Wednesday, February 8, 2017

നിസ്വം - സച്ചിദാനന്ദന്‍

'ഇതു വിശ്വോത്തര
കവിത,കാണുകെന്‍
വരികള്‍,രൂപക
ഗരിമ,ബിംബത്തിന്‍
പൊലിമ,ഈണത്തിന്‍
മധുരിമ,ഭാവചടുലത...'

-പറഞ്ഞു നിര്‍ത്തീല
കവി തന്‍ ശിഷ്യരോ-
ടതിന്‍ മുന്നേതന്നെ
തുറന്നുവായ്,മുറ്റം
മുറിച്ചു പോയൊരു
പശുക്കുട്ടി,നീട്ടി
യതിന്‍റെ നാ,വതിന്‍
ചുകപ്പില്‍ പുല്‍പ്പച്ച
നിറത്തില്‍ കണ്ടുവാ-
ക്കവി രചിച്ചൊരാ
വരികള്‍,അപ്പടി!

പലകുറി നോക്കി
പകച്ചൊരക്കവി,
പതുക്കെക്കണ്ണുകള്‍
പതിച്ചു മുറ്റത്തും:
അവിടെയും മണ്ണില്‍
അതേ വരികള്‍,ആ
ചെറുമാവിന്‍ തയ്യി-
ന്നിലകളില്‍,അണ്ണാന്‍
വരകളില്‍,കാക്ക-
ച്ചിറകിലും,കട-
ലലയിലും,മല
വടിവിലും,മുകില്‍
നിരയിലും,തിങ്കള്‍
വളവിലും...കേട്ടൂ
മഴയില്‍,കാറ്റിനാ-
ലിളകും ചില്ലയില്‍,
പുഴയില്‍,തന്നീണം.

വിനയത്താല്‍ താണ
ശിരസ്സുമായ് കവി
മൊഴിഞ്ഞു,'മാപ്പിവ-
നറിഞ്ഞതില്ലല്ലോ
ഇതൊന്നുമെന്‍റെയ,
ല്ലിതൊന്നും.,ഞാന്‍ വായു
കടന്നുപോം വെറും
മുരളി,മിന്നലാല്‍
തിളങ്ങും ആലില,
ചുഴലിക്കാറ്റിനാല്‍
ഉരുവം മാറുന്ന
മരുമണല്‍,ഉളി
മുറിവേല്‍പ്പിക്കുമ്പോള്‍
പ്രതിമയായ് മാറും
മൃദുശില,പല
തലമുറകളായ്
പണിത വാക്കുകള്‍
പുതുപുതുമട്ടില്‍
അടുക്കി വെച്ചിടു-
മൊരു ശിശു:ഇതാ
നമസ്കരിക്കുന്നു
മഹാപ്രകൃതിയെ,
ചരിത്രത്തെ,മര്‍ത്ത്യ-
പ്രയത്നത്തെ,മുന്‍പേ
മറഞ്ഞു പോയോരെ!

ഇതൊന്നുമെന്‍റെയ,
ല്ലറിഞ്ഞുവിന്നു ഞാന്‍
ജലം പോല്‍,ഭൂമിപോല്‍,
വനം പോല്‍,വായു പോല്‍
ഇതു ചരാചര
പ്രപഞ്ചത്തിന്‍ സ്വന്തം.'

പറന്നുപോയ് അവ
നെഴുതി വെച്ചൊര-
ക്കവിത.,വാക്കുകള്‍
പലയിടങ്ങളില്‍
വിതറി.,ഒക്കെയും
മുളച്ചു പൂത്തു കായ്-
ച്ചവതന്‍ വിത്തുകള്‍
പടര്‍ന്നു വന്‍കാടാ-
യതിലൂടൊറ്റയ്ക്കു
നടക്കുന്നൂ ചൂള-
മടിച്ചു നിസ്വന്‍ ഞാന്‍.

*അഹങ്കാരിയായ ഒരു പണ്ഡിതകവി തന്‍റെ വരികള്‍ ഒരു കാളയുടെ വായില്‍ കണ്ട് എളിമ പഠിക്കുന്നതായുള്ള ശ്രീരാമകൃഷ്ണന്‍റെ ഒരു കഥയില്‍ നിന്നാണ് ഈ കവിതയുടെ തുടക്കം.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....