Showing posts with label Ira. Show all posts
Showing posts with label Ira. Show all posts

Saturday, July 23, 2016

ഇര - എന്‍ എന്‍ കക്കാട്

അന്തിവിണ്ണിന്‍റെ നിരാലംബ-
പാടലനിശ്വാസവായ്പും കരഞ്ഞു
തളര്‍ന്ന കടലിന്‍റെയെകാന്തസാദവും
കൂട്ടില്‍ പിടയുന്ന ഭൂമിത-
ന്നിറ്റു ജീവന്‍റെ പകച്ച നോട്ടങ്ങളും-
വേട്ടയടുത്തുപോയ്.
ചക്രവാളത്തിന്‍റെ തൊണ്ടുട-
ച്ചാരാലുയിര്‍ക്കുമിരുട്ടിന്നൊടുങ്ങാപ്പശിയും
തിളങ്ങും ജിഘാംസതന്‍ ക്രൂരമാം വേര്‍പ്പിന്‍ കണങ്ങളും
വിടരുന്നു,വിരിയും ചിറകിന്‍ നിഴല്‍കളില്‍.
ഇനിയെത്ര നിമിഷങ്ങള്‍?
ഉണരാനുറങ്ങാന്‍ മിഴിക്കുവാന്‍ ചിമ്മുവാനാകാതെ
കണ്ണൊരനാവശ്യദുര്‍ഭരഭാരമാവുന്നു.
ഈയനിശ്ചിതത്വത്തി-
ന്നൊരായിരം മൃത്യുവേക്കാളും വലിപ്പം.

Tuesday, March 15, 2016

ഇര - എ അയ്യപ്പന്‍

അമ്പ് ഏതുനിമിഷവും
മുതുകിൽ തറക്കാം
പ്രാണനും കൊണ്ട് ഒാടുകയാണ്
വേടന്റെ ക്രൂരത കഴിഞ്ഞ് 
റാന്തൽ വിളക്കുകൾക്ക് ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടുപേർ കൊതിയോടെ...
ഒരു മരവും മറ തന്നില്ല.
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ച്
അവന്റെ വായ്ക്ക് ഞാനിരയായി!!!