Showing posts with label Federiko Garsiya lorka. Show all posts
Showing posts with label Federiko Garsiya lorka. Show all posts

Friday, March 11, 2016

നിശാഗീതം - ഫെദെറികൊ ഗാര്‍സിയ ലോര്‍ക

വിവർത്തനം: ബാലചന്ദ്രൻ ചുള്ളിക്കാട്


മരണം വന്നുപോകുന്നു
മദ്യശാലയിലെപ്പൊഴും.


കരിം‌കുതിരകൾക്കൊപ്പം
ദുഷ്ടരായ മനുഷ്യരും
തിങ്ങിക്കടന്നുപോകുന്നൂ
ഗിഥാറിൻ താഴ്ന്ന പാതയിൽ.


കടൽത്തീരത്തു കാറ്റത്തു
വിറയ്ക്കും പൂത്തപൊന്തയിൽ
മണക്കുന്നുണ്ടൊരേപോലെ
ഉപ്പും പെണ്ണിന്റെ ചോരയും.


മൃത്യു കേറിയിറങ്ങുന്നു
മദ്യശാലയിലെപ്പൊഴും.

ഞാന്‍ മരിക്കുമ്പോള്‍ - ഫെദെറികൊ ഗാര്‍സിയ ലോര്‍ക

വിവർത്തനം: ബാലചന്ദ്രൻ ചുള്ളിക്കാട്


ഞാൻ മരിക്കുമ്പോൾത്തുറന്നിടൂ ജാലകം.
നാരങ്ങ തിന്നുന്ന കുട്ടിയെക്കാണട്ടെ.

ഞാൻ മരിക്കുമ്പൊഴാ വാതിൽ തുറന്നിടൂ
പാടത്തു കൊയ്ത്തുകാർ പാടുന്ന കേൾക്കട്ടെ.


ഞാൻ മരിക്കുമ്പൊഴീ ലോകം തുറന്നിടൂ.