Wednesday, February 8, 2017

പ്രപഞ്ചാധിനാഥന്‍ - നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍

എന്‍ വിളി കേട്ടുവോ-
യെന്നു പലവട്ടം
തൊണ്ട പൊട്ടിച്ചു ഞാ-
നെന്നിട്ടും നിന്നൊച്ച-
യെന്നിലെത്തുന്നി,ല്ല-
തെന്തു കൊണ്ടെന്നതെന്‍
വിണ്ണില്‍ പകരുമിരവ്!

ഞാനീ വയലിന്‍റെ
മാറിലൂടെന്‍ ചൂടു-
പ്രാണ വിയര്‍പ്പു
തളിച്ചു പറക്കുമ്പോള്‍
എന്‍ ചിറകൊച്ചയായ്.,
നെഞ്ചിടിപ്പായ് നീയൊപ്പ-
മുണ്ടെന്നുറയ്ക്കില്‍ ഞാന്‍
മണ്ണിന്‍ മനസ്സിലെ പൂവ്!

നീയെനിക്കൊപ്പം
വിളിക്കൊച്ചയായുമെന്‍-
ജീവിതോത്തേജകമായുമെന്‍-
പ്രാണബലിഷ്ഠതയായുമെന്‍-
നെഞ്ചില്‍ ചിറകു വിരിക്കുമ്പോള്‍
രാവിറങ്ങാത്തെളി വിണ്ണായി,
പൂവായ് വിരിയുന്ന മണ്ണായി
നാമിവിടെന്നെന്നു-
മുണ്ടാകുമെന്നൊരു
പാട്ടു പൊലിക്കുന്നെന്‍ നാവില്‍!

വാനൂഴിയാഴി-
കാലങ്ങളതേറ്റു പാടുമ്പോള്‍
നാമേ പ്രപഞ്ചാധി-
നാഥത്വമെന്ന നേ-
രല്ലോ പിറക്കുന്നൂ നമ്മില്‍!

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....