കരയുടെ
പെനാല്‍റ്റിബോക്സിനുള്ളില്‍
കടലിന്നാക്രമണം.
ഉരുക്കുകോട്ട
തകര്‍ക്കാന്‍ വയ്യാ..
തുടനേ പിന്‍മാറ്റം .
കരുത്തുകൂട്ടി
കുതിച്ചുകേറി
തുടരന്‍ മുന്നേറ്റം .
ചീനിയുമോലപ്പീപ്പിയുമായി
കാണാ ഗ്യാലറിയില്‍
മത്സരമുത്സവമാക്കിമദിക്കും
കാറ്റിന്‍ സാന്നിധ്യം .
വാകകള്‍
തെങ്ങുകവുങ്ങുകളാടീ
കേരള സാംബാനൃത്തം .
ഇടയ്ക്കു വന്നൊരു
നീലപ്പൊന്‍മാന്‍
ചിലച്ചു ചോദിച്ചു
മറന്നു പോയോ
സന്തോഷ് ട്രോഫി ,
ഒടുക്കമിന്നാണ്.
നഗ്നപാദരാമോര്‍മകള്‍ ബൂട്സിന്‍
ശക്തിയിലേക്കമര്‍ന്നു പോകുന്നു .
കട്ടിയിരുട്ടത്തുരുട്ടിച്ചുരുട്ടി
വെട്ടത്തു വച്ച പീരങ്കി
തുപ്പിയ തീപ്പന്തമോര്‍ത്തു മൌനത്തിന്‍
കല്‍ക്കരി തിന്നിരിക്കുമ്പോള്‍
അപ്പുറത്തെന്താണൊരാരവം
സ്റ്റേഡിയം
കത്തുന്ന പൌരുഷശബ്ദം .
ദിക്കുകള്‍ ഞെട്ടിത്തെറിക്കെ
കാല്‍പ്പന്തിനാല്‍
അത്ഭുതം കാട്ടീ മിടുക്കന്‍ .
സ്വര്‍ണബംഗാളി ന്‍റെ
ഗോള്‍വല ഭേദിച്ചു
കന്നിത്തെലുങ്കിന്‍റെ സൈന്യം .
മൈതാനമധ്യത്ത്
ഇടത്ത്
അതിര്‍രേഖയില്‍
വായുവില്‍
മുന്നില്‍
വലത്തെ കോര്‍ണറില്‍....
ഭ്രാന്തുപിടിച്ചപോല്‍ പന്തിന്‍റെ
വേഗവിന്യാസപ്രഹരം .
കാലില്‍ നിന്നും നെഞ്ചി ലേക്ക്
നെഞ്ചില്‍ നിന്നും തലയിലേക്ക്
തലയില്‍ നിന്നും .....
ശത്രുപക്ഷം കിടുങ്ങിയ
കത്രികക്കട്ടിലുഗ്രവേഗത്തില്‍
കുതിക്കയാണ്
ഇരുകാല്‍ക്കുതിരകള്‍
കാഞ്ചി വലിച്ച തോല്‍പ്പന്ത് .
ക്രോസ്ബാറു മുട്ടി
നിറഞ്ഞു നില്‍ക്കും ഗോളി
വിശ്രുതന്‍ തങ്കരാജിന്‍റെ
ദീര്‍ഘഹസ്തങ്ങള്‍ക്ക്
പാദപ്പെരുമയ്ക്ക്
കീഴ്പ്പെടാന്‍ സമ്മതിക്കാതെ
പച്ച കുരുത്ത പഥത്തിലൂടങ്ങനെ
കത്തിപ്പറന്നു ഭൂഗോളം .
ശ്വാസമിപ്പോള്‍ വിട്ടതേയുള്ളൂ കാണികള്‍
നീള്‍വിസില്‍ മീട്ടി റഫറി .
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
Tuesday, February 21, 2017
സ്റ്റേഡിയം - കുരീപ്പുഴ ശ്രീകുമാർ
Subscribe to:
Post Comments (Atom)
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....