Showing posts with label ചങ്ങമ്പുഴ കൃഷ്ണപിള്ള. Show all posts
Showing posts with label ചങ്ങമ്പുഴ കൃഷ്ണപിള്ള. Show all posts

Sunday, March 27, 2016

മനസ്വിനി - ചങ്ങമ്പുഴ കൃഷ്ണപിള്ള

മഞ്ഞത്തെച്ചി പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലേ,
നിന്നൂലളിതേ, നീയെന്മുന്നില്‍
നിര്‍വൃതി തന്‍ പൊന്‍കതിര്‍പോലെ!

ദേവ നികേത ഹിരണ്മയമകുടം
മീവീ ദൂരെ ദ്യുതിവിതറി
പൊന്നിന്‍ കൊടിമരമുകളില്‍ ശബളിത-
സന്നോജ്ജ്വലമൊരു കൊടി പാറി!

നീലാരണ്യ നിചോള നിവേഷ്ടിത-
നിഹാരാര്‍ദ്രമഹാദ്രികളില്‍,
കല്യലസജ്ജല കന്യക കനക-
ക്കതിരുകള്‍കൊണ്ടൊരു കണിവെയ്ക്കേ
കതിരുതിരുകിലൂമദൃശ്യ ശരീരകള്‍.
കാമദ കാനന ദേവതകള്‍
കലയുടെ കമ്പികള്‍ മീട്ടും മട്ടില്‍
കളകളമിളകീ കാടുകളില്‍!
മഞ്ഞല മാഞ്ഞിളവെയ്ലൊളിയില്‍,ദല-
മര്‍മ്മരമൊഴുകീ മരനിരയില്‍

ഈറന്‍ തുകിലില്‍ മറഞ്ഞൊരു പൊന്നല
പാറി മിനുങ്ങിയ തവഗാത്രം.
മിത്ഥ്യാവലയിത സത്യോപമരുചി
തത്തി ലസിച്ചൂ മമ മുന്നില്‍!
ദേവദയാമയ മലയജശകലം
താവിയ നിന്‍ കുളിര്‍നിടിലത്തില്‍.
കരിവരിവണ്ടിന്‍ നിരകള്‍ കണക്കെ-
ക്കാണായ്പ്പരിചൊടു കുറുനിരകള്‍!
സത്വഗുണശ്രീഃചെന്താമര മലര്‍
സസ്മിതമഴകില്‍ വിടര്‍ത്തിയപോല്‍,
ചടുലോല്‍പല ദളയുഗളം ചൂടി-
ചന്ദ്രിക പെയ്തൂ നിന്‍വദനം!

ഒറ്റപ്പത്തിയോടായിരമുടലുകള്‍
ചുറ്റുപിണഞ്ഞൊരു മണിനാഗം
ചന്ദനലതയിലദോമുഖശയനം
ചന്ദമൊടിങ്ങനെ ചെയ്യുമ്പോള്‍,
വിലസീ, വിമലേ ചെറിയൊരു പനിനീ-
രലര്‍ ചൂടിയ നിന്‍ ചികുരഭരം!
ഗാനം പോല്‍, ഗുണകാവ്യം പോല്‍ മമ
മാനസമോര്‍ത്തു സഖി നിന്നെ....

തുടുതുടെയൊരു ചെറു കവിത വിടര്‍ന്നു
തുഷ്ടിതുടിക്കും മമ ഹൃത്തില്‍!
ചൊകചൊകയൊരു ചെറുകവിത വിടര്‍ന്നൂ
ചോരതുളുമ്പിയ മമ ഹൃത്തില്‍!

മലരൊളി തിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കല്‍പന ദിവ്യമൊ-
രഴകിനെ, എന്നെ മറന്നൂ ഞാന്‍!
മധുരസ്വപ്ന ശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാന്‍!
അദ്വൈതാമല ഭാവസ്പന്ദിത-
വിദ്യുന്മേഘല പൂകീ ഞാന്‍!....

രംഗം മാറി-കാലം പോയീ,
ഭംഗംവന്നൂ ഭാഗ്യത്തില്‍
കോടിയവസൂരിയിലുഗവിരൂപത
കോമരമാടീ നിന്നുടലില്‍.

കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയമട്ടായി.
മുകിലൊളിമാഞ്ഞൂ, മുടികള്‍ കൊഴിഞ്ഞൂ
മുഖമതി വികൃതകലാവൃതമായ്,
പൊന്നൊളി പോയീ കാളിമയായി;
നിന്നുടല്‍വെറുമൊരു തൊണ്ടായീ.
കാണാന്‍ കഴിയാ-കണ്ണുകള്‍ പോയീ;
കാതുകള്‍ പോയീ കേള്‍ക്കാനും!

നവനീതത്തിനു നാണമണയ്ക്കും
നവതനുലതതന്‍ മൃദുലതയെ,
കഠിനം!- ചീന്തിയെറിഞ്ഞാരടിമുടി
കടുതലരാകിന വടുനിരകള്‍!

ജാതകദോഷം വന്നെന്തിന്നെന്‍
ജായാപദവി വരിച്ചൂ നീ?
പലപലരമണികള്‍ വന്നൂ, വന്നവര്‍
പണമെന്നോതി-നടുങ്ങീ ഞാന്‍.
പലപലകമനികള്‍ വന്നൂ, വന്നവര്‍
പദവികള്‍ വാഴ്ത്തീ- നടുങ്ങീ ഞാന്‍
കിന്നരകന്യകപോലെ ചിരിച്ചെന്‍-
മുന്നില്‍ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: "യെനിക്കവിടുത്തെ-
പ്പൊന്നോടക്കുഴല്‍ മതിയല്ലോ!....
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!. ...."

പുളകമണിഞ്ഞിട്ടുടനടി ഞാനൊരു
പുതുലോകത്തിലെ യുവ നൃപനായ്.
ഇന്നോ ഞാനാ നാടുഭരിക്കും
മന്നവനല്ലോ, മമനാഥേ!
നീയോനിഹതേ, നീയോ?-നിത്യം
നീറുകയാണയി മമ ഹൃദയം.
കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയില്‍ ഞാന്‍ കാല്‍ കുത്തുമ്പോള്‍,
എങ്ങനെ പക്ഷേ വിരിപ്പൂ ചുണ്ടില്‍
ഭംഗിയിണങ്ങിയ പുഞ്ചിരികള്‍?
അന്ധതകൊണ്ടും ഭവനം സേവന-
ബന്ധുരമാക്കും പൊന്‍തിരികള്‍?
അപ്പൊന്‍തിരികള്‍ പൊഴിഞ്ഞു വെളിച്ചം;
തപ്പുന്നോ പിന്നിരുളിതില്‍ ഞാന്‍?...
ദുര്‍വ്വാസനകളിടയ്ക്കിടെയെത്തി-
സര്‍വ്വകരുത്തുമെടുക്കുകിലും,
അടിയറവരുളുകയാണവയെന്നോ-
ടൊടുവില്‍-ശക്തിതരുന്നൂ നീ!
പ്രതിഷേധസ്വര മറിയാതെഴുമ-
പ്രതിമഗുണാര്‍ദ്ര മനസ്വിനി നീ
എങ്കിലുമേതോ വിഷമ വിഷാദം
തങ്കുവതില്ലേ നിന്‍കരളില്‍?
ഭാവവ്യാപക ശക്തി നശിച്ചോ-
രാവദനത്തിന്‍ ചുളിവുകളില്‍
ചില ചില നിമിഷം പായാറില്ലേ
ചിന്ത വിരട്ടിയ വീര്‍പ്പലകള്‍?
നിന്‍കവി,ളമലേ, നനയുന്നില്ലേ
നീ കുടികൊള്ളും വിജനതയില്‍?
കൊടുകാറ്റലറിപ്പേമഴ പെയ്തിടു-
മിടവപ്പാതി പ്പാതിരയില്‍
ശാരദ രജനിയിലെന്നതുപോല്‍, നീ
ശാലിനി, നിദ്രയിലമരുമ്പോള്‍.
അകലത്തറിയാത്തലയാഴികള്‍ത-
ന്നകഗുഹകളില്‍ നിന്നൊരു നിനദം,
പരുകിപ്പെരുകി വരുമ്പോലെന്തോ
സിരകളെയൊരു വിറയറിയിയ്ക്കേ.
കാട്ടാളന്‍ കണയെയ്തൊരു പൈങ്കിളി
കാതരമായിപ്പിടയുമ്പോല്‍,
പിടയാറില്ലേ നിന്‍ഹതചേതന
പിടികിട്ടാത്തൊരു വേദനയില്‍?....

വര്‍ണ്ണം, നിഴലു, വെളിച്ചം, നാദം
വന്നെത്താത്തൊരു തവ ലോകം
അട്ടിയി,ലട്ടിയി,ലിരുളിരുളിന്‍മേല്‍
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈജസകീടം കൂടിയു-
മെല്ലാ,മിരുളാണിരുള്‍ മാത്രം!
മമതയിലങ്ങനെ നിന്നരികേ ഞാന്‍
മരുവും വേളയി,ലൊരുപക്ഷേ,
നീലനിലാവിലെ വനമേഖലപോല്‍
നിഴലുകളാടാമവിടത്തില്‍!
തെല്ലിടമാത്രം-പിന്നീടെല്ലാ-
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
നിന്‍ കഥയോര്‍ത്തോര്‍ത്തെന്‍ കരളുരുകി-
സ്സങ്കല്‍പത്തില്‍ വിലയിക്കേ,
ഏതോനിര്‍വൃതിയിക്കിളികൂട്ടി
ചേതനയണിവൂ പുളകങ്ങള്‍!
വേദന, വേദന, ലഹരിപിടിക്കും
വേദന-ഞാനിതില്‍ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനില്‍ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ

രമണന്‍ - ചങ്ങമ്പുഴ കൃഷ്ണപിള്ള

* ചന്ദ്രിക
കാനനച്ഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ?
ആ വനവീധികളീ വസന്ത-
ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും;
ഇപ്പോളവിടത്തെ മാമരങ്ങള്‍
പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും;
അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍
സംഗീതം‌പെയ്യുകയായിരിക്കും;
പുഷ്പനികുഞ്ജങ്ങളാകമാനം
തല്പതലങ്ങള്‍ വിരിച്ചിരിക്കും;
കൊച്ചുപൂഞ്ചോലകള്‍ വെണ്‍‌നുരയാല്‍-
പ്പൊട്ടിച്ചിരിക്കുകയായിരിക്കും-
ഇന്നാവനത്തിലെക്കാഴ്ച കാണാ-
നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!

* രമണന്‍

ആരണ്യച്ചാര്‍ത്തിലേക്കെന്റെകൂടെ-
പ്പോരേണ്ട, പോരേണ്ട ചന്ദ്രികേ, നീ;
നിന്‍‌കഴല്‍പ്പൂമ്പൊടി പൂശിനില്‍ക്കാന്‍,
ശങ്കയി,ല്ലാ‍ വനമര്‍ഹമല്ലേ!
എന്നെപ്പോല്‍ തുച്ഛരാമാട്ടിടയര്‍
ചെന്നിടാനുള്ളതാണാപ്രദേശം.
വെണ്ണക്കുളിര്‍ക്കല്‍‌വിരിപ്പുകളാല്‍
കണ്ണാടിയിട്ട നിലത്തു നീളെ,
ചെമ്പനിനീരലര്‍ ചിന്നിച്ചിന്നി-
സ്സഞ്ചരിക്കുന്ന നിന്‍ ചേവടികള്‍
കല്ലിലും മുള്ളിലും വിന്ന്യസിക്കാ-
നില്ല, ഞാന്‍ സമ്മതമേകുകില്ല!
ഈ മണിമേടയില്‍ വിശ്വഭാഗ്യ-
സീമ വന്നോളംതുളുമ്പിനില്‍ക്കേ,
ആഡംബരങ്ങള്‍ നിനക്കു നിത്യ-
മാനന്ദമഞ്ചമലങ്കരിക്കേ,
നിര്‍വൃതിപ്പൂക്കള്‍ നിനക്കു ചുറ്റും
ഭവ്യപരിമളം വീശിനില്‍ക്കേ,
ആസ്വാദനങ്ങള്‍ നിന്‍ വാതിലിങ്ക-
ലാശ്രയിച്ചെപ്പോഴും കാവല്‍നില്‍ക്കേ,
പോരുന്നതെന്തിനു, ചന്ദ്രികേ, നീ
പാറകള്‍ ചൂഴുമക്കാനനത്തില്‍?

* ചന്ദ്രിക
ഈ മണിമേടയിലെന്‍‌വിപുല-
പ്രേമസമുദ്രമൊതുങ്ങുകില്ല;
ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍-
സ്വര്‍ഗ്ഗസാമ്രാജ്യമടങ്ങുകില്ല;
നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍
രമ്യവിശാലമാം മാറിടത്തില്‍,
ഒന്നിച്ചിരുന്നു കുറച്ചുനേരം
നര്‍മ്മസല്ലാപങ്ങള്‍ നിര്‍വ്വഹിക്കാം!

* രമണന്‍
പാടില്ല, പാടില്ല, നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ്

* ചന്ദ്രിക
ആലോലവല്ലികളെത്രയിന്നാ
നീലമലകളില്‍ പൂത്തുകാണും!

* രമണന്‍

കാവ്യനര്‍ത്തകി - ചങ്ങമ്പുഴ കൃഷ്ണപിള്ള

കനകചിലങ്ക കിലുങ്ങി കിലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങി കുലുങി
കടമിഴികോണുകളില്‍ സ്വപ്നം മയങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
ഒഴുകും ഉടയാടകളില്‍ ഒലിയലകള്‍ ചിമ്മി
അഴകൊരുടലാര്‍ന്നപോല്‍ അങ്ങനെ മിന്നി
മദിമോഹന ശുഭ നര്‍ത്തനമാടുന്നയി മഹിതെ
മമ മുന്നില്‍ നിന്നു നീ മലയാള കവിതെ

ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇട ചേര്‍ന്നെന്‍ ഹ്രിദയം പുതു പുളകങ്ങള്‍ ചൂടി
ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലുംകൂടി
അതിധന്യകള്‍ ഉഡു കന്യകള്‍ മണിവീണകള്‍ മീട്ടി
അപ്സരോ രമണികള്‍ കൈമണികള്‍ കൊട്ടി
വ്രിന്താവന മുരളീരവ പശ്താലമൊന്നില്‍
സ്പന്ദിക്കും അ മധുര സ്വരവീചികള്‍ തന്നില്‍
താളം നിരനിരയായി നുരയിട്ടിട്ടു തങ്ങി
താമരതാരുകള്‍ പോല്‍ തത്തി ലയ ഭംഗി
സദതസുഖ സുലഭതതന്‍ നിറപറ വച്ചു
ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലം പിടിച്ചു
തങ്കതരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍
സങ്കല്‍പ സുഷമകള്‍ ചാമരം വീശി
സുരഭില മ്രിഗമദ തിലകിത ഭാലം
സുമസമ സുലളിത മ്രിദുല കപോലം
നളിനദലമോഹന നയന വിലാസം
നവകൂന്ത സുരസുന്ദര വര മന്ദഹാസം
ഘനനീല വിപിന സമാന സുകേശം
കുനുകുന്ദള വലയാങ്കിത കര്‍ണാന്തിക ദേശം
മണികനകഭൂഷിത ലളിത ഗള നാളം
മമ മുന്നില്‍ എന്തൊരു സൌന്ദര്യ മേളം
മുനിമാരും മുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമ ജീവനാളം

ഇടവിടാതടവികളും ഗുഹകളും ശ്രുതികൂട്ടിയ
ജഡതന്‍ ജ്വര ജ്വല്‍പന മയമായ മായ
മറയുന്നു വിരിയുന്നു മമ ജീവന്‍ തന്നില്‍
മലരുകള്‍ മലയാള കവിതേ നിന്‍ മുന്നില്‍
നിര്‍ നിമേഷാക്ഷ്നായി നില്‍പതഹോ ഞാനിദം
നിര്‍ നര്‍ത്തനമെന്തല്‍ഭുത മന്ത്രവാദം
കണ്ടു നിന്‍ കണ്‍കോണുകളുലയവെ കരിവരി
വണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
ലളിതേ നിന്‍ കൈവിരലുകള്‍ ഇളകവെ ഞാന്‍ കണ്ടു
കിളിപാറും മരതക മലനിരകള്‍
കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ
കമനീയ കലാദേവത കണിവച്ചതുപോലെ
കവരുന്നു കവിതേ തവ നിര്‍ത്തരംഗം
കാപാലികനെങ്കിലും എന്‍ അന്തരംഗം
തവചരണ ചലനഹ്രിദ രണിതരതരങ്കണം
തന്നോരനുഭൂതിതന്‍ ലയനവിമാനം
എന്നെ പലദിക്കിലുമെത്തിപ്പു ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പു

കരകമല ദലയുഗള മ്രിദുമ്രിദുല ചലനങ്ങള്‍
കാണിച്ച സുക്ഷ്മ ലോകാന്തരങ്ങള്‍
പലതു കടന്നു കടന്നു ഞാന്‍ പോയി
പരിധ്രിത പരിണത പരിവേഷനായി
ജന്മം ഞാന്‍ കണ്ടു ഞാന്‍ നിര്‍വ്രിതി കൊണ്ടു
ജന്മാന്തരങ്ങളിലെ സുക്രുതാമ്രിതമുണ്ടു
ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെത്തി
മായികെ നി നിന്‍ നടനം നടത്തി
പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതെ
തുഞ്ചന്‍റെ തത്തയെ കൊഞ്ചിച്ച കവിതെ
അഞ്ചികുഴഞ്ഞഴിഞ്ഞ് ആടു ഗുണമിളിതെ
കുഞ്ചന്‍റെ തുള്ളലില്‍ മണിപൊട്ടിയ കവിതെ

പലമാതിരി പല ഭാഷകള്‍ പല ഭൂഷകള്‍ കെട്ടി
പാടിയുമാടിയും പല ചേഷ്ഠകള്‍ കാട്ടി
വിഭ്രമവിഷവിത്തു വിത്ക്കിലും ഹ്രിദിമേല്‍
വിസ്മരിക്കില്ല നിന്നെ സുരസുഷമെ
പോവുന്നോ നിന്‍ നിര്‍ത്തം നിര്‍ത്തി നി ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി 

Monday, March 7, 2016

വാഴക്കുല - ചങ്ങമ്പുഴ കൃഷ്ണപിള്ള

മലയാപ്പുലയനാ മാടത്തിന്‍മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള്‍പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമാക്കിടാങ്ങളിലോന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോള്‍, മാനം തെളിഞ്ഞപ്പോള്‍
മലയന്‍റെ മാടത്ത പാട്ടുപാടി.
മരമെല്ലാം പൂത്തപ്പോള്‍ ,കുളിര്‍കാറ്റു വന്നപ്പോള്‍
മലയന്‍റെ മാടവും പൂക്കള്‍ ചൂടി.
വയലില്‍ വിരിപ്പൂ വിതയ്ക്കേണ്ട കാലമായ്‌
വളരെ പ്പണിപ്പാടു വന്നു കൂടി.
ഉഴുകുവാന്‍ രാവിലെ പോകും മലയനു-
മഴകിയും-പോരുമ്പോളന്തിയാവും.

ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്‍
മറവിപറ്റാറില്ലവര്‍ക്കു ചെറ്റും,
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ-
ലതുവേഗവേഗം വളര്‍ന്നുവന്നു;
അജപാലബാലനില്‍ ഗ്രാമീണബാലത-
ന്നനുരാഗകന്ദളമെന്നപോലെ!

പകലോക്കെപ്പൈതങ്ങളാ വാഴത്തൈത്തണല്‍-
പ്പരവതാനിക്കുമേല്‍ ചെന്നിരിക്കും.
പൊരിയും വയറുമായുച്ചക്കൊടുംവെയില്‍
ചൊരിയുമ്പോ,ഴുതപ്പുലാക്കിടങ്ങള്‍,
അവിടെയിരുന്നു കളിപ്പതു കാണ്‍കി, ലേ-
തലിയാത്ത ഹൃത്തുമലിഞ്ഞു പോകും!

കരയും ചിരിക്കു,മിടയ്ക്കിടെ ത്തമ്മിലാ-
'ക്കരുമാടിക്കുട്ടന്മാര്‍' മല്ലടിക്കും!
അതു കാണ്‍കെ പ്പൊരിവെയിലിന്‍ ഹൃദയത്തില്‍ ക്കൂടിയു-
മലിവിന്‍റെ നനവൊരു നിഴല്‍ വിരിക്കും!

അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെസന്കടമാരറിയാന്‍?
അവരര്‍ദ്ധനഗ്നന്മാ,രാതപമഗ്നമാ-
രവരുടെ പട്ടിണിയെന്നു തീരാന്‍?