പറമ്പ് കിളക്കുമ്പോള്‍
പഴയൊരു മര്‍ഫിപ്പൊട്ട്!
കൈയിലെടുത്തപ്പോള്‍
ഭൂതകാലത്തുടിപ്പ്.
ആറേകാലിന്‍റെ പ്രാദേശികവാര്‍ത്തയ്‌ക്ക്
അച്ഛന്‍ ചെവികൂര്‍പ്പിച്ചിരുന്നത്
തുടര്‍ന്നുള്ള ഭക്തിഗാനത്തിന്
വിളക്ക് കൊളുത്തിയിരുന്നത്...
വയലും വീടുമാകുമ്പോഴേക്കും
അമ്മ കുളിച്ചെത്തിയിരുന്നത്...
കമ്പോളനിലവാരം തീരുമ്പോള്‍
അച്ഛന് വേണ്ടി വീണ്ടും ഡെല്‍ഹി വാര്‍ത്ത.
ഇന്നാരായിരിക്കും വാര്‍ത്ത
വായിക്കുകയെന്ന്
ഞങ്ങള്‍ കുട്ടികള്‍
പ്രവചനമത്സരം നടത്തിയിരുന്നത്...
യുവവാണിയും മഹിളാലയവും
മൂത്തവള്‍ വലിച്ചു കുടിച്ചിരുന്നത്....
ചലച്ചിത്രഗാനങ്ങളില്‍
രണ്ടാമള്‍ ലയിച്ചിരുന്നത്...
കണ്ടതും കേട്ടതും കേട്ട്
എല്ലാവരും തലതല്ലിച്ചിരിച്ചത്...
സാഹിത്യരംഗം തുടങ്ങുമ്പോള്‍
ഇളയവള്‍ക്ക് പൈക്കുന്നത്...
ഹിന്ദി ഇംഗ്ലീഷ് വാര്‍ത്താവേളയില്‍
ഒരുമിച്ചത്താഴം കഴിച്ചിരുന്നത്
തുടര്‍നാടകങ്ങള്‍ക്ക് കാതോര്‍ത്ത്
പത്തരക്കുള്ള രഞ്ജിനിയും കേട്ടുകൊണ്ട്
ഒരുമിച്ചുറങ്ങിയിരുന്നത്...
എത്ര പെട്ടെന്നാണ്
ജീവിതം
സീരിയലൈസ് ചെയ്യപ്പെട്ടുപോയത്...!
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....