ആയിരം ശിഖയുള്ള മിന്നൽ
മാനത്തിന്റെ നാവിൽ നി-
ന്നഗ്നിമുഹൂർത്തം തൊടുക്കവേ
പായുന്ന വണ്ടിയിൽ
പാതാളയാത്രയിൽ
പേടിക്കൊടിയും പിടിച്ചുനിൽക്കുന്നു ഞാൻ
പിന്നിലെത്താവളം
തേടിപ്പറക്കുന്നു
കൊന്നയും
കാഞ്ഞിരക്കാടും
മനുഷ്യരും.
സൂചിതറച്ച മനസ്സിന്റെ വിങ്ങലിൽ
ആമുഖമില്ലാതെറിഞ്ഞു തരുന്നു ഞാൻ
ആഴിക്കൊരിന്ദ്രധനുസ്സിന്റെ പുസ്തകം
നീയിതിൻ വാക്കിലെയുപ്പു രുചിക്കുക
പെരിട്ടെടുത്തു പഠിച്ചു കത്തിക്കുക
ചാരം നദിക്കും സുഹൃത്തിനും വിത്തിനും
നേരറിയിച്ച നേരത്തിനും നൽകുക
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
Wednesday, February 22, 2017
യാത്രക്കുറിപ്പ് - കുരീപ്പുഴ ശ്രീകുമാർ
Tuesday, February 21, 2017
കീഴാളൻ - കുരീപ്പുഴ ശ്രീകുമാർ
വിത്തുവിതച്ചതും വേള പറിച്ചതും
ഞാനേ കീഴാളൻ
കന്നിമണ്ണിന്റെ ചേലാളൻ.
തേവിനനച്ചതും കൊയ്തുമെതിച്ചതും
മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
കാടി കുടിച്ചു വരമ്പായ് കിടന്നതും
ഞാനേ കീഴാളൻ
പുതുനെല്ലിന്റെ കൂട്ടാളൻ.
ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നുതളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളൻ
നെടുന്തൂണിന്റെ കാലാളൻ.
കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
ഞാനേ കീഴാളന്‍
കൊടുംകാറ്റിന്റെ തേരാളന്‍.
കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
ആദിത്യരശ്മിപോലംബരനൂലിട്ട്
രാപ്പകലില്ലാതെ ഓമല്‍ തറിയോട്
മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
ഞാനേ കീഴാളന്‍
ഉടുമുണ്ടിന്റെ നെയ്ത്താളന്‍.
ചന്ദനം കണ്ടതും കൊത്തി മണത്തതും
വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
ആനയും വ്യാളിയും സര്‍പ്പവും സിംഹവും
പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
കട്ടില്‍ കടഞ്ഞതും
തൊങ്ങലു വെച്ചതും
കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
കാണിക്കവെച്ചിട്ട്
മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
ഓല വിരിപ്പിന്മേല്‍
നക്ഷത്രം നോക്കി നശിച്ചു കിടന്നതും
ഞാനേ കീഴാളന്‍
മുള്‍മരത്തിന്റെ വേരാളന്‍.
കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
റാട്ടു കറക്കീട്ട് പൊന്‍നാരു നൂത്തതും
ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
ചെല്ലക്കയറിൽ കുരുക്കിട്ടൊടുങ്ങിയോന്‍
ഞാനേ കീഴാളൻ
കരിമണ്ണിന്റെയൂരാളൻ.
പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
പിന്നില്‍ നടന്നതും
താണു ഞെരിഞ്ഞതും
പിന്നെ കിനാവിന്‍ കലപ്പ നാക്കായ് വന്നു
മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
ഞാനേ കീഴാളന്‍
കൊടിക്കമ്പിന്റെ നാക്കാളന്‍.
കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു -
ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്
തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
വീണേ കീഴാളന്‍
കണ്ണുനീരിന്റെ നേരാളന്‍.
എൻ വിയർപ്പില്ലാതെ ലോകമില്ല
എൻ ചോരയില്ലാതെ കാലമില്ല
എൻ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
എൻ കണ്ണു വീണാൽ രതിക്കുന്നു പുഷ്പം
എൻ കാലനങ്ങി കിലുങ്ങും സമുദ്രം
എൻ തുടി കേട്ടാൽ തുടിയ്ക്കുന്നു മാനം
ഞാനേ കീഴാളൻ
കൊടും നോവിന്റെ നാക്കാളന്‍.
മേലാളക്കഴുമരമേറി
പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യൻമാർ.
കീഴാളത്തെരുവുകൾ തോറും
മുളച്ചുപൊന്തുന്നേ
കറുത്ത സൂര്യന്മാർ.
ഭൂലോകപ്പെരുമഴ തുള്ളും
തണുത്ത കൂരാപ്പില്‍
വിശന്ന സൂര്യന്മാർ.
ഈരാളുകള്‍ നൂറാളുകളായ്
പരന്നുകേറുന്നേ
വിശന്ന സൂര്യന്മാർ.
ഞാനെന്റെ ദുഃഖച്ചിന്തുകളും
താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ
കൂടെ വരുന്നേ.
ആദിത്യൻ കതിരുണരുമ്പോഴേ
കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ
കൂടെ വരുന്നേ.
സ്റ്റേഡിയം - കുരീപ്പുഴ ശ്രീകുമാർ
കരയുടെ
പെനാല്‍റ്റിബോക്സിനുള്ളില്‍
കടലിന്നാക്രമണം.
ഉരുക്കുകോട്ട
തകര്‍ക്കാന്‍ വയ്യാ..
തുടനേ പിന്‍മാറ്റം .
കരുത്തുകൂട്ടി
കുതിച്ചുകേറി
തുടരന്‍ മുന്നേറ്റം .
ചീനിയുമോലപ്പീപ്പിയുമായി
കാണാ ഗ്യാലറിയില്‍
മത്സരമുത്സവമാക്കിമദിക്കും
കാറ്റിന്‍ സാന്നിധ്യം .
വാകകള്‍
തെങ്ങുകവുങ്ങുകളാടീ
കേരള സാംബാനൃത്തം .
ഇടയ്ക്കു വന്നൊരു
നീലപ്പൊന്‍മാന്‍
ചിലച്ചു ചോദിച്ചു
മറന്നു പോയോ
സന്തോഷ് ട്രോഫി ,
ഒടുക്കമിന്നാണ്.
നഗ്നപാദരാമോര്‍മകള്‍ ബൂട്സിന്‍
ശക്തിയിലേക്കമര്‍ന്നു പോകുന്നു .
കട്ടിയിരുട്ടത്തുരുട്ടിച്ചുരുട്ടി
വെട്ടത്തു വച്ച പീരങ്കി
തുപ്പിയ തീപ്പന്തമോര്‍ത്തു മൌനത്തിന്‍
കല്‍ക്കരി തിന്നിരിക്കുമ്പോള്‍
അപ്പുറത്തെന്താണൊരാരവം
സ്റ്റേഡിയം
കത്തുന്ന പൌരുഷശബ്ദം .
ദിക്കുകള്‍ ഞെട്ടിത്തെറിക്കെ
കാല്‍പ്പന്തിനാല്‍
അത്ഭുതം കാട്ടീ മിടുക്കന്‍ .
സ്വര്‍ണബംഗാളി ന്‍റെ
ഗോള്‍വല ഭേദിച്ചു
കന്നിത്തെലുങ്കിന്‍റെ സൈന്യം .
മൈതാനമധ്യത്ത്
ഇടത്ത്
അതിര്‍രേഖയില്‍
വായുവില്‍
മുന്നില്‍
വലത്തെ കോര്‍ണറില്‍....
ഭ്രാന്തുപിടിച്ചപോല്‍ പന്തിന്‍റെ
വേഗവിന്യാസപ്രഹരം .
കാലില്‍ നിന്നും നെഞ്ചി ലേക്ക്
നെഞ്ചില്‍ നിന്നും തലയിലേക്ക്
തലയില്‍ നിന്നും .....
ശത്രുപക്ഷം കിടുങ്ങിയ
കത്രികക്കട്ടിലുഗ്രവേഗത്തില്‍
കുതിക്കയാണ്
ഇരുകാല്‍ക്കുതിരകള്‍
കാഞ്ചി വലിച്ച തോല്‍പ്പന്ത് .
ക്രോസ്ബാറു മുട്ടി
നിറഞ്ഞു നില്‍ക്കും ഗോളി
വിശ്രുതന്‍ തങ്കരാജിന്‍റെ
ദീര്‍ഘഹസ്തങ്ങള്‍ക്ക്
പാദപ്പെരുമയ്ക്ക്
കീഴ്പ്പെടാന്‍ സമ്മതിക്കാതെ
പച്ച കുരുത്ത പഥത്തിലൂടങ്ങനെ
കത്തിപ്പറന്നു ഭൂഗോളം .
ശ്വാസമിപ്പോള്‍ വിട്ടതേയുള്ളൂ കാണികള്‍
നീള്‍വിസില്‍ മീട്ടി റഫറി .
അമ്മമലയാളം - കുരീപ്പുഴ ശ്രീകുമാർ
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ.
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ.
ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ.
വീണപൂവിന്റെ ശിരസ്സ് ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം.
മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം.
ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി.
തേകുവാന്‍ ,ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം.
അന്യമായ് പോകുന്ന ജീവമലയാളം.
ഓര്‍ക്കുക,അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം.
ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം.
പുള്ളുവന്‍ ,വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം.
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.
Wednesday, February 8, 2017
വടക്കൻ കാറ്റ് - കുരീപ്പുഴ ശ്രീകുമാര്‍
മത്തിവിറ്റും
മണ്ണുകിളച്ചും
ചായയടിച്ചും
എച്ചിൽപാത്രം മോറിയും
നീ മിച്ചംപിടിച്ച നോട്ടുകൾ
എന്റെ പാദത്തിൽ വയ്ക്കൂ
ഒരു കഷണം കാൽനഖം
പകരം വാങ്ങൂ.
ചോരനീരാക്കി
തങ്കമോളെ അണിയിക്കാൻ
നീ കാത്തുവച്ച പൊന്ന്
എന്റെ മുന്നിൽ വയ്ക്കൂ
ഒരു കഷണം കൈനഖം
പകരം വാങ്ങൂ.
നിന്റെ മണ്ണ്
പെണ്ണ്,വീട്,വാഹനം
വയ്ക്കൂ
ഒരു ചെറുരോമം
പകരം വാങ്ങൂ.
നിന്റെ സ്വപ്നം
ജീവിതം , സ്വാതന്ത്ര്യം
പ്രണയം സങ്കല്പം
മഷിയും പേനയും
ഇവിടെ വയ്ക്കൂ
പകരം
ഒരു മുടിനാരു വാങ്ങൂ.
വടക്കുനിന്നും വീശിയ
ഭ്രാന്തൻകാറ്റ്
വന്മരങ്ങളെ തൊട്ടില്ല.
തുമ്പയും തുളസിയും
മുക്കുറ്റിയും കണ്ണാന്തളിയും
വേരുപറിഞ്ഞ്
പറന്നൊടുങ്ങി.
കറുത്ത നട്ടുച്ച - കുരീപ്പുഴ ശ്രീകുമാര്‍
വാക്കെരിയുന്നോരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
പൂക്കുന്നതെന്താണ് കൂട്ടുകാരീ
ഓര്‍ക്കാപ്പുറത്തൊരു ചെമ്പരത്തി
ഏതോ ഡിസംബറില്‍ നമ്മള്‍ തമ്മില്‍
പാപവും പുണ്യവും പങ്കുവെച്ചു
ഏതോ കൊടും കാറ്റില്‍ ഊര്‍ജ്ജമായി
ആലിംഗനത്തില്‍ കിതച്ചുറങ്ങി
രാത്രിയോടോപ്പമുണര്‍ന്നിരിക്കെ
യാത്രയായ് ചിന്തതന്‍ ചങ്ങാതികള്‍
ആലപിച്ചന്നു നാം കണ്ണുനീരില്‍
ചാലിച്ചെടുത്തോരനുഭവങ്ങള്‍
കാലം കടല്‍കാക്ക കൊണ്ടുപോയി
ജീവിതാസക്തികള്‍ ഭാരമായി
വേനല്‍ വഴിയിലലഞ്ഞു നമ്മള്‍
നിഷ്കാസിതയായ് നിലവിളിച്ചീ
മുറ്റത്ത്‌വീണു മുഖം മുറിഞ്ഞ
സ്വപ്നത്തിനൊപ്പം നടക്കുമെന്നില്‍
യുദ്ധം കെടുത്തിയ സൂര്യനുണ്ട്
വിങ്ങിക്കരഞ്ഞു നീ എന്റെ നെഞ്ചില്‍
പിന്നെയും പൊള്ളുന്ന ചോദ്യമിട്ടു
ചിങ്ങം വിടര്‍ത്തി നമുക്ക് തന്ന
ഉണ്ണിക്കിരിക്കുവാനെന്തു നല്‍കും ?
ഉണ്ണിക്കിരിക്കുവാന്‍ മുള്‍ത്തടുക്ക്
ഉണ്ണാനുടുക്കാനും പെക്കിനാവ്
ഉണ്ണിക്കുറങ്ങുവാന്‍ നെഞ്ചകത്തെ
ഉമ്മറത്തുള്ള കടുത്ത ചൂട്
ഇല്ലായ്മകള്‍ താളമിട്ടുപാടും
കുഞ്ഞിനു കൂട്ടായ് ഉറക്കുപാട്ട്
നേരിനോടോപ്പമിവന്‍ വളരും
നോവില്‍നിന്നായുധമേന്തി നില്‍ക്കും
അച്ഛനെ ചോദ്യങ്ങളാല്‍ തളര്‍ത്തും
മിത്രങ്ങളോടൊത്ത് വേട്ടയാടും
അന്നത്തെയുഷ്ണത്തിനെന്തുത്തരം
അന്നത്തെ അമ്മയ്ക്കുമെന്തുത്തരം
വാക്കെരിയുന്നോരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
ഓര്‍ക്കുവാനെന്തുണ്ട് കൂട്ടുകാരീ
കാക്കക്കറുപ്പുള്ള നട്ടുച്ചകള്‍ ... ! "
Saturday, February 4, 2017
പുലരി നടത്തം - കുരീപ്പുഴ ശ്രീകുമാർ
ചിലർ അങ്ങനെയാണ്
പുലരി നടത്തത്തിന്
കാറിൽ പോകും
കാർ പാർക്ക് ചെയ്തിട്ട്
നഗരത്തിലെ ഉദ്യാനത്തിൽ
അര മണിക്കൂർ
അരയിളകി നടക്കും
ഓഫീസിലെത്തിയാൽ
ഒറ്റയിരുപ്പിരുന്ന്
നാട്ടുകാരെ മുഴുവൻ നടത്തിക്കും
എല്ലാവരുടേയും ആരോഗ്യം
ശ്രദ്ധിക്കണമല്ലോ.
Saturday, July 23, 2016
കടലിന്‍റെ കുട്ടി - കുരീപ്പുഴ ശ്രീകുമാര്‍
ചിരിച്ചു നീരാവിക്കുട്ടി
പറന്നു പൊങ്ങി.
മുകില്‍മുണ്ടായി
വിശാലാകാശപഥത്തില്‍
രസിച്ചു പാറി.
ചെന്നിരുന്നു നോക്കി
ചെറുമഴത്തുള്ളികളായ്
പുഴയിലെത്തി
മരിച്ചു പോയി
തിരക്കയ്യാല്‍ കടല്‍
നെഞ്ചത്തിടിച്ചലറി.
Wednesday, March 30, 2016
ജെസ്സി - കുരീപ്പുഴ ശ്രീകുമാര്‍
പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം
സ്വപ്‌നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ,
ഉത്തുംഗതകളില്‍ പാര്‍വ്വതീ ശങ്കര
തൃഷ്‌ണകള്‍ തേടി കിതച്ചാഴ്‌ന്നിറങ്ങവേ,
തൃപ്‌തിതീര്‍ഥങ്ങളില്‍ പാപനാശത്തിന്റെ
വക്കോളമെത്തി തിരിച്ചു നീന്തീടവേ,
ലോത്തിന്റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച
വാര്‍ത്തയില്‍ കൗമാരഭാരം നടുങ്ങവേ,
കുമ്പസാരക്കൂട്ടില്‍ നഗ്നയായ് നില്‍ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പുചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി...?
കാറ്റിന്റെ കാണാപ്പിയാനോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടന്നു തോറ്റുപോയ് പാട്ടുകള്‍
സായന്തനത്തിന്‍ പ്രസന്നതക്കിപ്പുറം
വാടിവീഴുന്നു വിളഞ്ഞ സുഗന്ധികള്‍
പൊന്‍ചേരയെപ്പോല്‍ നിറംചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞുകേറുന്നു തീരങ്ങളില്‍ ...
മൂളാത്തതെന്തുനീ ജെസ്സി, മനസ്സിന്റെ കോണില്‍
കിളിച്ചാര്‍ത്തുറക്കം തുടങ്ങിയോ..?
വാക്കുകള്‍ മൗനക്കുടുക്കയില്‍ പൂട്ടിവച്ചോര്‍ത്തിരിക്കാന്‍,
മുള്‍ക്കിരീടം ധരിക്കുവാന്‍,
നീള്‍വിരല്‍ത്താളം മറക്കുവാന്‍,
ചുണ്ടത്തുമൂകാക്ഷരങ്ങള്‍ മുറുക്കെക്കൊരുക്കുവാന്‍,
ജെസ്സീ നിനക്കെന്തു തോന്നി?
ആറ്റു തീരത്തൊരു സംഘഗാനത്തിന്റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോല്‍സവങ്ങളില്‍,
നോക്കിക്കുലുങ്ങാതെ നിര്‍വൃതികൊള്ളുന്ന
നോക്കുകുത്തിപ്പാറ നോക്കി നാം നില്‍ക്കവേ,
നിദ്രാടനത്തിന്റെ സങ്കീര്‍ണസായൂജ്യ
ഗര്‍ഭം ധരിച്ചെന്റെ കാതില്‍ പറഞ്ഞു നീ
"കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍.."
ഓര്‍ക്കുകീപ്പാട്ടിന്നു കൂട്ടായിരുന്നു നാം
കല്ലാകുവാനും കഴിഞ്ഞില്ല, നെല്ലോല
തമ്മില്‍ പറഞ്ഞു ചിരിക്കുന്ന കണ്ടുവോ?
അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത-
ത്തര്‍ക്കങ്ങളില്‍പെട്ടു നീ കുഴഞ്ഞീടവേ,
ജന്‍മം തുലഞ്ഞുതുലഞ്ഞുപോകെ
പുണ്യ കര്‍മകാണ്‌ഡങ്ങളില്‍ കാട്ടുതീ ചുറ്റവേ,
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ടകൊട്ടാനായുറഞ്ഞിറങ്ങീടവേ,
മാംസദാഹത്തിന്‍ മഹോന്നത വീഥിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്‌ടപ്പെടുത്തി തിരിച്ചുവന്നെന്തിനോ
കഷ്‌ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ,
ചുറ്റും മുഖം മൂടി നിന്നെനോക്കി-
ച്ചിരിച്ചന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്തു തോന്നി?
കണ്ണീരുറഞ്ഞനിന്‍ കവിളിലെ
ഉപ്പു ഞാനെന്‍ ചുണ്ടുകൊണ്ടു
നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്
പ്രേമം പുതപ്പിക്കുവാന്‍ വന്നതിന്നാണ്
പിന്നെ, അബോധ സമുദ്രത്തിലെന്‍
തോണിയില്‍ നമ്മളൊന്നിച്ചഗാധതയ്‌ക്കന്ത്യം
കുറിക്കാന്‍ തുഴഞ്ഞു നീന്തീടവേ...
കണ്ടോ പരസ്‌പരം ജെസ്സീ.. ?
കണ്ടോ പരസ്‌പരം ജെസ്സീ, ജഡങ്ങളായ്
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ,
മാംസകീടങ്ങളെ തെറ്റിന്‍തരങ്ങളെ?
താളവട്ടങ്ങള്‍ ചിലമ്പവേ ഒക്‌ടോബര്‍
നാലുനേത്രങ്ങളില്‍ നിന്നു പെയ്‌തീടവേ,
നെഞ്ചോടുനെഞ്ചു കുടുങ്ങി
അവസാന മുന്തിരിപ്പാത്രം കുടിച്ചുടച്ചീടവേ,
വ്യഗ്രതവച്ച വിഷം തിന്നവേ,
ജെസ്സീ നിനക്കെന്തു തോന്നീ?
ജെസ്സീ നിനക്കെന്തു തോന്നി?
നഗ്നകവിതകള്‍ - കുരീപ്പുഴ
ഗോഡ്സെക്കു
പോസ്ടോഫീസില്‍
ജോലികിട്ടി.
മൂപ്പര്
ആഹ്ലാദഭരിതനാണ്.
ഓരോ ദിവസവും
ഭാരിച്ച ലോഹമുദ്ര കൊണ്ട്
ഗാന്ധിയെ.......
2 .കുടം
മമ്മീ മമ്മീ
കുടം എന്നെഴുതാന്‍
നാന്‍ പഠിച്ചു.
എങ്ങനാ മോളെ?
ആദ്യം കു എഴുതണം
പിന്നെ എസും സീറോയും.
കര്‍ത്താവെ
കുവിനുംകൂടി ഇംഗ്ളീഷ് തന്നു
ന്‍റെ മോളെ രക്ഷിക്കണേ.
3.കാളി
കാളിയമ്പലത്തിലെ
കാണിക്കകളുടെ
കണക്കെടുത്തപ്പോള്‍
അമ്പലക്കമ്മിറ്റി
അമ്പരന്നു.
ഒരു പൊതി.
അതില്‍
ബ്ലൌസും ബ്രായും.
4.കല്യാണം
മാറ്റിനി കഴിഞ്ഞ്
ഹോട്ടല്‍ മുറിവിട്ട്
കാറ്റുകൊള്ളാനിരുന്നപ്പോള്‍
കടല്‍ പറഞ്ഞു.
ഇത്രെമൊക്കെയായില്ലേ
ഇനി കല്യാണിച്ചൂടെ?
ഇണകളുടെ മുഖം ചുവന്നു.
കാശും കാറും
ജാതിയും ജാതകവും
നോക്കാതെയോ?
കടലമ്മേ കടലമ്മേ
കളിയല്ല കല്യാണം.
5.പെണ്ണെഴുത്ത്
ചേട്ടാ ഞാനിന്നൊരു
ചെടി നട്ടു.
അയാള്‍ തടം നനച്ചു.
ചേട്ടാ ഞാനിന്നൊരു
പുതിയ കറി വെച്ചു.
അയാള്‍ അത്താഴിച്ച്ച് അഭിനന്ദിച്ചു.
ചേട്ടാ ഞാനിന്നൊരു
കഥ എഴുതി.
അന്ന് ആ വീട്ടില്‍
സ്റ്റൌ പൊട്ടിത്തെറിച്ചു.
6.ദൈവവിളി
ഹലോ,വക്കീലല്ലേ?
അതെ.
ഇത് ദൈവം.
എന്തേ വിളിച്ചത്?
നിങ്ങളുടെ നാട്
ദൈവത്തിന്റെ സ്വന്തം നാട്
എന്ന് പ്രചരിപ്പിക്കുന്നുണ്ടല്ലോ?
ഉടന്‍ ഫയല്‍ ചെയ്യണം
മാനനഷ്ടക്കേസ്
7.കൃഷി
പതിനാലു കാരി
പെണ്‍കുട്ടീ
അടുത്ത കൊല്ലം
നിന്നെ കെട്ടിക്കട്ടെ?
ശ്ശോ,നിക്ക്
സ്കൂളില്‍ പോണം .
പതിനഞ്ചെത്തിയ
മൊഞ്ചത്തീ
അടുത്ത ആഴ്ച
നിന്നെ കെട്ടിക്കട്ടെ?
ശ്ശോ ,നിക്ക്
ടുഷന് പോണം .
മതങ്ങളും കോടതികളും
മീശ പിരിച്ചു.
വയലിനോടു ചോദിച്ചിട്ട് വേണോ
കൃഷി ഇറക്കാന്‍?
സ്റ്റാഫ് റൂമില്‍
ഗള്‍ഫ് യുദ്ധം.
നൂറ്റൊന്നു സാരിയുണ്ടെന്നു
ശ്യാമള ടീച്ചര്‍ .
നൂറേ കാണുന്നു
ഷക്കീല ടീച്ചര്‍ .
യുദ്ധാവസാനം
രണ്ടു നിരപരാധികള്‍
ക്ലാസ് മുറിയില്‍ മരിച്ചു കിടന്നു.
ഫിസിക്സും കെമിസ്ട്രിയും.
ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന്‍ അപഹരിച്ചോ
രാഹുവോ, കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാള്‍
കവടി നിരത്തിയതേ ഇല്ല.
നേരേ നടന്നു
പോലീസ് സ്‌റ്റേഷനിലേക്ക്.
10.രാഹുകാലം
ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു
രാഹുകാലത്തില്‍
മൂത്രമൊഴിക്കുന്നതെങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടിവന്നു
അന്നു തുടങ്ങി
ഗുളികകാലം.