Showing posts with label വൈലോപ്പിള്ളി ശ്രീധര മേനോന്‍. Show all posts
Showing posts with label വൈലോപ്പിള്ളി ശ്രീധര മേനോന്‍. Show all posts

Wednesday, February 8, 2017

ജീവിതഗാനം - വൈലോപ്പിള്ളി

എന്തൊന്നാല്‍ ഭൂദേവി ചൈതന്യമേലുന്നു,
ചന്തം പുലര്‍ത്തുന്നു സര്‍വകാലം,

ഹൃദ്യമജ്ജീവിതമാസ്വദിച്ചാസ്വദി,-
ച്ചദ്യഞാന്‍ ധന്യരില്‍ ധന്യനായേന്‍.

എന്നുടെ ശ്വാസനിശ്വാസമരുത്തിലു-
ണ്ടെണ്ണിയാല്‍ തീരാത്ത ജീവജാലം

മണ്‍തരിയോരോന്നും ജീവശതങ്ങള്‍ക്കു
മന്ദിരമാകും ബ്രഹ്മാണ്ഡമല്ലൊ.

പാറിയും നീന്തിയു,മോടിയും ചാടിയും
പോരടി,ച്ചന്യോന്യമോമനിച്ചും

വാഴ്കയാണെപ്പോഴുമെമ്പാടും പ്രാണികള്‍,
ലോകൈകവിത്തിന്‍ പണിത്തരങ്ങള്‍,

കണ്ണീരും പുഞ്ചിരിപ്പാലും കലര്‍ന്നൊരീ
മന്നിലെ ജീവിതവാഹിനിയില്‍

പാവമാമെന്നെയും കൂടിയൊഴുക്കിയ
പാവനാത്മാവേ ഞാന്‍ കൈ തൊഴുന്നേന്‍

അങ്ങേയനുഗ്രഹവ്യഗ്രമാം കൈത്തലം
ഞങ്ങള്‍ക്കു പൊല്‍ക്കുടയായ് വരട്ടെ.

ഈ വിശ്വശില്പിതന്‍ മുഖ്യോപഹാരമാം
ജീവിതം ഭാരമെന്നാരു ചൊല്ലും?

കമ്രകിരീടമാണായത്,ദു:ഖത്തിന്‍
കയ്പിലും മാധുര്യം കാണുമല്ലൊ.

അല്ലല്‍ തറയ്ക്കുകില്‍കൂടിയും ലോകത്തെ-
യുള്ളഴിഞ്ഞെന്നെന്നും സ്നേഹിയ്ക്കും ഞാന്‍

തല്ലുകൊണ്ടീടിലും വീട്ടിലൊതുങ്ങുവാ-
നല്ലയോ ബാലകനാഗ്രഹിപ്പൂ?

അന്ധകാരത്തിലേയ്ക്കെന്നെ വലിച്ചിടു-
മന്ത്യമാം ശ്വാസത്തില്‍ക്കൂടിയും ഞാന്‍

വാച്ചൊരിസ്സംസാരം പാല്‍ക്കടല്‍ തന്നെ,യ-
തൈശ്വരമാണെന്നു പാടിനിര്‍ത്തും.

Thursday, March 24, 2016

പന്തങ്ങള്‍ - വൈലോപ്പിള്ളി ശ്രീധര മേനോന്‍

ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍

പണ്ട് പിതാമഹര്‍ കാട്ടിന്‍ നടുവില്‍
ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും
വാളു കണക്കൊരു തീനാളം!

സഞ്ചിതമാകുമിരുട്ടുകളെല്ലാം
സംഭ്രമമാര്‍ന്നൊരന്നേരം
മാനവര്‍ കണ്ടാ അഗ്നി സ്മിതമതില്‍
മണ്ണിലെ വിണ്ണിന്‍ വാഗ്ദാനം

ആയിരമായിരമത്തീ ചുംബി-
ച്ചാളി വിടര്‍ന്നൊരു പന്തങ്ങള്‍
പാണിയിലേന്തിപ്പാടിപ്പാടി-
പ്പാരിലെ യുവജന വൃന്ദങ്ങള്‍
കാലപ്പെരുവഴിയൂടെ പോന്നിതു
കാണേക്കാണേക്കമനീയം!

കാടും പടലും വെണ്ണീറാക്കി-
ക്കനകക്കതിരിനു വളമേകി
കഠിനമിരുമ്പു കുഴമ്പാക്കി, പല
കരുനിര വാര്‍ത്തു പണിക്കേകി!

അറിവിന്‍ തിരികള്‍ കൊളുത്തീ, കലകള്‍ -
ക്കാവേശത്തിന്‍ ചൂടേകി.
മാലോടിഴയും മര്‍ത്യാത്മാവിനു
മാലോട്ടുയരാന്‍ ചിറകുതകി
പാരില്‍ മനുഷ്യ പുരോഗമനക്കൊടി
പാറിച്ചവയീ പന്തങ്ങള്‍ !
മെത്തിടൂമിരുളിലിതെത്ര ചമച്ചൂ
പുത്തന്‍ പുലരിച്ചന്തങ്ങള്‍

ധൃഷ്ടത കൂടുമധര്‍മ്മ ശതത്തിന്‍
പട്ടട തീര്‍ത്തൂ പന്തങ്ങള്‍ !
പാവന മംഗള ഭാവിപദത്തില്‍
പട്ടുവിരിച്ചു പന്തങ്ങള്‍
മര്‍ത്ത്യ ചരിത്രം മന്നിതിലെഴുതീ-
യിത്തുടു നാരാചാന്തങ്ങള്‍ ;

പോയ് മറവാര്‍ന്നവര്‍ ഞങ്ങള്‍ക്കേകീ,
കൈമുതലായീ പന്തങ്ങള്‍!
ഹൃദയനിണത്താല്‍ തൈലം നല്‍കി
പ്രാണമരുത്താല്‍ തെളിവേകി
മാനികള്‍ ഞങ്ങളെടുത്തു നടന്നൂ
വാനിനെ മുകരും പന്തങ്ങള്‍
ഉജ്ജ്വലമാക്കീ,യൂഴിയെ ഞങ്ങടെ-
യുജ്ജ്വല ഹൃദയ സ്പന്ദങ്ങള്‍ !
അടിമച്ചങ്ങല നീട്ടിയുടപ്പാന്‍
അഭിനവ ലോകം നിര്‍മ്മിപ്പാന്‍
ആശയ്ക്കൊത്തു തുണച്ചൂ ഞങ്ങളെ-
യാളിക്കത്തും പന്തങ്ങള്‍ !
കൂരിരുളിന്‍ വിരിമാറ് പിളര്‍ത്തീ
ചോര കുടിക്കും ദന്തങ്ങള്‍

വാങ്ങുകയായീ, ഞങ്ങള്‍ കരുത്തൊട്,
വാങ്ങുക വന്നീ പന്തങ്ങള്‍ !
എരിയും ചൂട്ടുകളേന്തിത്താരകള്‍
വരിയായ് മുകളില്‍ പോകുമ്പോള്‍
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകും പുകയാകും
പൊലിമയൊടെന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍ !
കത്തിന വിരലാല്‍ ചൂണ്ടുന്നുണ്ടവ
മര്‍ത്ത്യ പുരോഗതി മാര്‍ഗ്ഗങ്ങള്‍

ഗൂഢ തടത്തില്‍ മൃഗീയത മരുവും
കാടുകളുണ്ടവ കരിയട്ടെ
വാരുറ്റോരു നവീന യുഗത്തിന്‍
വാകത്തോപ്പുകള്‍ വിരിയട്ടെ
അസ്മദനശ്വര പൈതൃകമാമീ
അഗ്നി വിടര്‍ത്തും സ്കന്ദങ്ങള്‍
ആകെയുടച്ചീടട്ടെ മന്നിലെ
നാഗപുരത്തിന്‍ ബന്ധങ്ങള്‍
ചോര തുടിക്കും ചെറു കയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍ !

Saturday, March 12, 2016

ഹരിജനങ്ങളുടെ പാട്ട്‌ - വൈലോപ്പിള്ളി ശ്രീധരമേനോന്‍














പിഴപൊറുക്കണേ,ഞങ്ങളറിഞ്ഞീല,
പഴയപോലിതാ ബാപ്പുവിൻ ജന്മനാൾ
അറിവതെന്തുതാൻ-അന്ധമാം കൂരിരുൾ
പിറവി തന്നൊരീ ഞങ്ങളധഃകൃതർ?
ചിത ചിരിയ്ക്കവേ കണ്ടീല പൊൻകതിർ
ചിതറി വന്നൊരിജ്ജന്മതാരത്തിനെ
വെറുതെയല്ലെങ്കി,ലാണ്ടിൻ പരപ്പിലീ-
യൊരു പിറന്നാൾവിളക്കിൻ ചെറുതിരി
മഹിമയുള്ളവർ മണ്ണടിഞ്ഞന്നുതൊ-
ട്ടഖിലനാൾകളും തന്തിരുനാളുകൾ!
                               2

നഗരിചെന്നെതിരേല്ക്കുന്നു,കുഗ്രാമ-
മകമലിഞ്ഞലിച്ചോർക്കുന്നിതിദ്ദിനം

പതുപതുത്തുള്ള കൈയുകൾ വെള്ളനൂൽ
ക്കതിരുനൂല്പ്പൂ-ചിലന്തികൾ കൂടിയും!
അറ കുമിയ്ക്കുവോരന്നം കൊടുക്കുന്നു
ചെറിയ കുമ്പിളിൽ; പാല പൂ തൂകുന്നു!
വെളികലീല്ക്കൂട്ട,മാഘോഷയാത്രകൾ
പലവഴി,പെരുംചങ്ങല പോലവേ
പെരിയവർക്കറിവേറുമേ, ബാപ്പുവിൻ
പിറവിനാളിൻ പൊലിമ കൊണ്ടാടുവാൻ
അറിവതെന്തുതാ,നന്ധമാം കൂരിരുൾ
പിറവി തന്നൊരീ ഞങ്ങളധഃകൃതർ?
വിടുപണികളാൽ ഞങ്ങളോർമ്മിയ്ക്കട്ടെ
വിനകൾ മാർജ്ജനം ചെയ്തൊരാത്തോട്ടിയെ

                                 3

ഉടൽ തര്യ്ക്കുന്നിതോർക്കുമ്പോ,ഴാരിലു-
മുപരി ഞങ്ങളെ സ്നേഹിച്ചു ബാപ്പുജി
അരിയ നാടിതു നാട്ടുകാർക്കേകുവാ-
നരചനോടു വീറോടു പോരാടിയോൻ
പെരുവഴികളിൽ പിച്ചയിരന്നീലേ
ചെറുതു ഞങ്ങൾതൻ ജീവൻ കുളിർക്കുവാൻ?
പൊരുളറിഞ്ഞവർ ബുദ്ധനായ് കൃസ്തുവായ്
തിരുനബിയായ് പുകഴ്ത്തുമാപ്പുണ്യവാൻ
ഉയിരുണരാൻ പടിപ്പിച്ചു ഞങ്ങളെ-
യുടയതമ്പുരാൻ തൻ തിരുനാമങ്ങൾ
ഹരിജനങ്ങളായ്,ഞങ്ങളെക്കണ്ട ത-
ന്നരിമയെ,ങീയിളിമ‘യെങ്ങോർക്കിൽ?

                            4
പകലൊടുങ്ങുന്നു, പാഴ്നാളിൽ നീളുന്നൂ
പഴയദില്ലി തൻ പാർശ്വഭാഗങ്ങളിൽ
കരൾ നിനയ്ക്കയാണിന്നേര,മാഢ്യർതൻ
കനിവിരുന്നുകളുൺനുവാൻ നില്ക്കാതെ

ഇവിടെ ഞങ്ങളീ’ഭംഗികൾ‘മേവിടു-
മിടമണഞ്ഞിടും നാട്ടിന്നിടയനെ
കുറിയമുണ്ടുടു,ത്താവലംകൈയിലെ
പ്പെരുവടിയൂന്നി,പ്പുഞ്ചിരിതൂകിയും,
പകൽ പണികഴിഞ്ഞെത്തിടും ഞങ്ങൾ തൻ
പഴവനെപ്പോലണയും ദയാർദ്രനെ
(മിഴിയടഞ്ഞവർതൻ പടമെങ്ങിനെ
മിഴിവു തേറ്റുന്നതോർമ്മ തൻ തൂമയാൽ)
ചിരികളികൾ,കരിങ്കിളിപോലെഴും
ചെറിയ കുഞ്ഞുങ്ങൾക്ക,മ്മമാർക്കൊക്കെയും
നിറുകയിങ്കലനുഗ്രഹക്കൈനഖ-
നിറനിലാവു, ഞങ്ങൾക്കുപദേശവും,
കരുതിവന്നോരതിഥിയെല്ലാർക്കുമേ
കനിവമൃതിനാൽ സല്ക്കാരമേകുവോൻ!
കഴലിണകൾ പതിഞ്ഞൊരാ മുറ്റത്തി-
ലഴകിൽ മെത്തീ വിശുദ്ധിപ്പിറാവുകൾ
വരമൊഴികൾ പൊഴിഞ്ഞൊരാക്കൂരയിൽ
നിറയെമിന്നീയറിവിൻ വിളക്കുകൾ
പരമവിടുത്തെയോമല്ക്കിടാത്തിയാ-
മരിയ ചർക്ക,യെളിയോർക്കുടുക്കുവാൻ
അവിരതം സ്വച്ഛനൂലുളവാക്കവേ
അവിടെ വാർന്നിതൈശ്വര്യസംഗീതികൾ
അയലിലോരികൾ കൂക്കിവിളി,യ്ക്കെ,യ-
ങയവിറക്കീ സമാധാനമാനുകൾ
                           5
പുതിയ കാലം പുലർന്നിതെല്ലാർക്കുമായ്
പുലരി വന്നു തുറന്നു പൊന്നമ്പലം
ഉണരു-കെങ്കിലും ദർശനത്തിന്നുമു-
ന്നണി നയിയ്ക്കുവോ,നെങ്ങാപ്പെരിയവൻ?
ഇരുപതും നൂറുമാണ്ടുകൾ താനിരു-
ന്നരുളുകിൽ ഞങ്ങളെത്ര വളർന്നേനെ!
പലരുമുണ്ടിതാ ഞങ്ങളെസ്സേവിപ്പാൻ?
ഒടുവടഞ്ഞൊരാ കൺകളും കൂപ്പുകൈ-
പ്പടവുമെങ്ങൾക്കു നന്മ നേർന്നീലയോ?
പ്രിയപിതാവേ,യീ ഞങ്ങളും നേരുന്നു
ഉയിരിനങ്ങേയ്ക്കു ശാന്തിയുണ്ടാവട്ടെ!

Tuesday, March 8, 2016

മാമ്പഴം - വൈലോപ്പിള്ളി ശ്രീധര മേനോന്‍

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ

ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുല്‍
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു