ഇങ്ങു ദൂരത്തുണ്ടൊരോര്‍മ്മ, നേരിയിട്ടു-
മുണ്ടായിരുന്നുവോ നമ്മള്‍?
പായുന്ന മേഘങ്ങളായ്, തിളങ്ങിക്കണ്ട
രൂപങ്ങള്‍ തേഞ്ഞുതീരുമ്പോള്‍
സന്ദേശവാക്യങ്ങള്‍ മാഞ്ഞു സായംകാല
സന്ദേഹമായി മാറുമ്പോള്‍,
അന്തിച്ചെമപ്പിന്നിടയ്ക്കുതിര്‍ന്നമ്പിളി-
ച്ചെമ്പകത്തെല്ലൊടുങ്ങുമ്പോള്‍
എല്ലുകള്‍ക്കുള്ളില്‍ക്കരണ്ടുനീങ്ങും ശീത-
സംക്രമം പൂര്‍ണമാവുമ്പോള്‍
കല്യാണസൗഗന്ധികം മുണ്ടുപെട്ടിയില്‍-
ക്കണ്ണെത്തിടാതൊളിക്കുമ്പോള്‍
ഇപ്പടിക്കെട്ടു പാറക്കെട്ടുപോല്‍
മുന്നി-
ലുദ്ധതം കോട്ട കെട്ടുമ്പോള്‍
പിച്ചവയ്ക്കും പൈതലെന്നപോലീ വിരല്‍
ചുറ്റുവാനൂന്നു തേടുമ്പോള്‍
വെള്ളത്തില്‍ നീണ്ടുവീഴും നിഴല്‍ പോലെ.,യ-
ന്നുണ്ടായിരുന്നുവോ നമ്മള്‍?
ഉണ്ടായിരുന്നുവോ കൂട്ടുകാരായ്,അന്നു
രണ്ടുപേരായിട്ടു നമ്മള്‍?
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
Thursday, March 22, 2018
ഉണ്ടായിരുന്നുവോ നമ്മള്‍? - വിജയലക്ഷ്മി
Monday, March 13, 2017
ഇനിയെന്ത് വില്‍ക്കും ? - വിജയലക്ഷ്മി
പുഴയെ , കാറ്റിനെ , വെയിലിനെ വില്‍ക്കാന്‍
മഴയെ മണ്ണിന്റെ തരികളെ വില്കാന്‍
പതിനാലാം രാവിന്റെയഴകിനെ വില്കാന്‍
പുലരിതന്‍ സപ്ത സ്വരങ്ങളെ വില്കാന്‍
അവര്‍ വിളിക്കയായ് ..വരിക, ലോകത്തിന്‍
പെരുമടീശീലതലവരേ ..നീല -
മലകള്‍ നിങ്ങള്‍ക്കു കുഴിചെടുക്കുവാന്‍
ഹരിതവൃക്ഷങ്ങള്‍ പിഴുതെടുക്കുവാന്‍
മകരവും മഞ്ഞും കുളിരും നിങ്ങള്‍ക്കു
മറന്നു പോകാതെ പൊതിഞ്ഞെടുക്കുവാന്‍
അലക്കിത്തേച്ച വെണ്ചിരിയുമായ് നാടു
മുറിച്ചു വില്‍ക്കുവാന്‍ കൊതിച്ചു നില്‍പ്പവര്‍
വിളിച്ചു കൂവുന്നു ..നുറുക്കു കേരളം ..
മുറിചെടുക്കുകീ കശാപ്പു കത്തിയാല്‍
ഇനി വില്‍കാനുണ്ട് , തിരിച്ചറിയലിന്‍
തുറുപ്പു ചീട്ടൊന്നു കഴുത്തിലിട്ടവര്‍
ഇറച്ചിക്കും വേണ്ടാത്തവര്‍ ..ശതകോടി
അവരെ താങ്ങുവാന്‍ വരുവതാരിനി ?
Saturday, February 25, 2017
വിനോദം - വിജയലക്ഷ്മി
പ്രൈം ടൈമില്‍
കവിയും ഗാനരചയിതാവും
ഒരുമിച്ചു നടക്കാനിറങ്ങി,
വംശഹത്യയുടെ തെരുവില്‍
കല്ലേറ് ..കൊല ..ശോഭയാത്ര
തല പൊട്ടിയ കവി നിലത്തിരുന്നു
പെട്രോളും തീപ്പെട്ടിയും ഓടി വന്നു
ഗാനരചയിതാവില്‍ നിന്നു
മധുരപദങ്ങളുടെ പൂമഴ
ഭസ്മം, ചന്ദനം, കളഭം, തീര്‍ത്ഥം, അമ്പലം
എറിയുന്നവര്‍ കല്ല് നിലത്തിട്ടു
തലയറുക്കപ്പെട്ട ശരീരം ചാടിയെണീറ്റ്
സിനിമാറ്റിക് ഡാന്‍സ് ആരംഭിച്ചു
അപ്പോള്‍ ഷോറൂമിലെ
ടി.വി സെറ്റിനുള്ളില്‍ നിന്നു
സുന്ദരിയായ പെണ്‍കുട്ടി
കൊഞ്ചി ചോദിച്ചു ;
"നിങ്ങള്‍ക്കിനി ഏത് പാട്ടാ വേണ്ടത്? "
Saturday, July 23, 2016
മുദ്ര - വിജയലക്ഷ്മി
അല്ലിലംബരം പെയ്ത നക്ഷത്ര-
ത്തെല്ലെടുത്തു പൂവായ് ചമയ്ക്കാനും,
കൊറ്റിനായ് കതിര്‍ക്കറ്റയേകാനും,
കാറ്റടിക്കുമ്പൊഴാടിക്കുനിഞ്ഞുള്‍-
ത്തോറ്റമൊപ്പിച്ചുറഞ്ഞു തുള്ളാനും,
കോലുമെങ്കിലെന്തിത്ര മേലില്ലെ-
ന്നേകജാതന്നു സര്‍ഗ്ഗചൈതന്യ-
ശ്രീവിലാസം തെളിച്ചുകാട്ടാനും,
വിത്തിനുള്‍പ്പേറ്റുനോവാറ്റുവാനും,
ഒച്ചുകള്‍ക്കുള്ള സ്വര്‍ഗ്ഗസായൂജ്യം
സ്വപ്നമെന്നോര്‍ത്തു കണ്ണുപൂട്ടാനും,
ച്ചേര്‍ത്തു മാന്‍കിടാവൂറ്റിയെന്നാലും
ചാടിവീണ ശാര്‍ദ്ദൂലവീര്യത്തില്‍-
ച്ചാരുവായ്ച്ചേര്‍ന്നു കാടിളക്കാനും,
ഷഡ്പദത്തിന്നു വീടൊരുക്കാനും,
അംഗുലപ്പുഴുക്കള്‍ മടുത്തെന്നാ-
ലന്തിയായാലൊളിച്ചിരുത്താനും,
ശല്യമായ്ച്ചെന്നു കാഴ്ചപോക്കാനും,
കുഞ്ഞുവായില്‍പ്പതിന്നാലുലോകം
കണ്ടൊരമ്മമാര്‍ക്കര്‍ഘ്യമാകാനും,
മര്‍മ്മമേരകത്താല്‍പ്പിളര്‍ക്കാനും,
അന്ത്യപൂജയില്‍ മോതിരച്ചുറ്റായ്
പുണ്യതീര്‍ത്ഥങ്ങളിലൂര്‍ന്നുവീഴാനും,
നിദ്രതന്നടുക്കല്‍ക്കീഴടങ്ങി
അക്ഷയശ്രീയെഴും കൊടിക്കൂറ
കാഴ്ചവെച്ചുള്ള രാജാധിരാജര്‍
ഉച്ചിവച്ച മഹാസ്മാരകങ്ങള്‍
നിഷ്ഫലം പൊടിക്കുന്നായടങ്ങി
ശിഷ്ടകാലം കഴിക്കുന്നിടത്തില്‍-
ക്കൊച്ചുവേരില്‍ച്ചിരിച്ചു നില്‍ക്കാനും,
ഏതൊരാണവച്ചാരത്തിലാട്ടേ,
ഏതു നൂറ്റാണ്ടിനോടയില്‍ത്താഴും
ഭൂതമാവട്ടെ ഭാവിയാവട്ടേ,
മുദ്രവയ്ക്കാനൊതുക്കിവയ്ക്കാനും
മന്നിലിത്രമേല്‍ത്താണുനിന്നാലും
പുല്ലിനല്ലാതെയാര്‍ക്കു സാധിക്കും?
Sunday, March 27, 2016
വൃശ്ചികം - വിജയലക്ഷ്മി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
നിലാവിന്റെ കൈകോര്‍ത്തു താഴേയ്ക്കിറങ്ങി
നിഴല്‍തോറും ഉന്മത്ത ഭാവം പകര്‍ത്തി
മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
ഉറങ്ങും ജനലായ്ക്കടുത്തൊന്നു നിന്നും
പടിക്കെട്ടിലല്‍പ്പം തളര്‍ന്നും ഇരുന്നും
ഉറങ്ങും ജനലായ്ക്കടുത്തൊന്നു നിന്നും
പടിക്കെട്ടിലല്‍പ്പം തളര്‍ന്നും ഇരുന്നും
നിലയ്ക്കാത്ത കാലൊച്ച കേള്‍ക്കാതെയാക്കി
നിരത്തും സരിത്തും നടപ്പാതയാക്കി
മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
നിലാവിന്റെ കൈകോര്‍ത്തു താഴേയ്ക്കിറങ്ങി
നിഴല്‍തോറും ഉന്മത്ത ഭാവം പകര്‍ത്തി
ഭാവം പകര്‍ത്തി..
പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണ യാമം
വിദൂരം വിറയ്ക്കുന്ന വെണ്മേഘ തീരം
പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണയാമം
വിദൂരം വിറയ്ക്കുന്ന വെണ്മേഘ തീരം
കരിങ്കായലോരം പെരും ചക്രവാളം
പെരും ചക്രവാളം
വിരല്‍ തൊട്ടളന്നും നുകര്‍ന്നും സലീലം
തരംഗം സ്വകീയം പകര്‍ന്നൊന്നു നിന്നും
വിരല്‍ തൊട്ടളന്നും നുകര്‍ന്നും സലീലം
തരംഗം സ്വകീയം പകര്‍ന്നൊന്നു നിന്നും
അടുത്താകിലൊന്നിട്ടിറുത്തൊന്നെടുക്കാന്‍
ലഭിയ്ക്കാത്തതെന്തു തിരഞ്ഞുള്ളുടഞ്ഞു
മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
തിരിച്ചെത്തിയെന്നില്‍ ലയിച്ഛേ നിലയ്ക്കും
നിരാകാര സഞ്ചാരിയീ മൂക രൂപംതിരിച്ചെത്തിയെന്നില് ലയിച്ഛേ നിലയ്ക്കും
നിരാകാര സഞ്ചാരിയീ മൂക രൂപം
മനസ്സായിരുന്നു മരുത്തായിരുന്നു
മറക്കാത്ത സന്ദേശമൊന്നായിരുന്നോ
ഒന്നായിരുന്നോ..
Thursday, March 24, 2016
മഴ - വിജയലക്ഷ്മി
യാത്രികന്‍ വന്നു
വീണ്ടുമീ കര്‍ക്കടം
എത്രയെത്രയോ കാലമായെങ്കിലും
അല്പനാള്‍ മുമ്പിലെന്നപോല്‍
ജന്നലില്‍ ഒറ്റമിന്നലില്‍
വീണ്ടും പഴയ ഞാന്‍
കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍
ചോട്ടിലെങ്കിലും
മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരീ
മഴചാറ്റലിന്‍ ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും
ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
ഓടിവന്ന വസന്തം തിരിച്ചുപോയ്
ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും
ഊന്നുകോലും ജരാനരാദുഃഖവും
നാമൊരിയ്ക്കല്‍ നനഞ്ഞൊരാഷാഢവും
ചൂടി അന്നു നടന്ന വഴികളില്‍
വേനലായ് മഞ്ഞുവന്നുപോയ്
പിന്നെയോ പിന്നെയോ കാനല്‍മാത്രം കടുത്തു
വരള്‍ച്ചയില്‍ കാട്ടുപൂക്കള്‍ കടലാസുപൂക്കളും
കാത്തു നമ്മളില്‍ കാടും നഗരവും
കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തു ഞാന്‍
നിന്റെ തേരുരുള്‍ കാക്കിലും
ഓര്ത്തുവെയ്ക്കില്ലൊരിയ്ക്കലു
തീയെരിഞ്ഞ തിരശ്ശീല ഞാന്നൊര-
പ്പോയകാലജലച്ചായ ശേഖരം
നീ വരുമ്പോള്‍ തുറക്കുകയാണു ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിയ്ക്കുകയാണു ഞാന്‍
ആടിമാസമേ നിന്നസിതം മുഖം
നീലകേശം നിലയ്ക്കാത്ത സാന്ത്വനം
പുല്‍ക്കൊടികളില്‍ പൂഴിയില്‍ വീണു നീ
പുഷ്പമായും പരാഗമായും
മഹാവൃക്ഷമാകേണ്ട ബീജമായും മാറും
അത്ഭുതങ്ങളറിഞ്ഞൊരാ നാളുകള്‍
ഛന്നമായ് നിന്‍ കുളിര്‍മ്മയിലേയ്ക്കു
തന്‍ സന്നമാം മുഖം പൂഴ്ത്തിയ
നിസ്തേജനെന്റെ സൂര്യനെ
നീ മഴവില്ലിന്റെ ഇന്ദ്രജാലം പഠിപ്പിച്ച നാളുകള്‍
നീരുറവകള്‍ നീണ്ട നിഴലുകള്‍
നീറിവീണു കനത്തിരുണ്ടെങ്കിലും
ആയിരങ്ങള്‍ക്കിടയ്ക്കൊരു പുഞ്ചിരി
തേടുമുള്ളിലെ ഗ്രാമീണപീഡനം
രാവുനീന്തിക്കടക്കെ ഉച്ചത്തിലായ്
ദൂരെ തിത്തിരിപക്ഷിതന്‍
രോദനം പോലെ മാറ്റൊലിക്കൊള്‍കെ
മറ്റൊന്നുമില്ലാടിമാസമേ
ആടിമാസമേ നിന്നസിതം മുഖം
നീലകേശം നിലയ്ക്കാത്ത സാന്ത്വനം
ആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
ആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍
Friday, March 18, 2016
സമര്‍പ്പണം - വിജയലക്ഷ്മി
പൊന്മഷി വേണമെനിക്കീ പ്രപഞ്ചവും;
മിന്നൽ,ഇടിമുഴക്കങ്ങൾ,മഴ,വെയിൽ
നിന്നെക്കുറിച്ചെൻ വികാരമാണൊക്കെയും
ആകാശ നീലമോ നിൻറെ സിംഹാസനം,
ആഴിയിൽ നിൻറെ നാമോച്ചാരണ സ്വനം .
ഞാനടി വെയ്ക്കുമീ മണ്ണിലോരോ തരി-
ച്ചോടിലും നിൻറെ സ്നേഹാക്ഷരാലിംഗനം
അസ്തമയത്തിൽ നിന്നാത്മാഗ്നി, പാതിരാ-
നക്ഷത്ര മണ്ഡലം നിൻ ശുഭസ്പന്ദനം
വായുവിൽ നിൻറെ സന്ദേശം,ജലത്തിലോ
ജീവനേകുന്ന സ്വച്ഛന്ദരാഗാമൃതം
ഓമനേ,നിന്മുന്നിലെന്നെ വെച്ചിങ്ങനെ
മാറിനിൽക്കുന്നു ഞാൻ,സ്വീകരിക്കില്ലയോ??