Monday, March 7, 2016

പൂക്കാതിരിക്കാനെനിക്കാവതില്ലേ - അയ്യപ്പ പണിക്കര്‍


എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ വിഷുക്കാലമെത്തി-
ക്കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി-
ഞെട്ടിത്തരിക്കും ഇരുൾതൊപ്പി പൊക്കി-
പ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും
പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളിൽത്തിരക്കാ-
ണലുക്കിട്ട  മേനിപ്പുളപ്പിന്നു പൂവൊക്കെ-
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം
ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച   കൊമ്പിൻ-
മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ
എൻ താലി നിൻ താലി പൂത്താലിയാടി-
ക്കളിക്കുന്ന  കൊമ്പത്തു സമ്പത്തു കൊണ്ടാടി-
നിൽക്കും കണിക്കൊന്നയല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.

എവിടെന്റെ ഹരിതങ്ങളെല്ലാം മറഞ്ഞു
എവിടെന്റെ ദുരിതങ്ങൾ കൊടുവേനലിൽ
കത്തിയെരിയുന്ന  താപങ്ങൾ കടുമഞ്ഞി-
ലുറയുന്ന  വനരോദനങ്ങൾ മഴവന്നൊടിച്ചിട്ട
മൃദുശാഖകൾ സർവമെവിടെയോ
മായുമ്പൊഴെവിടെനിന്നെവിടെനിന്നണയുന്നു
വീണ്ടുമെൻ ചുണ്ടിലും മഞ്ഞതൻ മധുരസ്മിതങ്ങൾ
തളിരിന്റെ തളിരായ  താലീവിലാസം
എവിടെനിന്നെവിടെനിന്നണയുന്നു മേടവിഷു-
സംക്രമപ്പുലരിയോ കുളിർകോരിയെത്തുന്നു
കണികാണുവാൻ ഭാവി ഗുണമേകുവാൻ കുഞ്ഞു
നയനങ്ങളെന്നെയോർത്തെന്നേയിമ പൂട്ടി-
യുണരാതെ, യുണരുമ്പോഴും മിഴി തുറക്കാതെ-
യിത്തിരി തുറന്നാലുമാരുമതു കാണാതെ കാണാതെ
കണികാണുവാൻ കാത്തിരിക്കുന്നിതവരുടെ
ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു
ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി
എനിക്കാവതില്ലേ പലവർണമാകാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ

വധുവിനെയൊരുക്കാനെടുക്കുന്ന  മഞ്ഞൾ
നിറത്തിൽ നിറയ്ക്കുന്ന  ശൃംഗാരവർണം
കടക്കണ്ണെറിഞ്ഞാൽ പിടിച്ചിങ്ങെടുക്കാൻ
തരിക്കുന്ന  വ്യാമോഹ  താരുണ്യവർണം
കല്യാണമന്ത്രം പൊഴിക്കുന്ന  വർണം
കളകളം പാടിക്കുണുങ്ങുന്ന  വർണം
താനെ മയങ്ങിത്തിളങ്ങുന്ന  വർണം
വേറുള്ളതെല്ലാം തിളക്കുന്ന  വർണം
പകൽനേർത്തുനേർത്തീക്കടൽമാല ചാർത്തുന്നൊ
രന്തിച്ചുവപ്പിന്നകമ്പടി വർണം
പന്ത്രണ്ടു സൂര്യന്റെ കിരണങ്ങൾ മേഘ-
പ്പരപ്പാലരിച്ചതു പതിമ്മൂന്നു പൗർണമി-
യിലാറ്റിക്കുറുക്കിപ്പൊടിച്ചെങ്ങുമെന്നും തിളങ്ങുന്ന  വർണം
ആ   വർണരേണുക്കൾ മിന്നിത്തിളങ്ങു-
ന്നൊരെന്മേനി പൊന്മേനി പൂമേനിയല്ലെ

കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ

6 comments:

  1. എത്ര വശ്യമായ കവിത

    ReplyDelete
  2. എത്ര സുന്ദരമായ കവിത എന്റെ വിഷു ഓർമ്മകൾ എന്നിലേക്ക്‌ ഓടിവരുന്നു

    ReplyDelete
  3. നല്ല കവിത ഞാൻ 7ലാണ്.എൻ്റെ ടെസ്റ്റിൽ ഉണ്ട് ഇത്


    ReplyDelete
  4. പൊള്ളുന്ന വേനൽ ചൂടിലും നമ്മുക്കായ് പൂക്കുന്ന കൊന്ന
    വേനൽ കാലത്ത് മറ്റ് എല്ലാ ചെടികളും വാടുമ്പോൾ കൊന്ന മാത്രം നമ്മുടെ ഐശ്വര്യത്തിനായ് ദുരിതങ്ങൾ സഹിച്ച് പൂക്കുന്നു
    എത്ര മഹത്തരമാണ് ഈ ത്യാഗം!

    ReplyDelete
  5. പൊന്നിൻ പതക്കങ്ങൾ തിളങ്ങുന്നത് എവിടെയാണ് ?

    ReplyDelete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....