എന്റെ കൈകളില്‍
രക്തം പുരണ്ടിരിക്കുന്നു.
ശത്രുവിന്‍റെത് എന്ന് രാഷ്ട്രം
മനുഷ്യന്റേത് എന്ന് ഞാന്‍.
അവന്റെ വീഴ്ച എന്റെ കണ്ണില്‍ നിന്ന്
മായുന്നതേയില്ല.
ആശ്ലേഷിക്കണം എന്നുണ്ടായിരുന്നു
കുടുംബത്തെയും കുഞ്ഞുങ്ങളെയും കുറിച്ച്
ചോദിക്കണം എന്നുണ്ടായിരുന്നു
പക്ഷെ അവനെ ഞാന്‍ ഭയന്നു,
അവന്‍ എന്നെയെന്നപോലെ തന്നെ.
ആരായിരുന്നു ആ ഭയം സൃഷ്ടിച്ചത്?
അതിര്‍ത്തികള്‍ സൃഷ്ടിച്ചവര്‍ തന്നെ.
എനിക്ക് അവന്റെ പ്രിയപ്പെട്ടവരോട്
മാപ്പു പറയണം. അവന്റെ കുഞ്ഞിനു മുന്നില്‍
മുട്ടു കുത്തണം.
നിറയൊഴിക്കുംമുന്‍പ് ഞാന്‍ അവന്റെ
കണ്ണിലേക്കു നോക്കി, അവിടെ അല്‍പ്പമെങ്കിലും
ക്രൂരത ഉണ്ടായിരുന്നെങ്കില്‍ എനിക്കു
അതൊരു ന്യായമായേനെ. ഇല്ല.
മൈത്രി, കരുണ, ദു:ഖം, മാത്രം.
നെഞ്ചുപൊത്തി വീഴുമ്പോള്‍ അവന്‍
എന്താവും ഓര്‍ത്തിരിക്കുക?
സ്കൂളില്‍ പോകും വഴി പറിച്ചു തിന്ന
കാട്ടുപഴത്തിന്റെ മധുരച്ചവര്‍പ്പ്?
ചെറുപ്പത്തില്‍ കൂട്ടുകാരൊത്തു
പാടിയ പാട്ട്? കാമുകിയ്ക്കെഴുതിയ
അവസാനത്തെ കത്ത്?
നാട്ടിന്പുറത്തെ ഇടവഴിയില്‍ നട്ടിരിക്കുന്ന
അമ്മയുടെ കാഴ്ച മങ്ങിയ കണ്ണുകള്‍?
വിളഞ്ഞ നെല്‍വയലിലെ കുളിര്‍കാറ്റ്?
തന്റെ ശവപ്പെട്ടി വണ്ടിയില്‍ നിന്ന്
ഇറക്കുന്നതു കാണുമ്പോള്‍
അനിയത്തിയുടെ കരച്ചില്‍?
സൈനികന്നു വികാരം വിധിച്ചിട്ടില്ല.
മുളയില്‍തന്നെ ചോദ്യങ്ങള്‍ കരിയുന്ന
മരുഭൂമിയിലൂടെയുള്ള നടത്തം മാത്രം.
കേവലം തളിക്കുന്നവന്റെ കല്‍പ്പന കേള്‍ക്കുന്ന
ആടിന്റെ അവസാനിക്കാത്ത മൌനം മാത്രം
കഴുത്തില്‍ കത്തി വീഴുന്ന കാളയുടെ
ആന്തലും പിടച്ചിലും മാത്രം.
വീരഗാഥകള്‍ക്കു വിട.
ഒരു സ്വര്‍ഗ്ഗവും എന്നെ കാത്തിരിക്കുന്നില്ല.
നരകത്തില്‍ നാം ഒരേ പാത്രത്തില്‍ നിന്ന് വിഷമുണ്ണും.
മുള്‍മെത്തയില്‍ ഒന്നിച്ചുറങ്ങും
അതിരുകള്‍ ഇല്ലാതാകുന്ന ഒരു ലോകത്തിന്റെ
അസാധ്യസ്വപ്നം കണ്ടു ഒന്നിച്ചു പൊട്ടിക്കരയും.
സുഹൃത്തേ ......
ReplyDeleteഒരു പിടച്ചിലോടെയല്ലാതെ ഈ വരികൾ വായിച്ചു തീർക്കാനാവുന്നില്ല.
ഗംഭീരമായ എഴുത്ത്
👌👏
ReplyDelete