Wednesday, February 8, 2017

ഇരുപതുവയസ്സായ മകള്‍ക്ക് ഒരു താരാട്ട് - സച്ചിദാനന്ദൻ

രാവു മുതിര്‍ന്നു, കിളി പോയി നീലിച്ച
പാതയില്‍ ചന്ദ്രന്‍ ചുകന്നു; വിളക്കണ-
ച്ചാലുമിമയണയ്‌ക്കാതെ നീ കാക്കുവ-
താരെ? അഴുക്കു കുമിഞ്ഞുകൂടുന്നൊരീ-
ക്കോണില്‍ വരാനേതു പാതിരാസ്സൂര്യനെ?

ഇല്ല; ഉറങ്ങുകിച്ചന്ദ്രനും വ്യാളിതന്‍
പല്ലു മുളപ്പതിന്‍മുമ്പ്, നിന്‍ സ്വപ്നവും
കല്ലിച്ചിടും മുമ്പ്, ലജ്ജയാലച്‌ഛന്റെ-
യെല്ലു കറുത്തുപോം മുമ്പ്, കുറുനരി-
യിങ്ങും മണത്തെത്തിടും മുമ്പ്, ദൈവങ്ങള്‍
മിണ്ടാതെ കത്തിക്കു മൂര്‍ച്ചയാകും മുമ്പ്
കണ്ണടയ്‌ക്കൂ, മറന്നേക്കൂ നീ പെണ്ണെന്ന്,
മുന്നില്‍ നരകമെ, ന്നൊന്നുകൂടിക്കിലു-
ക്കൊന്നുകൂടിപ്പാവ, പാല്‍ക്കുപ്പി, തൊട്ടിലി-
ലൊന്നുകൂടിക്കുഞ്ഞുടുപ്പില്‍ മയങ്ങുക
സ്വര്‍ഗ്ഗത്തിനോര്‍മ്മപോല്‍, മറ്റൊരുഭൂമിതന്‍
പുല്ലാങ്കുഴലില്‍ വിടര്‍ത്തുക പുഞ്ചിരി.

പേടിയാണച്ഛന് നീ വരാന്‍ വൈകിയാല്‍
പേടി നിന്‍തോഴരെക്കാണ്‍കെ: അതിലാരു
മാറുമൊരുദിനമെന്നൊറ്റുകാരനായ്
വ്യാപാരിയായ്, കാക്കിയിട്ട കടുവയായ്
പാതി മുതലയായ് പാതി കരടിയായ്
രാവില്‍ രൂപാന്തരം കൊള്ളും പ്രഭുതയായ്.
പേടി നീ കാലടിയേശാത്ത കാരമുള്‍
മേടില്‍നിന്‍ സഞ്‌ജീവനം തിരക്കിപ്പോകെ:
ധീരരെച്ചുറ്റി വരിഞ്ഞു കൊല്ലും പഴം-
പാതകള്‍ ഭീരുവീലോകത്തിനു പ്രിയം
വീടുമുഴുവന്‍ തകരിലും കാവലാള്‍
വേണമെന്നേ ശാഠ്യമേവര്‍ക്കു,മങ്ങനെ
പ്രേതലോകം വലുതായി; നമുക്കിടം
തീരെച്ചെറുതായ്, ശ്വസിക്കലേ മൃത്യുവായ്.

നൊണ്ടുമെറുമ്പിനെ കണ്ടാല്‍ വിതുമ്പുവോര്‍-
ക്കില്ലിടമിങ്ങ്; വളര്‍ത്തുക ദംഷ്ട്രയും
കൊല്ലും നഖവും മുരളുന്ന പ്രാണനും
അച്ഛനെപ്പോലലിയാതുരുക്കാവുക
അമ്മയെപ്പോലുരുകാതെ കല്ലാവുക!
ഒറ്റയ്ക്കുപോകേണ്ടവള്‍ നീയൊരു ദിനം,
ഒറ്റയ്ക്കുറങ്ങിയുണരാന്‍ പഠിക്കുക.

പൂട്ടുക കണ്ണുകള്‍, സ്വപ്നത്തിലെങ്കിലും
കൂട്ടിലടയ്ക്കാത്ത പക്ഷിയെക്കാണുവാന്‍.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....