(മഹാകവി വൈലോപ്പിള്ളിക്ക് അന്ത്യപ്രണാമം)
ഇവനെക്കൂടിസ്സ്വീകരിക്കുക ഹേമന്തത്താല്‍
മെലിഞ്ഞ കുളിര്‍നീരിന്‍ കൈകളാല്‍ നിളാനദീ!
ഇവനായുയര്‍ത്തുക
തുമ്പിക്കൈ പഞ്ചാരിക്കു
ചെവിയാട്ടിടുമാലിന്‍-
ചോട്ടിലെപ്പൂരക്കാറ്റേ!
മൂടുക തിരുവില്വാ-
മലയില്‍ പുനര്‍ജനി
നൂണെത്തും നിലാവിനാ-
ലീ ജഡം ധനുരാവേ!
കുനിയൂ സ്വപ്നാസ്വസ്ഥ-
മീ നെറ്റി ചുംബിക്കുവാന്‍
നിളയേയുമയായ
ദേവതാത്മാവാം സഹ്യന്‍!
ഇവനേ ഞങ്ങള്‍ക്കോണ-
പ്പാട്ടിനു ചോടായ്, കന്നി-
വയലില്‍ നെല്ലിന്‍ പാലായ്,
വീര്യമായ് തെക്കന്‍ പാട്ടില്‍,
ഇവനേ നിറച്ചു തേന്‍
പാതിരാപ്പൂവില്‍, കാക്ക-
ച്ചിറകില്‍ സൂര്യോത്സവം,
ശൈശവമിളനീരില്‍,
അറിവില്‍ പച്ച, കൈത-
പ്പൂവിലാതിരാച്ചന്ദ്രന്‍,
മുറിവില്‍ മൂര്‍ച്ച, മുള-
ങ്കാടിന്നു കുറുങ്കുഴല്‍.
ഇവനെക്കൂടിസ്സ്വീകരിക്കുക കപിലര്‍തന്‍
മരുതുമിലഞ്ഞിയും നനച്ചൊരെന്‍ തായ്‌നദീ!
ഒരുനാള്‍ പിതാവിന്‍ തോള്‍
വിട്ടിറങ്ങി നീ, നീല-
ക്കുറിഞ്ഞിക്കാടിന്‍ മിന്നല്‍-
പ്പിണര്‍പോലുറവയായ്
മഞ്ഞിന്റെ പടവുക-
ളിറങ്ങീ ചിലമ്പൊലി,
പുള്ളുവക്കുടം കാട്ടില്‍,
ചുരത്തില്‍ പാണത്തുടി.
പ്രായമായ് കരിമ്പന-
നടുവില്‍ തീണ്ടാനാഴി
സീതപോല്‍ വിറയ്ക്കുന്ന
മലവാരത്തില്‍; നീറി
നീ വിജനതകളില്‍
ദമയന്തിതന്‍ കീറ-
ച്ചേലയില്‍, സാനുക്കളി-
ലലഞ്ഞു പൊരുള്‍ തേടി.
പൂതത്തെ മുലപ്പാലാല്‍
വെന്നു, പാതിരാകളില്‍
നൂണു നീ നരകത്തിന്‍
പാലങ്ങള്‍ നരിച്ചീര്‍പോല്‍.
അപ്പോഴാണിവനെത്തീ-
യെട്ടുകെട്ടുകള്‍ കത്തും
പട്ടട വെണ്ണീറില്‍ തന്‍
നെല്ലിക്കു നീര്‍ കോരുവാന്‍.
ആചമിച്ചുതന്നുള്ള-
ങ്കൈയിന്‍ നിന്‍ തീരക്കണ്ണീര്‍-
പ്പാടം: തന്‍ തടവറ
ക്കിണ്ണത്തിലിന്നിന്‍ കാള-
കൂടമുണ്ടിവന്‍ നാളെ-
ക്കുഞ്ഞുങ്ങള്‍ക്കമൃതാകാന്‍,
വീടൊഴിഞ്ഞവരുടെ
വേവിന്നാല്‍ത്തണലാകാന്‍.
ഇവനെക്കൂടിസ്സ്വീകരിക്കുക, യാറാട്ടിന്നു
വരവായിവന്‍, നിരാഭരണന്‍, നാദാകാരന്‍.
ഇവന്നു കൊടി പനി-
നീര്‍ മുള്ളില്‍ പടര്‍ന്നേറു-
മൊരു കയ്പവല്ലരി,
വാഹനം കടല്‍ക്കാക്ക,
പുലി നേര്‍ക്കുമ്പോളോണ-
വില്ലാണു ദിവ്യായുധം
കുരുത്തോലയും കൊടി-
ത്തൂവ്വയും തിരുവാട,
കനലാഴിയില്‍ നൃത്തം,
വചനമപ്പം, കുരു-
മുളകാല്‍ നിറമാല,
പൂജിക്കാന്‍ കുറവന്മാര്‍,
മലയ്ക്കു മകന്‍, വിളി-
പ്പുറത്തു മുറിവേറ്റ
വനങ്ങള്‍, മനങ്ങള്‍ തന്‍
മൃഗങ്ങള്‍ വിളിക്കുകില്‍
പെരുമാളിവന്‍ നേരാം
വാക്കിനും വടക്കിനും:
ഇവന്നു പ്രിയമേറ്റം
കലികാലത്തിന്‍ തോറ്റം.
ഇവനെക്കൂടിസ്സ്വീകരിക്കുക, നീര്‍ താണാലും
വരളാതിന്നും കടല്‍ തേടുന്ന നിളാനദീ!
പുരങ്ങള്‍ നിന്നില്‍ വിഷം
തുപ്പുന്നു; പരണന്റെ
ചുരപ്പുന്നയും പ്ലാശും
പയ്നിയും തളരുന്നു.
കുരച്ചുനില്‍ക്കും മൃത്യു
വളയും ഗ്രാമങ്ങളെ
മയക്കുവെടിവെച്ചു
വീഴ്ത്തുന്നു നായാട്ടുകാര്‍.
ഏറുന്നു വീണ്ടും നമ്മ-
ളൊഴിച്ച പിശാചുകള്‍
കാവിയില്‍, വെളുപ്പി-
ലാത്മാക്കള്‍ക്കു വിലപേശി.
ഓണത്തിലുണരുന്നു
വാമനന്‍; വിഷുക്കണി
പാളത്തിലെന്നും വീഴു-
മസ്വസ്ഥയുവരക്തം.
ആതിരാ രാവിന്‍ രുദ്ര-
കീര്‍ത്തനങ്ങള്‍ തന്‍ തൂക്കി-
ലാടുന്ന പൊന്നുണ്ണിക്കു
ദംഷ്ട്രയും നെറ്റിക്കണ്ണും.
പാരുഷ്യം പെരുകുന്നു
വാക്കിലും മനസ്സിലും.
മാതുലാ, പൊറുത്താലും-
തീര്‍ന്നു മാമ്പഴക്കാലം.
മിടിപ്പു താഴുന്നതെന്‍
ഭാഷതന്‍ നെഞ്ചിന്നല്ലോ
ഇറക്കിക്കിടത്തിയ-
തെന്റെ യൗവനമല്ലോ
തിരുമ്മിയടച്ചതു
നീതി തന്‍ മിഴിയല്ലോ
തഴുതിട്ടതോ, സ്നേഹ-
നീലമാം കലവറ.
ചിതയില്‍പ്പൊട്ടുന്നതെന്‍
നാടിന്റെ നട്ടെല്ലല്ലോ,
മണലിലെരിഞ്ഞമ-
രുന്നതോ മലര്‍കാലം.
താഴുന്നു വെയില്‍, തണു-
പ്പേറുന്നൂ; ഒടുക്കത്തെ
മാവില്‍ കൂടണയു-
മൊറ്റക്കിളി ചിലയ്ക്കുന്നു:
ʻപാവമീ നാടിന്‍ സ്വര്‍ണക്കിണ്ണമായിരുന്നിവന്‍:
ദാ, നോക്കു വാനില്‍: പൂര്‍ണചന്ദ്രനായവന്‍ വീണ്ടും.ʼ
thank you. Sachidanandan exceeded himself in this poem.
ReplyDeleteKollaam super ...moye..moye
ReplyDelete