Wednesday, October 7, 2026

ഗാന്ധിയും കവിതയും -സച്ചിദാനന്ദൻ


ഒരു ദിവസം മെലിഞ്ഞ ഒരു കവിത
ഗാന്ധിയെ കാണാന്‍ ആശ്രമത്തിലെത്തി
കുനിഞ്ഞിരുന്ന് രാമനിലേയ്ക്കുള്ള നൂല്‍-
നൂല്‍ക്കുകയായിരുന്നു ഗാന്ധി


താന്‍ ഒരു ഭജനായാകാത്തതില്‍ ലജ്ജിച്ച്
വാതിലില്‍ തന്നെ നിന്ന കവിതയെ
ഗാന്ധി ആദ്യം ശ്രദ്ധിച്ചില്ല
കവിത മുരടനക്കിയപ്പോള്‍
ഗാന്ധി നരകം കണ്ട തന്റെ കണ്ണടയിലൂടെ
ഇടം കണ്ണിട്ട് നോക്കി ചോദ്യമാരംഭിച്ചു..


എപ്പോഴെങ്കിലും നൂല്‍ നൂറ്റിട്ടുണ്ടോ?
തോട്ടിയുടെ വണ്ടി വലിച്ചിട്ടുണ്ടോ?
വെളുപ്പിനെണീറ്റ് അടുക്കളയിലെ പുകയേറ്റിട്ടുണ്ടോ?
എപ്പോഴെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ?


കവിത പറഞ്ഞു..
ജനിച്ചത് കാട്ടിലായിരുന്നു
ഒരു നായാടിയുടെ വായില്‍
വളര്‍ന്നത് മുക്കുവത്തിയുടെ കുടിലിലും
എങ്കിലും പാട്ടല്ലാതെ ഒരു തൊഴിലും അറിയില്ല
കുറെക്കാലം പാട്ടുപാടി കൊട്ടാരങ്ങളില്‍ കഴിഞ്ഞു
അന്ന് വെളുത്ത് കൊഴുത്തിരുന്നു
ഇപ്പോള്‍ തെരുവിലാണ് അരവയറില്‍.


ഗാന്ധി പുഞ്ചിരിച്ച് പറഞ്ഞു..
ഈ ഒടുവില്‍ പറഞ്ഞ കാര്യം നല്ലതു തന്നെ!
പക്ഷെ; സംസ്കൃതം പറയുന്ന ശീലം
മുഴുവനുപേക്ഷിയ്ക്കണം..
വയലിലേയ്ക്ക് ചെല്ലൂ..
കര്‍ഷകര്‍ സംസാരിയ്ക്കുന്നത് ശ്രദ്ധിയ്ക്കൂ..


കവിത ഒരു വിത്തായി രൂപം മാറി
വയലിലെത്തി പുതുമഴപെയ്ത്
നിലമുഴുതു മറിയ്ക്കാന്‍
കൃഷിക്കാരനെത്തുന്ന ദിവസവും-
കാത്ത് കിടന്നു..!

 

Tuesday, October 6, 2026

ഗുരുപാദദശകം -കുമാരനാശാൻ

 

പ്രീതിക്കാളാകിലോരാതഖിലമഹിമയും

     ഭൂതിയും നല്കുമേതോ
ചൈതന്യം‌പൂണ്ടുമപ്രീതിയിലപജയമു-
     ണ്ടാക്കിയും നില്ക്കയാലോ
ഏതിന്നും മൂലമല്ലോഗുരുകൃപയതിനാൽ
     ഭുക്തിയും മുക്തിയും മേൽ
സാധിപ്പാനോർത്തു നാരായണഗുരുചരണം
     സന്തതം ഞാൻ തൊഴുന്നേൻ!

ലോകേശൻ സൃഷ്ടിചെയ്യുന്നിഹ മുഹുരപി മാം
     രക്ഷചെയ്യുന്നു വിഷ്ണു
ശ്രീകണ്ഠൻ സംഹരിക്കുന്നിവർ മമ ചിരസം-
     സാരഹേതുക്കളല്ലോ,
ശോകംചേർക്കുന്ന ജന്മാക്ഷയരുജകളശേഷം
     കെടുക്കും കടാക്ഷം
തൂകും തുല്യംവെടിഞ്ഞുള്ളൊരു ഗുരുചരണം
     സന്തതം ഞാൻ തൊഴുന്നേൻ!

മാതാവെപ്പോൽ മനസ്സിൽക്കരുണ, ജനകനെ-
     പ്പോലവേ ക്ഷേമചിന്താ,
ഭ്രാതാവെപ്പോലെയേന്തുന്നിതു ഹൃദിസഹജ-
     സ്നേഹവും മോഹമെന്യേ,
വേദത്തെപ്പോലെയോതുന്നറിവു, നൃപതിയെ-
     പ്പോലെ പാലിച്ചിടുന്നി-
ന്നേതല്ലോർത്താലെനിക്കെൻ ഗുരുപദമതിനെ-
     സ്സന്തതം ഞാൻ തൊഴുന്നേൻ.

തിണ്ണെന്നർത്ഥിക്കുമർത്ഥം ത്രിദശഗണമതി-
     ന്നേകുവാൻ തക്കവണ്ണം
വിണ്ണോർനാട്ടിൻ തരുക്കൾക്കൊരു വിരുതെഴുമെ-
     ന്നീവിധം കേൾവിയല്ലേ
മണ്ണിൽത്താൻ ഭുക്തിയും മുക്തിയുമരുളിടുമ-
     ബ്ഭൂരിമാഹാത്മ്യമേലും
കണ്ണിൻ കോണാർന്നു കാണും ഗുരുപദകമലം
     സന്തതം ഞാൻ തൊഴുന്നേൻ.

ധീമാന്നാചാരലോപം സുഭഗദൃഢശരീ-
     രന്നു കാമാപവാദം
ശ്രീമാനിൽ ശ്രീമദം ശിക്ഷിതനിലതനുദുർ-
     വാരവൈദുഷ്യഗർവ്വം
ഈമട്ടോതുന്ന ദോഷം ചെറുതിഹ നിരാ-
     ലംബമാക്കുന്നു പാർക്കിൽ
ഭൂമാനെൻ ദേശീകേന്ദ്രൻ പുനരിവയെ നിന-
     ച്ചൻപിൽ ഞാൻ കുമ്പിടുന്നേൻ.

ആചാരംകാട്ടിയന്തർഗ്ഗതമപരമതാം
     ധൂർത്തരുണ്ടാമസംഖ്യം
വാചാ ജ്ഞാനങ്ങൾ ഘോഷിച്ചിടുവൊരു വികടാ-
     ത്മാക്കളും വേണ്ടതുണ്ടാം
വൈചക്ഷണ്യം വിശുദ്ധാചരനവിശദധീ-
     വൃത്തിയിത്യാദിയേലു-
ന്നാചാര്യൻ ദുർല്ലഭം മദ്ഗുരുസമനിദമോർ-
     ത്തൻപൊടും കുമ്പിടുന്നേൻ.

വേറല്ലോ വക്ത്രശോഭാ മമ ഗുരുവിനു വേ-
     റിന്നു മന്ദസ്മിതാഭാ-
വേറാകാരങ്ങൾ വേറാസ്ഥിതിഗതിധൃതിഗാം-
     ഭീര്യാമൗദാര്യമെല്ലാം
വേറത്രേ ശിഷ്യവാത്സല്യവൂമിവയെ വിശേ-
ഷിച്ചു ചിന്തിച്ചു മോദാൽ
കൂറാർന്നുള്ളത്തിലേന്തിഗ്ഗുരൂപദയുഗളം
     സന്തതം ഞാൻ തൊഴുന്നേൻ.

വിദാൻ വിദ്വജ്ജനങ്ങൾക്കലസനലസരാ-
     യോർക്കുംജ്ഞർക്കുമജ്ഞൻ
വൃദ്ധന്മാർക്കൊക്കെ വൃദ്ധൻ മഹുവിലസിതമായ്
     ഹന്ത ബാലർക്കു ബാലൻ
സദ്യോഗീന്ദ്രർക്കു യോഗീശ്വരനഥ സകല-
     ജ്ഞാനിനാം ജ്ഞാനിവര്യൻ
സിദ്ധിച്ചല്ലോയെനിക്കിങ്ങനെ ഗുരുവരനെ-
     ന്നൻപിൽ ഞാൻ കുമ്പിടുന്നേൻ.

ചെന്താർ മങ്ങും മുഖം ചേതന നയനയുഗം
     ചാരുനെറ്റിത്തടം നൽ-
പ്പൊന്താരിൻ‌കാന്തി പൊങ്ങും പ്രഭയൊടു പുരുരോ-
     മാളിയാളുന്ന പൂമെയ്
ചന്തത്തിൽ ജാനുവോളം വരുമരിയ കരാ-
     ബീജങ്ങളും തുംഗഭക്ത്യാ
ചിന്തിച്ചുള്ളത്തിലേന്തിഗ്ഗുരുചരനയുഗം
     സന്തതം ഞാൻ തൊഴുന്നേൻ

വിക്ഷേപം വൃത്തിയെല്ലാം വിഷയവഴിയിള-
     യ്ക്കുമ്പോൾ വല്ലാതെ വാടും
മോക്ഷാർത്ഥിക്കാശ്വസിപ്പാൻ ഹൃദി ശുകഭഗവത്-
     പാദരിത്യാദി തോന്നും
പക്ഷേ, സന്ദേഹവും തോന്നിടുമപരിചയം-
     കൊണ്ടു പര്യാപ്തമായ് മേ
സാക്ഷാലുണ്ടിന്നു നാരായണഗുരുപദമെ-
     ന്നൻപിൽ ഞാൻ കുമ്പിടുന്നേൻ.

ഗുരു -കുമാരനാശാൻ

 

ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം;
ആരാദ്ധ്യനതോർത്തിടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണമൂർത്തേ, ഗുരു നാരായണമൂർത്തേ.

അമ്പാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുമ്പായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ
നിമ്പാവനപാദം ഗുരു നാരായണമൂർത്തേ.

അന്യർക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂർത്തേ.

വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ‌താൻ
ഭേദാരികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ.

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ;
ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ.

അങ്ങേത്തിരുവുള്ളൂറിയൊരമ്പിൽ വിനിയോഗം
ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ “യോഗം.”
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിൻ പുകൾപോൽ ശ്രീഗുരുമൂർത്തേ.

തമ്പോലെയുറുമ്പാദിയെയും പാർത്തിടുമങ്ങേ-
ക്കമ്പോടുലകർത്ഥിപ്പൂ ചിരായുസ്സു ദയാബ്ധേ
മുമ്പോൽ സുഖമായ് മേന്മതൊടുന്നോർക്കരുളും കാൽ
തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂർത്തേ.

****************************************************************

കാറ്റേ കടലേ - പി പി രാമചന്ദ്രൻ

 

ഉമ്മറക്കോലായിൽ നിന്ന്

രാത്രിയിൽ എടുത്തുവെയ്ക്കാൻ മറന്ന കിണ്ടി

കളവുപോയതുപോലെ

വയൽക്കരയിലുള്ള ഒരു കുന്ന്

പുലർച്ചയ്ക്കു കാണാതായി.

 

മഴയും വെയിലും

എവിടെയെല്ലാം തിരഞ്ഞു !

പിന്നെയും ബാക്കിയായ

ഒരു കുന്നിന്റെ പള്ളയ്ക്കാണ്

എന്റെ വീട്.

 

ഇപ്പോൾ കുന്നുകളെല്ലാം

റോഡുപണിക്കു പോകുന്നു,

കരയുന്ന വീടുകളെ

ഉറക്കിക്കിടത്തിക്കൊണ്ട്.

 

പന്തലംകുന്ന്, പൂത്രക്കുന്ന്

പുളിയാറക്കുന്ന്, പറക്കുന്ന്

ചോലക്കുന്ന്, ചന്തക്കുന്ന്

കരിമ്പനക്കുന്ന്...

പേരുവിളിക്കുമ്പോൾ

വരിവരിയായി വന്ന്

ലോറിയിൽ കയറണം,

പറഞ്ഞ സ്ഥലത്ത് ഇറങ്ങണം.

നിരപ്പാക്കിയ തലയിൽ

എട്ടുവരിപ്പാത ചുമന്നു നിന്നുകൊള്ളണം.

തലയ്ക്കുമീതെ കാലം

'ശൂം' ന്നു പായും, അനങ്ങരുത്!

 

കാറ്റേ, കടലേ

തെങ്ങോലകളേ,

നമ്മൾ അപ്പുറത്തും

ഇപ്പുറത്തുമാകാൻ പോകുന്നു.

ഇനി കാണാൻ പറ്റിയെന്നു വരില്ല.

 

ബഷീറിന്റെ കഥയിലെ നാരായണി

ആകാശത്തേക്ക് ചുള്ളിക്കമ്പെറിഞ്ഞതുപോലെ

നിങ്ങളന്തെങ്കിലും അടയാളം കാട്ടണം,

ഞാൻ നോക്കിയിരിക്കും.

************************************************

 


Monday, October 5, 2026

പന്ത് കായ്ക്കും കുന്ന് - മോഹനകൃഷ്ണൻ കാലടി

 കുന്നിടിച്ച് നിരത്തുന്ന യന്ത്രമേ

മണ്ണ് മാന്തിയെടുക്കുന്ന കൈകളില്‍
പന്തുപോലൊന്ന് കിട്ടിയാല്‍ നിര്‍ത്തണേ..
ഒന്ന് കൂക്കി വിളിച്ചറിയിക്കണേ..
പണ്ട് ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്ത് കായ്ക്കും മരമായ് വളർത്തുവാൻ 

Saturday, September 5, 2026

ഹെഡ്മാസ്റ്ററും ശിഷ്യനും -വൈലോപ്പിള്ളി

 വാതിൽക്കലാരോ

കിണ്ണം താഴെവച്ചതാരെന്നു

 ചോദിച്ചു വാ നീ, ചോറ്

പിന്നെയാം അലമേലു…

 

ആരിത് സാക്ഷാല്‍ കല്ലൂക്കാരനോ

കൊള്ളാം നീ കണ്ടോരുവാന്‍ വയ്യാത്തപോല്‍

വെളുത്തു തടിച്ചല്ലോ

കോളേജും കഴിഞ്ഞു നീ ലണ്ടനില്‍

പഠിക്കാന്‍ പോന്നാളേറെത്തിടുക്കത്തില്‍

 വന്നു കണ്ടതാണെന്നെ

സന്തോഷം!!

 

പഠിച്ചു നീ എഞ്ചിനീയറായ് അല്ലേ

എന്തോതാം പെന്‍ഷന്‍ പറ്റി

ഞാനേവം കിടപ്പിലായ്‌

 

പണ്ടെപ്പോല്‍ നില്‍ക്കേണ്ട നീ ഇരിക്കൂ

വയ്യാ വാതംകൊണ്ടേറ്റം തളര്‍ന്നു ഞാന്‍

ഇപ്പോള്‍ നീ കാണും വിധമെന്മകളലമേലുവാണു

ചോര്‍കുഴച്ചെന്നെയമ്മപോലൂട്ടുന്നത്

ശൈശവം രണ്ടാമതും

 

ഉണ്ടിവള്‍ ആണ്മക്കളോ

ബോംബെയില്‍ മദ്രാസിലും

പണ്ടുമിപ്പട്ടന്മാര്‍ക്ക് പരദേശമേ ദേശം…

 

മെല്ലെ നീയൂട്ടൂ മെല്ലെ മകളേ

ഇടക്ക് ഞാന്‍ ചൊല്ലട്ടെ വിശേഷങ്ങള്‍

ഇവന്‍ എന്‍ പ്രിയശിഷ്യന്‍ !

 

മാസ്റ്റരിങ്ങനെ ഓര്‍ത്തും പറഞ്ഞും ക്ഷീണിക്കേണ്ട

മാറ്റമെത്രമേല്‍ വന്നൂ കണ്ടറിഞ്ഞീലാ ഞാനും

ഇന്നുമാരംഗം ഞാനോര്‍ക്കുന്നു!

 

ഹൈസ്ക്കൂളില്‍ പണ്ട് കുന്നുകൾക്കിട-

യ്ക്കാനപോലങ്ങു നടക്കവേ

ചൂരലെന്തിനു കയ്യില്‍

ചൂളിയില്ലയോ പുലിവീരരാം

വിദ്യാര്‍ത്ഥികള്‍ പോലും

ആ ഘനം കാണ്‍കെ!!

 

പലനാളടുത്താലും അങ്ങയെയൊരു താക്കോല്‍ പഴുതിലൂ-

ടെന്നപോൽ മാത്രമേ കണ്ടൂ ഞങ്ങള്‍

സ്വൈരമാം തെളിവാക്കില്‍ ജ്ഞാനത്തിന്നഗാധത

ഗൌരവപ്പുരികത്തിന്‍ കീഴിലാ സ്നേഹാര്‍ദ്രത…

 

പോയകാലത്തിന്‍ മേനി പറഞ്ഞിട്ടെന്തുണ്ട്

എനിക്കായപോല്‍ പഠിപ്പിച്ചു ഭരിച്ചൂ

വിരമിച്ചു.. നിങ്ങളെ സമ്പാദിച്ചു,

കാലമെന്‍കയ്യും കാലും ചങ്ങലക്കിട്ടാലെന്ത് !

നിങ്ങളില്‍ ഞാന്‍ ജീവിപ്പൂ…

 

മകളേ അലമേലു പോരുമീ-

ക്കല്ലൂക്കാരന്‍ ചോറൂട്ടട്ടെ ഹാ

ക്രിസ്ത്യനെന്നൊഴിയൊലാ!!

ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍

 

അറിവുരുളയുരുട്ടി ഞാന്‍ നിന്നേയൂട്ടീലേ മുന്നം

പകരമെനിക്ക് ചോര്‍കുഴച്ചു തരൂ

കേമന്‍ മകനാലൂട്ടപ്പെട്ടെന്‍

മാനസം കുളിരട്ടെ!!

Monday, February 2, 2026

ആയത്തിലായത്തിൽ ആടുന്നവൾ - എസ് കലേഷ്

 

മല കയറിയ സഞ്ചാരികൾ

മടങ്ങുമ്പോൾ

ഒരാൾ

കുറഞ്ഞു.

 

ഒരാളെന്നല്ല

ഒരുവൾ.

 

ആളും അനക്കവും

ഒഴിയേ, ഒരു പാറമേൽ

മലർന്നവൾ.

 

ആരുമില്ലാത്തവരിൽ

നിറയും മഴ

അവളെയും

തൊട്ടു.

 

അവളിലെഴുന്നു

രണ്ടു മലകൾ.

 

മഴ നിന്നുപെയ്തു.

ചരിവിൽ ഉറവപൊട്ടി

ഇടുക്കിലൂടെ

അരുവിയിലേക്കവൾ

നനഞ്ഞിറങ്ങി.

 

തെമ്മാടി ഗിരിനിരകൾ

ആർപ്പുവിളിച്ചു.

മലകളുലച്ചവൾ

എഴുന്നേറ്റു.

താന്തോന്നിമരങ്ങൾ

പോരുവിളിച്ചു.

മുനകൂർത്തവൾ

മറുനോട്ടമായി.

കാടകം - റഫീക്ക് അഹമ്മദ്

 

 

കാടിറങ്ങാതെയുള്ളിന്റെയുള്ളിൽ

കൂടുവയ്പു കുടിപ്പകപ്പക്ഷി

കാലഭേദം തൊടാതെ കല്ലിച്ച

ക്രോധമാത്സര്യ വൻശിലാപാളി

രാവുമേലേ കൊലച്ചിരിക്കത്തി

രാകി മൂർച്ചവെപ്പിക്കുന്ന മിന്നൽ

 

പാതിഭാഗമുടലിലെജ്ജന്തു-

കാമനകളെ മൂടിപ്പൊതിഞ്ഞും

പാതിയിൽ മർത്യഗന്ധം വഹിച്ചും

ഈ നഗര വിദ്യുദ്ദീപജാലാ-

വീഥിയിൽ നിൽപ്പൂ ഞാനെന്ന സൃഷ്ടി

ഖാണ്ഡവം പോൽ ദഹിച്ചതിലെങ്ങോ

ബാക്കിയായൊരു തൂവലിൻ തുമ്പാ-

ണായുധമെനിക്കിന്നുമെഴുതാൻ.

 

കാടു പൂക്കണേയെങ്കിലും നെഞ്ചിൽ

ചോപ്പുവാകതൻ കാമമായ് ഭ്രാന്തായ്

നാട്ടുതാപക്കൊടുമയിലുള്ളിൻ

കാട്ടുപച്ചത്തളിർത്തണുപ്പായി.

 

ക്രൗര്യകാരുണ്യ ദ്വന്ദ്വഭാവങ്ങൾ

ഭേദമറ്റു പിണഞ്ഞേ കിടക്കും

ഗൂഢമാം ജന്മവാസനത്തോപ്പിൻ

ദേവതേ മദഗന്ധത്തിടമ്പേ

കാനനേശ്വരീ നീ കെടുത്തേണേ

നാഡികൾ തീണ്ടിയാളുമീ ജ്വാല.

 

പാലപൂക്കും മണത്തിൽ കടമ്പിൻ

മാലതൂങ്ങും ശിഖരത്തിൽനിന്നും

കാലുമാട്ടിയിരുന്നെന്റെ നേരെ

നോക്കുകാ,ദിമമാം കുറുമ്പോടെ

ഹാ, വനജ്യോത്സ്‌നയാലിരുട്ടിന്മേൽ

ശീതളാനല സുസ്മേരയായി

നീ മുടിക്കെട്ടഴിച്ചു നീരാടും

കാട്ടുപൂഞ്ചോലയെന്നന്തരംഗം.

കാടുവിട്ടുപോന്നിട്ടും വളർകൊ-

മ്പാലുടക്കി ചലനം മുടങ്ങി

ഓടുവാനും നടക്കാനുമാവാ-

താടിനിൽക്കുന്നു ജീവവേഗങ്ങൾ.

കുറുകെ - എം ആർ വിഷ്ണുപ്രസാദ്


വണ്ടികളൊന്നും 

മുന്നോട്ട് പോകുന്നില്ല.

സുപ്രസിദ്ധമാകാൻപോകുന്ന 

ട്രാഫിക് ബ്ലോക്കാണ്.

തെറ്റിപ്പറന്ന ഓർമ്മകൾ

വീണ്ടും കറന്റുകമ്പിയിൽ

നിരക്കുന്നത്. 

പരസ്പരം മിണ്ടാത്തവർ

 ഒരേ കാറിൽ 

യാത്രചെയ്യുമ്പോൾ 

ആരാണ് കുറുക്കുചാടിയത്? 

വണ്ടികൾ കൂട്ടിമുട്ടിയതാണോ? 

അതോ എല്ലാ യാത്രക്കാരും 

നടുറോഡിൽ വിശ്രമിക്കാൻ 

തീരുമാനിച്ചതോ? 

കണ്ണെത്താത്ത ദൂരം 

ചത്തുകിടക്കുന്ന 

കാറുകൾ. 

അവൾ കണ്ണുകൾ

വെട്ടിക്കാതെയിരുന്നു. 

ഇരുപുറവും തിരിയാത്ത

കണ്ണുകൾക്ക് ചുറ്റും 

ഒരുമിച്ചുറങ്ങിയതിന്റെ 

കറുത്ത വളയങ്ങൾ. 

അഴിഞ്ഞുപോയ 

സീബ്രാവരകൾ 

തലകുനിച്ച് 

കടന്നുപോകുന്നു.

Sunday, February 1, 2026

നെല്ലി - മോഹനകൃഷ്ണൻ കാലടി

  

നെല്ലിമരത്തിൻ്റെ ഇലകൾ

കണ്ണ് പൂട്ടുമ്പോഴാണ്

രാത്രിയുണ്ടാവുന്നത്.

അതേയിലകളോടൊപ്പമാണ്

പകലുണർന്നുവരുന്നത്.

 

നട്ടുച്ചയ്ക്ക്

നെല്ലിമരത്തിൽ പറന്നുവന്നിരിക്കുന്ന

സ്‌പിരിറ്റാണ് ഞാൻ.

നെല്ലിയിലകളുടെ മറവിലിരുന്നാണ്

ഞാൻ അസ്തമയം വീക്ഷിക്കുന്നത്.

 

ചിലപ്പോൾ നട്ടപ്പാതിരയായാലും

ഞാൻ പറന്നുപോകാറില്ല.

ആ ദിവസങ്ങളിൽ എന്നെക്കണ്ട്

ആകാശച്ചന്ദ്രൻ വിളറും.

നക്ഷത്രങ്ങളിൽനിന്ന്

കുറുനരികൾ ഓരിയിടും.

 

ഞാൻ രണ്ട് ഇളംനെല്ലിക്കയും തിന്ന്

മഞ്ഞുനീരും കുടിച്ച്

മധുരമായൊരു പാട്ടും മൂളി

നെല്ലിമരത്തിൽത്തന്നെയിരിക്കും.

 

പിറ്റേന്ന്

അഞ്ചരയുടെ ചെന്നൈ മെയിൽ

കിഴക്ക് കീറിവരുമ്പോൾ

ഞാനുമുണരും

 

ആറുമണിയുടെ മൂവാറ്റുപുഴ ഫാസ്റ്റിൻ്റെ പുറകേ

ഫസ്റ്റ് ഗിയറിലങ്ങനെ പിടിക്കും.

 

അകന്നകന്നുപോകുന്ന നിമിഷങ്ങളുടെ

മുടി വാരിക്കെട്ടി

നെല്ലിമരവും

മറ്റൊരുദിവസത്തിൻ്റെ കാറ്റിലേക്ക്

ഇളകിച്ചേരാൻ തുടങ്ങും.

 

ഞാൻ വന്നുപോകുന്ന വിവരം

നെല്ലിയിലകൾ ഇന്നേവരെ

ആ കാറ്റിനോടുപോലും

പൊഴിഞ്ഞിട്ടില്ല.

ഒരുപക്ഷേ,

അവരത് അറിഞ്ഞിട്ടില്ല.

 

നെല്ലിമരത്തിനോടുള്ള

ഈ സ്‌പിരിറ്റിൻ്റെ ഒടുങ്ങാത്ത

പേച്ചുകളും പറച്ചിലുകളുമാണ്

പകലുകളായും രാത്രികളായും

പകർന്നാടുന്നത്.

കടിഞ്ഞാൺ - കെ വി രാമകൃഷ്ണൻ

 

 

അടുത്തുവന്നുനിന്നെന്റെ

മുഖത്തു മിഴിയൂന്നവേ,

തോഴ! താങ്കളുരയ്ക്കുന്നൂ

തൊണ്ണൂറായി തനിക്കെടോ.

 

ഉള്ളിലോർക്കുന്നുമുണ്ടാവാം:

“പടിഞായർ തുടുക്കയായ്.

ഇനിയാർത്തലകൊള്ളില്ലാ

തിരമാലകളാഴിയിൽ."

 

കനൽച്ചോടുകൾ പിന്നോട്ടു-

നീളും വഴികൾ ചൂണ്ടിനി-

ന്നോതാം, “അടുത്തടുത്തെത്തി"-

യെന്നു താങ്കളനക്ഷരം.

 

ശരി! എങ്കിലുമെൻ കണ്ണിൽ-

ക്കത്തും നാളത്തിൽ നോക്കുക.

കാണാം മുന്നിൽ കൂർത്തുനീളും

രഥമാർഗമഭംഗുരം.

 

നിമ്നോന്നത, മമര്യാദം

കണ്ണിൽത്തെള്ളുന്നൊരീവഴി

എന്നെ വെല്ലുവിളിക്കുന്നൂ ;

കടിഞ്ഞാൺ കൈവിടില്ല ഞാൻ!

 

ഞാനൊഴിഞ്ഞില്ലെനിക്കെന്റെ

തേർത്തട്ടിലൊരു സാരഥി.

രക്തം കുതിർത്ത മണ്ണിൽപ്പോയ്

ചക്രം താഴില്ലൊരിക്കലും!

ഴാങ്ങ് വാൽ ഴാങ്ങും പാവങ്ങളിലെ രാഷ്ട്രീയശരിയും -പി. എൻ. ഗോപീകൃഷ്ണൻ



പുന്നയൂർക്കുളത്തു നിന്നും മടങ്ങുന്ന വഴി

ഴാങ്ങ് വാൽ ഴാങ്ങിനെ കണ്ടു. 

മോഡേൺ ബ്രഡ് വാങ്ങി വരികയാണ്.

 

"ഇപ്പോഴാണ് നിങ്ങൾ രാഷ്ട്രീയമായി ശരിയായത്." 

ഞാൻ പറഞ്ഞു.

 

"ആ നോവലിൽ നിന്നും

 പെൻഷൻ പറ്റിയ ശേഷം

 ഞാൻ നേരെയായി."

' അയാൾ പറഞ്ഞു.

 

"ആ നോവലിൽ

ജോലിചെയ്യുന്ന കാലത്ത്,

ഞാൻ

ഇതേ ബ്രഡിന്റെ പിതാമഹനെ മോഷ്ടിച്ചു.

അന്നം തന്നവന്റെ പാത്രം മോഷ്ടിച്ചു.

തെരുവുചെക്കൻ്റെ നാണയം മോഷ്ടിച്ചു.

 

കള്ളപ്പേരിൽ മേയറായി.

നിയമത്തിൽ നിന്നോടിപ്പോയി.

കൊസേത്തിനെ രക്ഷിച്ചു. മരിയൂസിനെ രക്ഷിച്ചു.

ഴാവേറിനെ പറ്റിച്ചു.

ഒന്നും രാഷ്ട്രീയശരി ആയിരുന്നില്ല.

 

Tuesday, October 28, 2025

പുസ്തകങ്ങൾ - എൻ വി കൃഷ്ണവാര്യർ

 


പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?

പുസ്തകങ്ങളിൽ വിസ്മയമുണ്ട്;

പുസ്തകങ്ങളിലാനന്ദമുണ്ട്;

പുസ്തകങ്ങളിൽ വിജ്ഞാനമുണ്ട്!

1

പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?

പുസ്തകങ്ങളിൽ വിസ്മയമുണ്ട് !

നമ്മളേപ്പോലൊരുത്തനീ മണ്ണിൻ

ബന്ധനം വിട്ടുയർന്നതാം കാര്യം,

വെന്തെരിയുന്ന റോക്കറ്റിലേറി

ചന്ദ്രനിൽ ചെന്നിറങ്ങിയ കാര്യം,

ചാടിയോടിക്കളിച്ചു കൂത്താടി

 ചന്ദ്രപ്പാറ പെറുക്കിയ കാര്യം,

വാഹനമേറി വീണ്ടുമിങ്ങെത്തി

വാരിധിയിലിറങ്ങിയ കാര്യം,

ദൂരദർശനപ്പെട്ടിയിൽ നാട്ടാർ

ധീരതയിതു കണ്ടതാം കാര്യം:

പുസ്തകങ്ങളിലിമ്മട്ടിലെത്ര

വിസ്മയങ്ങൾ നിറഞ്ഞിരിക്കുന്നു!

2

പുസ്തകങ്ങളിൽപ്പിന്നെയെന്തുണ്ട്?

പുസ്തകങ്ങളിലാനന്ദമുണ്ട് !

 രാജപുത്രൻ കരബലത്താലേ

രാജപുത്രിയെ വേട്ടതാം കാര്യം,

 രണ്ടാമമ്മതന്നേഷണിമൂലം

 രണ്ടുപേരും വനം ചേർന്ന കാര്യം,

 ദുഷ്ടരാക്ഷസൻ സുന്ദരിയാളെ-

 ക്കട്ടു കോട്ടയിൽ പൂട്ടിയ കാര്യം,

 കാനനങ്ങളിൽ രാജകുമാരൻ

 കാന്തയേത്തേടി ക്ലേശിച്ച കാര്യം,

ശത്രുവെച്ചെന്നു നേരിട്ടു കൊന്നു

 പത്നിയെ വീണ്ടെടുത്തതാം കാര്യം:

പുസ്തകങ്ങളിലാനന്ദമേകു-

മെത്രയെത്ര കഥകളുണ്ടെന്നോ !

3

പുസ്തകങ്ങളിൽ വേറെയെന്തുണ്ട്?

പുസ്തകങ്ങളിൽ വിജ്ഞാനമുണ്ട്!

ആദിമാബ്ധിജലത്തിലന്നെന്നോ

ജീവബിന്ദു നുരഞ്ഞതാം കാര്യം,

ഒന്നനേകമായ്, സൂക്ഷ്മം മഹത്തായ് -

പ്പിന്നെ ജീവൻ വളർന്നതാം കാര്യം,

ശ്ലിഷ്ടമാം പരിണാമസോപാന-

ത്തട്ടിൽ മേല്പോട്ടതേറിയ കാര്യം.

മർത്ത്യനിൽ സ്വയം ബോധത്തെ നേടി

സൃഷ്ടി സാഫല്യമാർന്നതാം കാര്യം,

ജ്ഞാനപൂർത്തിയിൽ ജീവിതസത്യം

മാനവൻ കാണുമെന്നുള്ള കാര്യം:

പുസ്തകങ്ങളിൽ സഞ്ചിതമത്രേ

മർത്ത്യവിജ്ഞാനസാരസർവസ്വം !

Wednesday, October 22, 2025

ആലപ്പുഴവെള്ളം - അനിത തമ്പി


ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയിൽ എഴുതുമ്പോൾ
'ജലം' എന്നാണെഴുതുന്നു! 

കവി ആറ്റൂർ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?"

ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ടുചീഞ്ഞ മണമുള്ള
ഉപ്പുചേർന്ന രുചിയുള്ള
കടുംചായ നിറമുള്ള
കലശ് വെള്ളത്തിന്റെ മകൾ.

ജലം എന്നാലവൾക്കത്
വയനാട്ടിൽ നിളനാട്ടിൽ
മലനാട്ടിൽ തെക്കൻനാട്ടിൽ
വാഴുന്ന തെളിനീര്
വാനിൽനിന്നുമടർന്നത്‌,
നിലംതൊടും മുൻപുള്ളത്
മണമില്ലാത്തത്‌, മണ്ണി
ന്നാഴങ്ങൾ തരുന്നത്


നിറമില്ലാത്തത്‌, ദൂരം,
സമതലങ്ങളിൽ വാടി
ക്കിടന്നുപോകാത്തത്

അതിന്നുണ്ട് ദേവതകൾ
അഴകുള്ള കോവിലുകൾ
നിത്യപൂജ, നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടും കൊമ്പന്മാർ,
തുളുമ്പുന്ന പുരുഷാരം.
ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം
അത് കറപിടിക്കുന്നു
നനയ്ക്കുന്നു കുളിക്കുന്നു
അത് നൊന്തുകിടക്കുന്നു
എഴുന്നേറ്റു നടക്കുന്നു
ഇണവെള്ളം തീണ്ടാതെ
ഉറങ്ങാതെ കിടക്കുന്നു
അരമുള്ള നാവുള്ള
മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത
കലക്കമാണതിന്നുള്ളം

അവനവൻ ദേവത
അകംപുറം ബലിത്തറ
തുഴ, ചക്രം, റാട്ടുകൾ
ചങ്ക് പൊട്ടിപ്പാട്ടുകൾ
മണ്ടപോയ കൊടിമരം
മഞ്ഞോലച്ചെവിയാട്ടം
ചാകരയ്ക്ക് തുറപോലെ
തുള്ളുന്ന മഴക്കാലം
ചൊരിമണൽ പഴുത്തു തീ
തുപ്പുന്ന മരുക്കാലം
കവിഞ്ഞിട്ടും കുറുകിയും
കഴിച്ചിലാകുന്ന വെള്ളം.
പിഞ്ഞാണം, ചരുവങ്ങൾ,
കോരിവെയ്ക്കും കുടങ്ങൾ
തേച്ചാലുമുരച്ചാലും
പോകാത്ത ചെതുമ്പലായ്
പറ്റിച്ചേർന്നിരിക്കുന്നു
വെള്ളത്തിന്റെ വേദന.

 

കനാലുകൾ, ബോട്ട്ജെട്ടി

കല്ലി,രുമ്പു പാലങ്ങൾ,

കുളം, കായൽ, വിരിപ്പായൽ,
കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴ വെള്ളം.
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു.

പതിറ്റാണ്ടുകൾ കഴിഞ്ഞു,
തെക്കൻ നീരിലൂരുറച്ചു
എന്നിട്ടുമെഴുതുമ്പോൾ,
ഓർമ്മയിൽപരതുമ്പോൾ
ആലപ്പുഴനിറക്കാരി
ആലപ്പുഴമുടിക്കാരി
ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നൂ
തൊണ്ട ദാഹിക്കുന്നു.

-----------------------------