Wednesday, February 8, 2017

ഭൂമി സനാഥയാണ് - വയലാര്‍ രാമവര്‍മ്മ

പ്രപഞ്ചഗോപുരവാതിൽ തുറന്നു
പണ്ടു മനുഷ്യൻ വന്നു

ആദിയിലാകാശങ്ങളിൽ നിന്നൊരു
നാദതരംഗം പോലേ
കാലത്തിന്റെ ശിരസ്സിലിരുന്നൊരു
പീലിത്തിരുമുടിപോലേ
സ്വപ്നം കാണും തിരുമിഴികൾക്കൊരു
സ്വാഗതഗാനവുമായി
നക്ഷത്രക്കതിർ നട്ടുവളർത്തിയൊ-
രക്ഷയപാത്രവുമായി

പ്രപഞ്ചഗോപുരവാതിൽ തുറന്നു
പണ്ടു മനുഷ്യൻ വന്നു
വിശ്വപ്രകൃതി വെറുംകൈയോടെ
വിരുന്നു നൽകാൻ നിന്നു.

കോടിയുഗങ്ങൾക്കകലേ - ദൈവം
കൂടിജനിക്കും മുൻപേ
സൂര്യനിൽ നിന്നൊരു ചുടുതീക്കുടമായ്‌
ശൂന്യാകാശസരസ്സിൽ
വീണുതണുത്തുകിടന്നു മയങ്ങി-
യുണർന്നവളല്ലോ ഭൂമി.
വായുവിലീറൻ ജീവകണങ്ങളെ
വാരിച്ചൂടിയ ഭൂമി.

യുഗഹംസങ്ങൾ മേഞ്ഞുനടന്നൊരു
യൂഫ്രട്ടീസിൽ,ടൈഗ്രീസിൽ
സിന്ധുവിൽ,ഗംഗയിൽ,ഹിമവാഹിനികളി-
ലന്നൊരു ഗാനമുയർന്നു
അപാരനിശ്ശബ്ദതയിൽ നിന്നുമൊ-
രാരാധനയുടെ ഗാനം
അണുപരമാണുപരമ്പരകളിലെ
പുനരുജ്ജീവനഗാനം.

ഭൂമിക്കന്നു മനുഷ്യൻ നൽകീ
പൂവുകൾ രോമാഞ്ചങ്ങൾ
കാമുകരായീ സന്ധ്യകൾ , കാറ്റൊരു-
പ്രേമഗായകനായി
ശാരദമേഘം ചാമരമായി
ചന്ദ്രിക ചന്ദനമായി
വാർ മഴവില്ലിൻ വർണപ്പുടവകൾ
വാരിയുടുത്തൂ ഭൂമി.

അന്നുമനുഷ്യൻ തീർത്തൂ ഭൂമിയി-
ലായിരമുജ്ജ്വല ശിൽപ്പങ്ങൾ
അളകാപുരികൾ, മഥുരാപുരികൾ
കലയുടെയമരാവതികൾ.

അഷ്ടൈശ്വര്യസമൃദ്ധികൾ ചൂടി-
യനശ്വരയായീ ഭൂമി
സങ്കൽപ്പത്തിനു ചിറകുകൾ കിട്ടീ
സനാഥയായീ ഭൂമി.

മണ്ണിലെ ജീവിതഖനികളിൽ മുഴുവൻ
പൊന്നു വിളഞ്ഞതു കാൺകെ
സൂര്യൻ കോപം കൊണ്ടു ജ്വലിച്ചു
ശുക്രനു കണ്ണു ചുവന്നു.

ഭൂമിയെയൊന്നു വലം വച്ചൊരുനാൾ
പൂന്തിങ്കൾക്കല പാടീ
"പറഞ്ഞയക്കുക ദേവി- മനുഷ്യനെ-
യൊരിക്കലിവിടെക്കൂടി..."

3 comments:

  1. ഒരുപാട്‌ അന്വേഷിച്ച് നടന്നത് ആണ്... വളരെ നന്ദി..

    ReplyDelete
  2. ഈ കവിതയുടെ അർത്ഥം വിശദമായി പറയാമോ

    ReplyDelete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....