Saturday, February 4, 2017

രണ്ട് - പി എൻ ഗോപീകൃഷ്ണൻ

ചെറുപ്പത്തിൽ
ഞാൻ എന്ന് പറയാൻ
പഠിച്ചിട്ടില്ലായിരുന്നു.
അതിനാൽ
ഗോപിയ്ക്കിതുവേണം ഗോപിയ്ക്കതുവേണം
എന്ന്
പറഞ്ഞു കൊണ്ടേയിരുന്നു .

ഞാൻ
മറ്റാരോ ആണെന്ന മട്ടിൽ

അങ്ങനെയാണ്
രണ്ടായത് .

ഒരേ ഉടലിൽ
ഞാനും ഗോപിയും
ഗോപിയും ഞാനും
ഒരുമിച്ചോ
വെവ്വേറെയോ
പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു .

ഗോപി പഠിക്കുമ്പോൾ
ഞാൻ ഉറങ്ങി .
ഗോപി ചമഞ്ഞപ്പോൾ
ഞാൻ നഗ്നനായി .
ഗോപി ടിക്കറ്റെടുത്തപ്പോൾ
ഞാൻ കള്ളവണ്ടി കേറി .

എന്നാൽ
എപ്പോഴും
അവർ എതിരായിരുന്നില്ല .

ഞാൻ രുചിയ്ക്കുമ്പോൾ
ഗോപി സന്തോഷിച്ചു .
ഞാൻ കുടിച്ചപ്പോൾ
ഗോപി നൃത്തം ചെയ്തു .
ഒരാൾ ചിരിയ്ക്കുമ്പോൾ
ഒരാൾ പ്രകാശിച്ചു .

എന്നാൽ
അവർ
പൂരകങ്ങൾ മാത്രവും
അല്ലായിരുന്നു .

ഗോപി ശരീരിയായപ്പോൾ
ഞാൻ അശരീരി .
ഗോപി ഉദ്യാനമൊരുക്കുമ്പോൾ
ഞാൻ കാട് നട്ടു.
ഗോപി കാര്യകാരണങ്ങൾ പറയുമ്പോൾ
വെള്ളത്തിൽ നീളത്തിൽ കാണുന്നത്
മാനത്ത് വട്ടത്തിലാണെന്നു ഞാൻ .

പിന്നീട് ഞാനിൽ ഉറയുമ്പോൾ
ഞാൻ ചോദിക്കുന്നു :
ആരാണ് ഗോപി ?

എന്റെ ഒഴുക്കിനെ
തടസ്സപ്പെടുത്തുന്ന പാറ ?
എന്റെ ഖരം
ദ്രവീകരിക്കുന്ന വേനൽ ?
എന്റെ പ്യുപ്പ
വെട്ടിത്തുറന്ന ശലഭം ?
ഞാനും ഞാനും തമ്മിലുള്ള
സംഭാഷണത്തുടർച്ച ?
ആഴത്തിൽ ഒളിച്ചിരിക്കുന്ന
സ്വവർഗ്ഗ പ്രണയം ?

ഒരിക്കൽ എതിരേ വന്ന്
കൈ തന്നാൽ
ഞാൻ
ഗോപിയെ തിരിച്ചറിയുമോ ?
രാത്രി ബെൽ മുഴങ്ങുമ്പോൾ
ജനൽ മാത്രം തുറന്ന്
ആരാ എന്നാരായുമ്പോൾ
ഇരുട്ടിൽ പതുങ്ങുന്ന ഗോപിയെ
കള്ളനായ് ഞാൻ കരുതില്ലേ ?

അറിയില്ല .

പക്ഷെ
പ്രണയിക്കാൻ
കലഹിക്കാൻ
ഞാൻ ഭയക്കുന്നിടത്തൊക്കെ
ഗോപിയ്ക്ക്
ഒരു കൂസലും ഇല്ല .

ഗോപി എന്ന് ഒപ്പിടുമ്പോഴും
ഗോപീ എന്ന വിളികേട്ട്
തിരിഞ്ഞു നിൽക്കുമ്പോഴും
അയാളിൽ നിന്ന്
ഞാൻ ബഹുദൂരം
ഇറങ്ങി നടക്കാറുണ്ട് .

അപ്പോഴൊക്കെ
വളരെ ദൂരം പോകും മുൻപ്
അയാൾ എന്നെ തിരിച്ചു വിളിക്കാറുമുണ്ട് .
പേരിന്റെ അതാര്യമായ ബർലിൻ മതിൽ
ആര് പൊളിക്കും
എന്ന് ഖേദപ്പെടാറുണ്ട് .

അതിന്
അപ്പുറമിപ്പുറം
ഞങ്ങളെ
ബഷീറും നാരായണിയുമാക്കണേ
എന്ന്

കവിതപ്പെടാറുണ്ട് .
..........................................................................

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....