Saturday, February 4, 2017

എന്‍ട്രന്‍സ്‌ - റഫീക്ക് അഹമ്മദ്

പരീക്ഷാഹാള്‍ വരെ സോക്രട്ടീസ് ഉണ്ടായിരുന്നു
പിന്നെ കണ്ടില്ല.
അടിസ്ഥാനയോഗ്യത ഇല്ലാത്തതിനാല്‍
പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കാം.

അരിസ്റ്റോട്ടില്‍ പിറകിലെ ബഞ്ചില്‍ ഉണ്ടായിരുന്നു
കാലഹരണപ്പെട്ട ഒരു പരീക്ഷാസഹായിയാണ്
ആ പാവം പഠിച്ചിരുന്നത്.

ഹാള്‍ ടിക്കറ്റ് കത്തിപ്പോയതിനാല്‍
ഡയോജനിസിനു പരീക്ഷയെഴുതാനായില്ല.
ഫോട്ടോ പതിക്കായ്കയാല്‍
ഔവ്വയാറിനും അവസരം നഷ്ടമായി.

അപേക്ഷാഫാറത്തില്‍ ഒപ്പു വെക്കാന്‍ മറന്ന്
ഫരിദുദ്ദീന്‍ അക്താര്‍ അയോഗ്യനായി.
രമണമഹര്‍ഷി പരീക്ഷാത്തീയതി മറന്നു.
തോമസ്‌ അല്‍വാ എഡിസണ്‍ പേരു തെറ്റി എഴുതി.

ഉത്തരങ്ങള്‍ക്കു പകരം വീണ്ടും ചോദ്യങ്ങളെഴുതി
മാര്‍ക്സ് വളരെ നേരത്തേ പരീക്ഷാമുറി വിട്ടു.
പരീക്ഷകനെ കണ്ടു ഭയന്ന്‍ ഫ്രാന്‍സ് കാഫ് ക സ്ഥലം വിട്ടു.

കുളിച്ചൊരുങ്ങി പ്രതിജ്ഞയോടെ പുറപ്പെട്ടെങ്കിലും
ദസ്തയേവ്സ്കി
പതിവു ചൂതാട്ട കേന്ദ്രത്തിലേക്കു തന്നെ കയറി.

മതിയായ രേഖകളുടെ അഭാവത്തില്‍
നാരായണഗുരുവിന്‍റെ അപേക്ഷ തള്ളപ്പെട്ടു.
ബസ്സുകൂലിക്ക് കാശ് തരപ്പെടായ്കയാല്‍
പൂന്താനത്തിന് സ്ഥലത്തെത്താനായില്ല.
പരീക്ഷാഫീസ്‌ എവിടെയോ തുലച്ചു കുഞ്ഞിരാമന്‍ നായര്‍.

കാവ്യദേവതയെ നോക്കി നിന്ന ചങ്ങമ്പുഴക്ക്
സമയത്തിനെത്താന്‍ കഴിഞ്ഞില്ല.
ഇറങ്ങാന്‍ നേരത്ത് സന്ദര്‍ശകര്‍ വന്നു കയറിയതിനാല്‍
ബഷീര്‍ പരീക്ഷ വേണ്ടെന്നു വെച്ചു.

എല്ലാം നല്ലതിന്
അതുകൊണ്ടാണ് ഞങ്ങളൊക്കെ കടന്നു കൂടിയത്
മേല്‍പ്പറഞ്ഞവരാകട്ടെ
പരീക്ഷാര്‍ത്ഥികള്‍ക്ക് തീരാത്ത സൊല്ലയായി
ചോദ്യക്കടലാസുകളില്‍ കുടിപാര്‍ത്തു.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....