Wednesday, February 8, 2017

മാണിക്യവീണ - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

വന്ദനം വന്ദനം ! വാര്‍മെത്തും ദ്രാവിഡ-
നന്ദിനിയായി വളര്‍ന്ന ഭാഷേ,
വന്ദനം വന്ദനം ! ചിത്തം കവര്‍ന്നിടും
ചന്ദനാമോദം കലര്‍ന്ന ഭാഷേ,
ജീവന്നു നൂതനോന്മേഷം പകര്‍ന്നിടും
ദേവഭാഷാമൃതം ചേര്‍ന്ന ഭാഷേ,
നിന്മുലപ്പാലിന്‍റെ വീര്യമുള്‍ക്കൊണ്ടതെന്‍
ജന്മജന്മാന്തരപുണ്യമല്ലേ.
വശ്യമാം ശൈലിയില്‍ നിന്നെജ്ജയിപ്പൊരു
വിശ്വമനോഹരഭാഷയുണ്ടോ.

താളമിട്ടാടുന്നു തെങ്കടല്‍ക്കല്ലോല-
പാളി നിന്‍ ഗാനങ്ങള്‍ കേട്ടിടുമ്പോള്‍.,
താനമായ്ത്തീരുന്നു നാളികേരദ്രുമ-
താലപത്രാന്തരമര്‍മ്മരങ്ങള്‍.,
ആനന്ദരാഗങ്ങള്‍ മൂളുന്നു നീളുന്ന
കാനനപ്പൊല്‍ക്കുളിര്‍ച്ചോലയെല്ലാം.

ത്വല്‍ കര്‍മ്മമണ്ഡലം വിസ്തൃതമല്ലൊരു
കൈക്കുടവട്ടമാ,ണായിരിക്കാം.,
എങ്കിലും നിന്‍ കീര്‍ത്തിയെത്താത്തതെങ്ങുവാന്‍?
ശങ്കരദേശികദേശഭാഷേ!
അന്തരീക്ഷത്തില്‍ സുഗന്ധം പരത്തുവാ-
നെന്തിനു കസ്തൂരിയേറെയോര്‍ത്താല്‍?

ചിത്രവര്‍ണോജ്ജ്വലേ,നിന്‍ പുഷ്പവാടിയി-
ലെത്ര വസന്തങ്ങള്‍ വന്നതില്ല?
ഹൃത്തിലൊതുങ്ങാത്തൊരാവേശമാര്‍ന്നുകൊ-
ണ്ടെത്ര കുയിലുകള്‍ കൂകിയില്ല?
മട്ടോലും പൂക്കളെച്ചുറ്റിപ്പറന്നെത്ര
മത്തഭൃംഗങ്ങള്‍ മുരണ്ടതില്ല?
അമ്മധുമാസവിഭൂതികളൊക്കെയും
രമ്യതചേര്‍ത്തതില്ലെത്ര നിന്നില്‍?
ആവര്‍ത്തിച്ചീടട്ടെ പിന്നെയും പിന്നെയു-
മായിരം വട്ടമിശ്രീവികാസം.

കാണുന്നു കല്യാണനിക്ഷേപമെന്നപോല്‍
കാമസുരഭിപോല്‍ നിന്നെ ഞങ്ങള്‍.
നിന്നെബ്ഭജിക്കുന്ന ഭാവന ധന്യമാം
നിന്നെപ്പുകഴ്ത്തുന്ന നാവു വന്ദ്യം.

കേരളത്തൂമൊഴിയെന്നു കേട്ടാല്‍ മതി,
കോരിത്തരിപ്പിന്‍റെ കൊയ്ത്തുകാലം.
ഓജസ്സിന്‍ കാതലേ,നിന്നെയോര്‍ക്കുമ്പൊഴേ-
ക്കോരോ ഹൃദയവുമോടിയോടം.

കാണിക്കവെച്ചിടാം സര്‍വവും ശോഭനേ,
മാണിക്യവീണ നീ മീട്ടിയാലും!

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....