Showing posts with label onapitennu‍. Show all posts
Showing posts with label onapitennu‍. Show all posts

Tuesday, February 21, 2017

ഓണപ്പിറ്റേന്ന് -ഡി.വിനയചന്ദ്രന്‍

ആരതെന്നു പറഞ്ഞതില്ല:
ഞാനിരുന്നോരൂഞ്ഞാലില്‍
കൂടിരുന്നു തുടിച്ചതാരോ
പൂവിടുന്നൊരു കിളിമരത്തില്‍
ചോടെ നിന്നു ചിരിച്ചതാരോ
ഞാന്‍ വരുന്നതുകണ്ട് കുരവ-
ത്തൂമകൊണ്ട് തെളിഞ്ഞതാരോ?
ആരതെന്നു പറഞ്ഞതില്ല.,
പറയുമോയെന്നിളമവെയിലേ
തുടിതുടിക്കും തുമ്പിനിനവേ
തേവവെള്ളത്തുമ്പമലരേ
ഓണവില്ലുമുറിഞ്ഞതെങ്ങനെ
കളമരങ്ങും കിളിത്തട്ടും
കാടുപാടലായ് പോയതെങ്ങനെ
താമരപ്പൂത്തോണിതാളം
മേളമറ്റുമറിഞ്ഞതെങ്ങനെ
തെളിമനിഴലുവിതുമ്പിയീവഴി
ആരതെന്നു പറഞ്ഞതില്ല.
കാറ്റിലെന്‍റെ കരച്ചില്‍ കേട്ടീ
പാട്ടൊഴിഞ്ഞൊരു നടവഴിയേ
നേര്‍ത്തുനേര്‍ത്തൊരു തേങ്ങലായി
ആറ്റുവഞ്ചിയില്‍ നിലാവുറങ്ങിയ
രാത്രിവഴിയേ പോയതാരോ?
ആരതെന്നു പറഞ്ഞതില്ല:
ഗഹനമീവിരഹ നഗരനിസരി
വിജനമീ കഥനഹൃദയരജനി.