Saturday, February 4, 2017

ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ - പി പി രാമചന്ദ്രന്‍

                           1
രമണനിരുന്നേടത്ത്
പാത്തുമ്മായുടെ ആടിനെക്കാണാം
ചെമ്മീന്‍ വച്ചേടത്ത്
കേരളത്തിലെ പക്ഷികള്‍ ചേക്കേറി
പാവങ്ങളുടെ സ്ഥാനത്ത്
പ്രഭുക്കളും ഭൃത്യന്മാരുമാണ്
മാര്‍ത്താണ്ഡ വര്‍മ്മയെ തിരഞ്ഞാല്‍
ഡാക്കുള പിടികൂടാം
ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ
വായനശാലയ്ക്ക് വ്യവസ്ഥയില്ലാതായി
ക്രമനമ്പര്‍തെറ്റി
ഇരിപ്പടങ്ങള്‍ മാറി
പുറം ചട്ടകള്‍ ഭേദിച്ച്
ഉള്ളടക്കം പുറത്തുകടന്നു.
                            2.
കുത്തഴിഞ്ഞ പുസ്തകങ്ങളുടെ
ഏടുകളില്‍ കയറി
കഥാപാത്രങ്ങള്‍
സ്വച്ഛന്ദസഞ്ചാരം തുടങ്ങി.
രണ്ടാമൂഴത്തിലെ ഭീമന്‍
കരമസോവ് സഹോദരന്മാരെ
പരിചയപ്പെട്ടു.
പ്രഥമപ്രതിശ്രുതിയിലെ
ബംഗാളിയായ സത്യ
കോവിലന്‍റെ തട്ടകത്തിലെത്തി.
നേത്രാദാമിലെ കൂനനെക്കണ്ട്
ഖസാക്കിലെ അപ്പുക്കിളി
അന്തംവിട്ടു.
ഈയെമ്മെസിന്‍റെ ആത്മകഥയിരിക്കുന്ന
ഷെല്‍ഫിലേക്ക് കൊണ്ടുപോകണേ എന്ന്
ഈയ്യിടെ വന്ന
മുകുന്ദന്‍റെ(കേശവന്‍റെ) അപ്പുക്കുട്ടന്‍
വാവിട്ടു വിലപിക്കാന്‍ തുടങ്ങി
മൂലധനം അപ്രത്യക്ഷമായി
രതിസാമ്രാജ്യം തിരിച്ചുവന്നു.
അലമാരയില്‍ കുഴമറിച്ചില്‍ കണ്ട്
ചിരിച്ചു ചിരിച്ച്
വി.കെ. എന്നിന്‍റെ പയ്യന്‍സ്
തുന്നല്‍വിട്ട് കിടപ്പിലായി.
                                3
ലൈബ്രേറിയന്‍  മരിച്ചതില്‍പ്പിന്നെ
വായനക്കാരുടെ പ്രതികരണങ്ങളും മാറി
ജാതിവ്യവസ്ഥയും കേരള ചരിത്രവും
എന്ന പുസ്തകത്തിന്‍റെ അവസാനപേജില്‍
'വളരെ നല്ല നോവല്‍' എന്ന്
ഒരു വായനക്കാരന്‍
അഭിപ്രായം കുറിച്ചു.
അഴിക്കോടിന്‍റെ തത്വമസി
ബാലസാഹിത്യശാഖയില്‍പ്പെട്ടു.
ശബ്ദതാരാവലി ലൈംഗിക വിജ്ഞാനകോശമായി
കഥ കവിത ലേഖനം നാടകം
തുടങ്ങിയവ അസംബന്ധങ്ങളുടെ
കാറ്റ്ലോഗ് കാണാതായി
                        4
ലൈബ്രേറിയന്‍  മരിച്ചതില്‍പ്പിന്നെ
വായനശാലയ്ക്ക്
കൃത്യമായ പ്രവൃത്തിസമയമില്ലാതായി
എപ്പോള്‍ തുറക്കുമെന്നോ
എപ്പോള്‍ അടയ്ക്കുമെന്നോ
പറയാനാവില്ല.
ഒരിയ്ക്കല്‍, അര്‍ദ്ധരാത്രി
സെക്കന്‍റ് ഷോ കഴിഞ്ഞു  മടങ്ങുമ്പോള്‍
വായനശാലയുടെ ജനലയ്ക്കല്‍
മങ്ങിയവെട്ടം കണ്ട്
ആകാംക്ഷയോടെ പാളിനോക്കി.
ദൈവമേ!
മെഴുകുതിരികളുടെ
മഞ്ഞവെളിച്ചത്തില്‍
ഒരു വലിയ  അതിഥി സല്ക്കാരം
നടക്കുകയാണവിടെ.
എഴുത്തുകാരെയും
കഥാപാത്രങ്ങളെയും കൊണ്ട്
ഹാളിലെ ഇരിപ്പിടങ്ങല്‍
നിറഞ്ഞിരിക്കുന്നു.
അതാ
മഞ്ഞകുപ്പായം ധരിച്ച്
ചുരുട്ടു പുകച്ചു കൊണ്ട്
ഫയദോര്‍ ദസ്തയോവ്സ്കി.
വളഞ്ഞകാലുള്ള വടിയൂന്നിക്കൊണ്ട്
തകഴി ശിവശങ്കരപ്പിള്ള.
തൊപ്പിയൂരിപ്പിടിച്ച്
ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു
പാബ്ളോ നെരുദ.
കോണിച്ചുവട്ടില്‍
ചെറുപ്പക്കാരെ പ്രകോപിപ്പിച്ചുകൊണ്ട്
എം.ഗോവിന്ദന്‍.
ഇംഗ്ളീഷ് മലയാളം
ഫ്രഞ്ച് റഷ്യന്‍
പല ഭാഷകളില്‍ ഉച്ചത്തില്‍
അവര്‍ സംസാരിക്കുന്നുണ്ടെങ്കിലും
ശബ്ദം പുറത്തുവന്നിരുന്നില്ല.
ഇടയ്ക്ക്, മൂലയില്‍ ഇരുന്ന
വട്ടകണ്ണടയും ജുബ്ബയും ധരിച്ച
ആ മെലിഞ്ഞ ചെറുപ്പക്കാരന്‍-
അതെ ചങ്ങമ്പുഴ തന്നെ-
ഒഴിഞ്ഞ ഗ്ളാസ്സുയര്‍ത്തികൊണ്ട്
എന്തോ വിളിച്ചു പറഞ്ഞു.
ഉടന്‍തന്നെ
അലമാരകള്‍ക്കു പിന്നില്‍ നിന്ന്
ഒരു മനുഷ്യന്‍
നിറഞ്ഞ ചഷകവുമായി
അങ്ങോട്ട് നീങ്ങി.
മെഴുകുതിരി വെളിച്ചത്തില്‍
ഒരു ഞൊടികൊണ്ട്
ആ മുഖം
ഞാന്‍ തിരിച്ചറിഞ്ഞു.
അതെ. ആയാള്‍ തന്നെെ
മരിച്ചുപോയ നമ്മുടെ  ലൈബ്രേറിയന്‍ .
-------------------------------------------------------------------

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....