Wednesday, February 8, 2017

വടക്കൻ പാട്ട് - പുനലൂര്‍ ബാലന്‍

വീരതിലകം ചാർത്തി നിൽക്കും വടക്കൻ പാട്ടേ
പുത്തരിയങ്കവാളിൻ കിങ്കിലങ്ങൾ കിലുങ്ങും പാട്ടേ വീണ്ടും
നിന്നെയോർക്കാൻ നേരമായീ വടക്കൻ പാട്ടേ.

ഓതിര കടകങ്ങൾ പൂഴിയായ് പടരുന്നു
ഭൂമിയിൽ കിടിലവും പൂതിയും വളരുന്നു
വാൾമുന മെയ്യിലാകെ കുങ്കുമം അണിയുന്നു
ഹാ!മൃതി ലജ്ജയാർന്നു ശിരസ്സു നമിക്കുന്നു.

ചോരയിൽ തുടിച്ചു മിന്നും വടക്കൻ പാട്ടേ
നേരിനെ പുണർന്നു നിൽക്കും വടക്കൻ പാട്ടേ
കാവിലും കളങ്ങളിലും തുടിക്കും പാട്ടേ വീണ്ടും
നിന്നെയോർക്കാൻ നേരമായി വടക്കൻ പാട്ടേ.

തോറ്റുമാറും കാമുകനെയാട്ടിയോടിച്ച്-വീര-
പ്പട്ടുടുത്തു വാളെടുക്കും കന്നിമങ്കമാർ
ഒറ്റമോന്റെ മൃതി പോലും മാനമായെണ്ണി,കണ്ണീ-
രറ്റ കണ്ണിൽ മിന്നലാഴ്ത്തും വീരമാതാക്കൾ !-വീണ്ടും
നിന്നെയോർക്കാൻ നേരമായീ വടക്കൻ പാട്ടേ.

കാലമേറെക്കഴിഞ്ഞല്ലോ വടക്കൻ പാട്ടേ,മിന്നലു
വാളുകാട്ടി വാനിൽ വന്നു തുടിച്ചു നിൽക്കെ,തെന്നലി-
ലിലയനക്കും മാമരങ്ങളെയടി തെറിപ്പിച്ചേ, കോട-
ക്കാറ്റു വീശാൻ കാലമിന്നും തരിച്ചു നിൽപ്പൂ
കണ്‍കളിൽ വിടർന്നു നിൽപ്പൂ!വീണ്ടും
നിന്നെയോർക്കാൻ നേരമായീ വടക്കൻ പാട്ടേ.

ആളുകേറാ മലയുടെയടിവാരത്തിൽ,നിരവധി-
യാളുകൂടും നാളിൽ വീണ്ടും നിന്നെയോർക്കുമ്പോൾ, നിന്റെ
കളരികൾ തുടിക്കുന്ന ചുടലക്കുള്ളിൽ,ചീറും
ഇടനാടൻ കാറ്റിൽ മാംസം കരിഞ്ഞ ഗന്ധം
നിന്റെ കുരുതിച്ചോര തൻ ചൂടു പകർന്ന ഗന്ധം,നാടിൻ
ച്ചുരങ്ങളിൽ തങ്ങി നിൽക്കുമൊരുറ്റ ബന്ധം,വീണ്ടും
നിന്നെയോർക്കാൻ നേരമായീ വടക്കൻ പാട്ടേ.

നീളത്തിൽ ചിരിക്കുന്ന
താളത്തിൽ കരയുന്ന
മാളത്തിലുറങ്ങുന്ന
മനസ്സുണ്ടിവിടെ!
ആ മനസ്സിന്റെ കോണിലെങ്ങാൻ
ഒരു തുണ്ടു വെട്ടവുമായ്‌
വരികയില്ലയോ നീയെൻ വടക്കൻ പാട്ടേ.

ഒരു കൊച്ചോളം വിടർത്തീ-
ട്ടൊരു വല്യ കടലായി
തനതു വീര്യവും പാടി,യൊഴുകും കുല്യകൾ
പൊട്ടിച്ചിരിക്കും നാളിൽ,വീണ്ടും
നിന്നെയോർക്കാൻ നേരമായീ വടക്കൻ പാട്ടേ.

വീരതിലകം ചാർത്തി നിൽക്കും വടക്കൻ പാട്ടേ
പുത്തരിയങ്ക വാളിൻ കിങ്കിലങ്ങൾ കിലുങ്ങും പാട്ടേ വീണ്ടും
നിന്നെയോർക്കാൻ നേരമായീ വടക്കൻ പാട്ടേ.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....