Monday, March 7, 2016

ഒരു സിംഹപ്രസവം - കുമാരനാശാന്‍

കരളിൽ കനിവാർന്നിടുന്നിടുന്നുതേ
ഖരകണ്ഠീരവിതാനുമീവിധം!
ഒരു ജന്തുവിനും സ്വപുത്രരിൽ
പരുഷത്വം വിധി നൽകിയില്ലതാൻ.

അലിവാർന്നു കിടന്നൊരാടുപോൽ
മുല നൽകുന്നിതു കുട്ടികൾക്കിവൾ
തലചെന്നു പിടിച്ചിഴയ്ക്കിലും
കലരാ ക്രുദ്ധതയെന്നു തോന്നിടും.

പരതന്ത്രതയോർത്തു കണ്ണുനീ-
രരിയോരുണ്ണികൾ തന്നെ നോക്കി നീ
ചൊരിയായ്ക; മൃഗേന്ദ്രവല്ലഭേ!
വരുമാപത്തുകളാർക്കുമൂഴിയിൽ.

പ്രണയത്തൊടു പാർത്തിവർക്കൊരാൾ
തുണതാനെന്നു കുടുംബചിന്തയാൽ
ഇണയാം ഹരി മന്ദ‌വേഗനാ-
യണയത്താഞ്ഞു നടന്നിടുന്നുതേ.

കുതുകത്തോടു, ‘പെറ്റു സിംഹി’യെ-
ന്നതു കേട്ടേറെ വരുന്നിതാളുകൾ
ഇതുകൊണ്ടൊരിളക്കമില്ലിവ-
ന്നഥവാ-സിംഹമറിഞ്ഞിടാ ഭയം.

പലതും ബത! ബന്ധനസ്ഥനായ്
തലകാഞ്ഞോർത്തു നിരാശനായുടൻ
നിലവിട്ടെഴുമൊറ്റമേഘമൊ-
ത്തലറുന്നങ്ങനെതന്നെ നിന്നിവൻ

സഹസാ, സമയം കുറിക്കുവാ-
നിഹ പീരങ്കിയൊഴിച്ചപോൽ ഹരേ,
മഹിതം, തുടരായ്ക ഗർജ്ജിതം
ഗഹനത്തിൽ ഗജഗർഭഭേദിനി.

അഥവാ, നരനാഥനോടിവൻ
കഥ കോപോഗ്രരവം കഥിക്കയാം
കൃതമാമഹിതം സഹിക്കുമോ
ധൃതവീര്യൻ പരതന്ത്രനെങ്കിലും?

ഒരു ഹേതുവുമെന്നി, കേവലം
നരലോകത്തിനു കൗതുകത്തിനായ്
വരുവിച്ചു തടഞ്ഞുതേ നൃപൻ
ഹരിയേ—ഹാ മൃഗചക്രവർത്തിയെ!

കരുതായ്കിതവജ്ഞയായ് ഹരേ!
നരപാലൻ നൃപധർമ്മകോവിദൻ;
പരമിങ്ങനെ വെച്ചുപൊറ്റുമ-
ത്തിരുമേനിക്കു കൃതജ്ഞനാക നീ.

ഒരുവർഗ്ഗനിസർഗ്ഗനായകൻ
ധരണീപാലനു മാന്യനാം ഭവാൻ
പരതന്ത്രരെ ഹിംസ ചെയ്‌വതോ
നരരാം ഞങ്ങടെ നീതിയല്ല കേൾ.

നരഭോജികളുണ്ടു നീചരാം-
നര’രാഫ്രിക്ക’യിലോർത്തിടാം ഭവാൻ
നരകാർഹരൊരുത്തരില്ലയ-
ത്തരമീ ഞങ്ങടെ പുണ്യഭൂമിയിൽ.

അതുമല്ലിതു ‘ധർമ്മരാജ്യ’മെ-
ന്നധികം വിശ്രുതവഞ്ചിമണ്ഡലം
അതിലും ബത! മൂലഭൂമിപൻ
പ്രഥിതൻ പാരിലുദാരചര്യയാൽ

രുചിരം ഗൃഹമുണ്ടു, ഭോജ്യമു-
ണ്ടുചിതമ്പോൽ—കുറവില്ലയൊന്നിനും
സുചിരം മരുവുന്നു കൂടവേ
സചിവന്മാർ നരിമുഖ്യരും സ്വയം.

സ്ഫുടസൗഖ്യമതല്ലടുക്കലൻ-
പുടയോളുണ്ടിവൾ നിൻപുരന്ധ്രിയാൾ
ദൃഢമിന്നിവ രാജ്യകാര്യമായ്
തടവിൽ പാർപ്പവനന്യരേകിടാ.

ശരി,യെന്മൊഴി സംവദിച്ചുതാൻ
ഹരിയെന്നല്ല നിവാസശയ്യയിൽ
വിരമിച്ചൊരു യുദ്ധനൗവുപോൽ
തിരിയെച്ചെന്ന് കിടപ്പുമായിവൻ.

ഒരു രോമമനങ്ങിടാതെ സു-
സ്ഥിരമാം കൃത്രിമസത്വരൂപമോ?
തിരയറ്റൊരു സിന്ധുവോ? മഹീ-
ധരമോ? യെന്തൊരു ജന്തുവോയിവൻ?

പടുരാഗമിവന്റെയുള്ളുമൻ-
പൊടു ശൃംഗാരരസാദ്രമാക്കുകിൽ,
സ്ഫുടചന്ദ്രികയെന്തലിഞ്ഞിടാ
കടുവജ്രം, ശശികാന്തമെന്നപോൽ?

അതുമല്ലിഹ ബന്ധനത്തിലും
ബത! കാന്താപരനായിതേയിവൻ
അഥവാ കുലസൃഷ്ടി ചെയ്യുമാ
വിധിഹസ്തം തടയുന്നതാരുവാൻ!

കൊടുതാം ഹരിധൈര്യവൃത്തിയെ-
ത്തടവാനാൾ മൃഗസാർവഭൗമി! നീ
സ്ഫുടമായസപൊതശക്തിയെ-
ക്കടലിൽ തങ്ങിയ കാന്തഭൂമിപോൽ.

ഒഴുകും പ്രിയമാർന്നിവന്റെമേൽ
വഴിയും നിന്റെ കടാക്ഷഭംഗിയെ
മൊഴിവാൻ കവികൾക്കിവന്നെഴും
മിഴിവേണം—കവിയാകണം ഹരി.

വിലസുന്നതു നിന്റെ മുൻപിലീ-
ക്കുലദീപദ്വയവും മൃഗേശ്വരീ!
മുലയുണ്ടു കളിച്ചുമോടിയും
മലമുൻപിൽ ചെറുനിർഝരങ്ങൾ പോൽ.

കരകേസരഭാരശോഭിയായ്
വരുമർക്കന്നെതിരേ കുതിച്ചു ഹാ,
വിരയുന്നു കിടാങ്ങളച്ഛനാം
ഹരിയെന്നോർത്തുടനങ്കമേറുവാൻ!

ഒരു ചിന്തയുമെന്നിയുല്ലസി-
ച്ചരുളീടും ചെറുശാബകങ്ങളേ!
ഉരുചാപലഹേതുവെങ്കിലും
വരമീ ശൈശവകാലമൊന്നുതാൻ.

സ്ഫുടമോദമൊടുമ്മവച്ചിടും
നടുവേതാനഴലച്ഛനമ്മമാർ
തടവാമറികില്ലവർക്കെഴും
നെടുവീർപ്പിൻ പൊരുൾ നിങ്ങളേതുമേ

അഥവാ‌-സ്ഥിരമല്ലിതൊന്നുമി-
ക്ഷിതിയിൽ തൈയഥ ശാഖിയാകണം
അതു പിൻ മുതുവൃക്ഷമാകണം
മുതുവൃക്ഷം ബത! ദാരുവാകണം.

ദ്രുതജീവിതയാത്രയിങ്ങതെ-
ന്നതുകൊണ്ടോർത്തയി, സജ്ജരാകുവിൻ!
കൃതബുദ്ധികൾ കാത്തുകൊണ്ടിടും
സ്ഥിതി മാറീടിലുമാത്മഗൗരവം.

പൃഥുവീര്യമെഴും ഭവത്കുലം
പ്രഥിതം പാരിൽ മൃഗേന്ദ്രപുത്രരേ!
അഥ ചൊല്ലിടുമാത്മഭാഷയിൽ
കഥയീ, നിങ്ങടെ, യമ്മറാണിതാൻ.

ജനവാതിലിലൂടെ കാട്ടിയീ-
യനഘോദ്യാനമസാരമെങ്കിലും
ജനയിത്രിയുദാഹരിച്ചിടാം
ഘനഗംഭീരമഹാടവീതടം.

കരിവാർമുകിൽ മൂളി വാനിൽ വൻ-
വരിയായ് പൊങ്ങിവരുന്ന കണ്ടിവൾ
ഹരിഗർജ്ജിതകന്ദരങ്ങളാം
ഗിരിവൃന്ദങ്ങടെ മോടി കാട്ടിടാം.

കുലയാനകൾതന്നെ ബാല്യമാം
നിലയിൽതാൻ ചിലർ തച്ചുകൊന്നതും,
വിലഭിത്തി രണോഗ്രനാദമാ-
റ്റൊലിയേറ്റാശു തകർന്നു വീണതും
മലയും ഗുഹയും മൃഗങ്ങൾതൻ-
കുലവും കാടുമടക്കി വാണതും,
പലതമ്മ പറഞ്ഞു കേട്ടിടാം
കുലകൂടസ്ഥപരാക്രമ ക്രമം. (യുഗ്മകം)

അഥ ലോഭനമായിടുന്നൊര-
ക്കഥകേട്ടക്ഷമഭാവമേന്തൊലാ
വ്യഥയേ ഗതഭൂതിതൻ മനോ-
രഥമേകീടു വിപന്നലോകരിൽ.

കഴിയാത്തതു കാമിയാതെതാൻ
കഴിവിൻ, നിങ്ങൾ വളർന്നു യോഗ്യരായ്
ഒഴിയുന്നൊരു പൈതൃകാസനം
വഴിയേ പിന്നെയലങ്കരിക്കുവിൻ!

നിനയാതഴൽ നിൻ കുടുംബമൊ-
ത്തനപായം മൃഗരാജ, വാഴ്ക നീ
ജനമൊക്കെയുമസ്വതന്ത്രരാം;
ദിനകൃത്യം തടയുന്നു - പോട്ടെ ഞാൻ.

അതുമല്ലയി നൽകിടുന്നു നിൻ-
സ്ഥിതിയുത്കണ്ഠയെനിക്കു സിംഹമേ!
ഇതു കണ്ടു ശരീരപഞ്ജര-
സ്ഥിതനാം ജീവനെയോർത്തിടുന്നു ഞാൻ.

തിരിയുന്നു ‘കരു‘ക്കളായ് ചരാ-
ചരമിങ്ങാരുടെ നിത്യലീലയിൽ
അരുളട്ടെ നമുക്കവൻ ശുഭം
പരമേശൻ ഭവമുക്തിദായകൻ....

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....