Wednesday, February 8, 2017

കാണാമറയത്ത് - മുല്ലനേഴി

അറിയാതറിയാതടുത്തുനാമീധാര-
മുറിയാത്ത ദു:സ്വപ്നവര്‍ഷമേഘങ്ങളില്‍
ചൂടുപകരാന്‍ വന്ന പകലായി, കര്‍ക്കിട-
രാവിലെത്താരയായ്, ഏതോ വിദൂരമാം
തീരത്തുനിന്നായിരിക്കാം ചിലമ്പൊലി,
കാതോര്‍ത്തു, കണ്ണടക്കുന്നു, കാണുന്നു ഞാന്‍;

എത്ര വികൃതമാണിന്നു പുറംലോക-
ചിത്ര, മെന്നാലും കുളിരുപകരുവാ-
നിത്തിരിപദം പോരുമായതും നിന്‍ജന്മ-
സ്വത്താണതും നീ പകര്‍ന്നെനിയ്‌ക്കേകുമീ-
നിമിഷങ്ങളില്‍ നൂറു പൂവുകള്‍ വിരിയുന്നു,
നിത്യതയെന്നെപ്പുണരുന്നു നിശ്ചയം;

ഏറ്റമരികിലിരിക്കുമൊരാള്‍ നിന്നെ
മുറ്റത്തെമുല്ലയായ് മാറ്റിയിരിക്കവെ
ഉള്ളിലൊരുതേങ്ങ,ലതുചിരിയായ് വിരിയുന്നു
മുല്ലത്തറയ്ക്കലൊരു മൂവന്തിയിഴയുന്നു
സൂര്യനും ചന്ദ്രനും ചക്രങ്ങളായ്ത്തീര്‍ന്ന
തേരില്‍ക്കിനാവിന്റെ പൂവിതള്‍ കൊഴിയുന്നു;

ഏറെപ്പറഞ്ഞീലയെങ്കിലും നിന്‍ മനം
നീറുന്നതും, നിന്റെ പുഞ്ചിരിപ്പൂവുകള്‍
മുറിവിന്നുമീതെ വിരിയിക്കുവാന്‍ പെടും-
പാടുമെന്നുള്ളിലൊരു മുള്ളായ്ത്തറച്ചതും
ഓര്‍മ്മകളിലെങ്ങോ മയങ്ങുന്ന നിന്റെ കാ-
ലോമനേ, നൃത്തവിലാസം തുടര്‍ന്നതും
പാതിമുറിഞ്ഞ പദങ്ങള്‍ക്കിടക്കു ഞാന്‍
പാവമാം നിന്നെപ്പകുതിയറിഞ്ഞതും
ജന്മാന്തരങ്ങള്‍ക്കിടയില്‍ത്തിളങ്ങുന്നൊ-
രുണ്മയാണല്ലോ, നിലാവേ, വരൂ, വരൂ!
മായാത്ത സ്വപ്നഗീതങ്ങള്‍ നീ മീട്ടുന്ന
മാണിക്യവീണയാകട്ടെ ഞാനോമനേ!

1 comment:

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....