വാതിൽക്കലാരോ
കിണ്ണം താഴെവച്ചതാരെന്നു
ചോദിച്ചു വാ നീ, ചോറ്
പിന്നെയാം അലമേലു…
ആരിത് സാക്ഷാല്‍ കല്ലൂക്കാരനോ
കൊള്ളാം നീ കണ്ടോരുവാന്‍ വയ്യാത്തപോല്‍
വെളുത്തു തടിച്ചല്ലോ
കോളേജും കഴിഞ്ഞു നീ ലണ്ടനില്‍
പഠിക്കാന്‍ പോന്നാളേറെത്തിടുക്കത്തില്‍
വന്നു കണ്ടതാണെന്നെ
സന്തോഷം!!
പഠിച്ചു നീ എഞ്ചിനീയറായ് അല്ലേ
എന്തോതാം പെന്‍ഷന്‍ പറ്റി
ഞാനേവം കിടപ്പിലായ്
പണ്ടെപ്പോല്‍ നില്‍ക്കേണ്ട നീ ഇരിക്കൂ
വയ്യാ വാതംകൊണ്ടേറ്റം തളര്‍ന്നു ഞാന്‍
ഇപ്പോള്‍ നീ കാണും വിധമെന്മകളലമേലുവാണു
ചോര്‍കുഴച്ചെന്നെയമ്മപോലൂട്ടുന്നത്
ശൈശവം രണ്ടാമതും
ഉണ്ടിവള്‍ ആണ്മക്കളോ
ബോംബെയില്‍ മദ്രാസിലും
പണ്ടുമിപ്പട്ടന്മാര്‍ക്ക് പരദേശമേ ദേശം…
മെല്ലെ നീയൂട്ടൂ മെല്ലെ മകളേ
ഇടക്ക് ഞാന്‍ ചൊല്ലട്ടെ വിശേഷങ്ങള്‍
ഇവന്‍ എന്‍ പ്രിയശിഷ്യന്‍ !
മാസ്റ്റരിങ്ങനെ ഓര്‍ത്തും പറഞ്ഞും ക്ഷീണിക്കേണ്ട
മാറ്റമെത്രമേല്‍ വന്നൂ കണ്ടറിഞ്ഞീലാ ഞാനും
ഇന്നുമാരംഗം ഞാനോര്‍ക്കുന്നു!
ഹൈസ്ക്കൂളില്‍ പണ്ട് കുന്നുകൾക്കിട-
യ്ക്കാനപോലങ്ങു നടക്കവേ
ചൂരലെന്തിനു കയ്യില്‍
ചൂളിയില്ലയോ പുലിവീരരാം
വിദ്യാര്‍ത്ഥികള്‍ പോലും
ആ ഘനം കാണ്‍കെ!!
പലനാളടുത്താലും അങ്ങയെയൊരു താക്കോല്‍ പഴുതിലൂ-
ടെന്നപോൽ മാത്രമേ കണ്ടൂ ഞങ്ങള്‍
സ്വൈരമാം തെളിവാക്കില്‍ ജ്ഞാനത്തിന്നഗാധത
ഗൌരവപ്പുരികത്തിന്‍ കീഴിലാ സ്നേഹാര്‍ദ്രത…
പോയകാലത്തിന്‍ മേനി പറഞ്ഞിട്ടെന്തുണ്ട്
എനിക്കായപോല്‍ പഠിപ്പിച്ചു ഭരിച്ചൂ
വിരമിച്ചു.. നിങ്ങളെ സമ്പാദിച്ചു,
കാലമെന്‍കയ്യും കാലും ചങ്ങലക്കിട്ടാലെന്ത് !
നിങ്ങളില്‍ ഞാന്‍ ജീവിപ്പൂ…
മകളേ അലമേലു പോരുമീ-
ക്കല്ലൂക്കാരന്‍ ചോറൂട്ടട്ടെ ഹാ
ക്രിസ്ത്യനെന്നൊഴിയൊലാ!!
ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍
അറിവുരുളയുരുട്ടി ഞാന്‍ നിന്നേയൂട്ടീലേ മുന്നം
പകരമെനിക്ക് ചോര്‍കുഴച്ചു തരൂ
കേമന്‍ മകനാലൂട്ടപ്പെട്ടെന്‍
മാനസം കുളിരട്ടെ!!