ടതാം.


എടുക്ക വില്ലും ശരവും
തോക്കും വാക്കും മനുഷ്യരേ,
നഷ്ടപ്പെടാൻ നമുക്കുള്ള-
താർക്കും വേണ്ടാത്ത ജീവിതം.”
-------------------------------------

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....