വിത്തുവിതച്ചതും വേള പറിച്ചതും
ഞാനേ കീഴാളൻ
കന്നിമണ്ണിന്റെ ചേലാളൻ.
തേവിനനച്ചതും കൊയ്തുമെതിച്ചതും
മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
കാടി കുടിച്ചു വരമ്പായ് കിടന്നതും
ഞാനേ കീഴാളൻ
പുതുനെല്ലിന്റെ കൂട്ടാളൻ.
ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നുതളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളൻ
നെടുന്തൂണിന്റെ കാലാളൻ.
കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
ഞാനേ കീഴാളന്‍
കൊടുംകാറ്റിന്റെ തേരാളന്‍.
കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
ആദിത്യരശ്മിപോലംബരനൂലിട്ട്
രാപ്പകലില്ലാതെ ഓമല്‍ തറിയോട്
മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
ഞാനേ കീഴാളന്‍
ഉടുമുണ്ടിന്റെ നെയ്ത്താളന്‍.
ചന്ദനം കണ്ടതും കൊത്തി മണത്തതും
വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
ആനയും വ്യാളിയും സര്‍പ്പവും സിംഹവും
പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
കട്ടില്‍ കടഞ്ഞതും
തൊങ്ങലു വെച്ചതും
കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
കാണിക്കവെച്ചിട്ട്
മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
ഓല വിരിപ്പിന്മേല്‍
നക്ഷത്രം നോക്കി നശിച്ചു കിടന്നതും
ഞാനേ കീഴാളന്‍
മുള്‍മരത്തിന്റെ വേരാളന്‍.
കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
റാട്ടു കറക്കീട്ട് പൊന്‍നാരു നൂത്തതും
ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
ചെല്ലക്കയറിൽ കുരുക്കിട്ടൊടുങ്ങിയോന്‍
ഞാനേ കീഴാളൻ
കരിമണ്ണിന്റെയൂരാളൻ.
പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
പിന്നില്‍ നടന്നതും
താണു ഞെരിഞ്ഞതും
പിന്നെ കിനാവിന്‍ കലപ്പ നാക്കായ് വന്നു
മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
ഞാനേ കീഴാളന്‍
കൊടിക്കമ്പിന്റെ നാക്കാളന്‍.
കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു -
ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്
തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
വീണേ കീഴാളന്‍
കണ്ണുനീരിന്റെ നേരാളന്‍.
എൻ വിയർപ്പില്ലാതെ ലോകമില്ല
എൻ ചോരയില്ലാതെ കാലമില്ല
എൻ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
എൻ കണ്ണു വീണാൽ രതിക്കുന്നു പുഷ്പം
എൻ കാലനങ്ങി കിലുങ്ങും സമുദ്രം
എൻ തുടി കേട്ടാൽ തുടിയ്ക്കുന്നു മാനം
ഞാനേ കീഴാളൻ
കൊടും നോവിന്റെ നാക്കാളന്‍.
മേലാളക്കഴുമരമേറി
പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യൻമാർ.
കീഴാളത്തെരുവുകൾ തോറും
മുളച്ചുപൊന്തുന്നേ
കറുത്ത സൂര്യന്മാർ.
ഭൂലോകപ്പെരുമഴ തുള്ളും
തണുത്ത കൂരാപ്പില്‍
വിശന്ന സൂര്യന്മാർ.
ഈരാളുകള്‍ നൂറാളുകളായ്
പരന്നുകേറുന്നേ
വിശന്ന സൂര്യന്മാർ.
ഞാനെന്റെ ദുഃഖച്ചിന്തുകളും
താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ
കൂടെ വരുന്നേ.
ആദിത്യൻ കതിരുണരുമ്പോഴേ
കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ
കൂടെ വരുന്നേ.
first line vannillllo... kuti karichu kilachu marichathum...
ReplyDeleteകുറ്റികരിച്ചു കിളച്ചു മറിച്ചതും..
ReplyDelete