Showing posts with label Anwar Shah Umayanallur. Show all posts
Showing posts with label Anwar Shah Umayanallur. Show all posts

Wednesday, February 22, 2017

തുടര്‍ച്ച - അന്‍വര്‍ ഷാ ഉമയനല്ലൂര്‍


വേലിപ്പടര്‍പ്പുകള്‍ പോലെ മുന്നില്‍-ചിലര്‍

ചേര്‍ന്നെന്റെ ചിന്തകള്‍ വേര്‍തിരിക്കെ,
സ്പന്ദനം മന്ദം നിലച്ച വാച്ചില്‍-എന്റെ
സമയം ക്രമപ്പെടുത്താന്‍ ശ്രമിക്കെ,
നുള്ളിനോവിച്ചന്നകന്ന മോഹം-വൃഥാ

തുള്ളിക്കളിപ്പിച്ചകം പുകയ്ക്കെ,
ചെറുതിരിനാളം കെടുത്തുവാനായ്-മനം
പതിവുപോലൊളിയമ്പയച്ചിടുമ്പോള്‍
അണയാത്ത ദുഃഖക്കനലിലൂടെ-പ്രാണ-
ശിഖയുമായെങ്ങനെയോടിനീങ്ങും;
അന്തിച്ചുവപ്പിന്നിടയിലൂടെന്‍-കൊച്ചു-
വെള്ളരിപ്രാവെങ്ങനരികിലെത്തും?
തകരട്ടെയെന്റെ സങ്കല്‍പ്പമെല്ലാം-പക്ഷെ
നുകരട്ടെ ഞാനതിന്‍മുന്‍പൊരല്പം
ഒരു കരപ്പാടിന്നകലെമാത്രം-വന്നു
നില്‍ക്കുന്നൊളിഞ്ഞപമൃത്യൂവീണ്ടും
കാക്കുന്നതേതു കരങ്ങള്‍ രണ്ടും-വിഭോ,
കാല്‍ക്കലര്‍പ്പിച്ചവനാണു പണ്ടും
ഒരുതുള്ളി രുധിരമേ ബാക്കിയുള്ളൂ-എന്റെ
തൂലിക തെളിയാതുഴറിടുന്നു
പോരാടുവാനിന്നുറച്ചുനില്‍ക്കെ-സ്മേര-
കാവ്യസൂനങ്ങള്‍ കരിഞ്ഞുവീണു
ചന്തംവെടിഞ്ഞിരുള്‍ ചാരെവന്നു-എന്റെ
ബന്ധങ്ങള്‍ വന്‍ചിതല്‍ കാര്‍ന്നുതിന്നൂ
* * * *
വിസ്മയിപ്പിക്കുമീ ധന്യലോകം-സദാ
വെട്ടിത്തിരുത്തുന്നു ജീവകാവ്യം
ഉരുവിട്ടൊരിക്കല്‍ പഠിച്ചശേഷം-മായ്ച്ചു-
നീക്കാതിരിക്കുന്നനന്തകാലം
പകരാന്‍ ശ്രമിക്കുന്നു തൂമരന്ദം-പാന-
പാത്രത്തിലേകുന്നു സ്നേഹബന്ധം
കൈപിടിച്ചെഴുതിച്ചിടുന്നു മന്ദം-കേള്‍ക്ക!
ലോകമേ,യീ പാമരന്റെ ശബ്ദം.

ജാഗ്രത - അന്‍വര്‍ ഷാ ഉമയനല്ലൂര്‍


ഉണര്‍ന്നുനോക്കുക! പുതിയൊരുഷസ്സുമായ്
വന്നിതാനില്‍ക്കുന്നു കാലം
വിശന്ന വയറിനോടോതേണ്ട മേലില്‍നാം
പശി മറന്നീടുവാന്‍ വേഗം.

കൊലച്ചിരികള്‍ മുഴക്കുവോര്‍ക്കൊക്കെയും
തെളിച്ചേകിടാം പുതു ദീപം
അറച്ചറച്ചെന്തിനായ് നില്‍ക്കുന്നുറച്ചുനാം
വിളിച്ചോതുകൈക്യ സന്ദേശം.

നിവര്‍ന്നുനില്‍ക്കുക അതിവേഗമിനി നമ്മള്‍
കൈവരിക്കേണ്ടതാണൂര്‍ജ്ജം
തുറിച്ചുനോക്കിയോര്‍ ഗ്രഹിക്കട്ടെ മേലിലും
വിറച്ചുപോകില്ലെന്ന സത്യം.

മറഞ്ഞുനില്‍ക്കുവോര്‍ വീണ്ടും ശ്രമിച്ചിടാം
ചതിച്ചുവീഴ്ത്തുവാ,നെന്നാല്‍
മറിച്ചതേയസ്.ത്രം തൊടുക്കേണ്ടയിനി നമു-
ക്കുടച്ചുവാര്‍ക്കാ,മേകലോകം.

തിരിച്ചെന്തു ലാഭമെന്നോര്‍ക്കാതെ തമ്മില്‍നാ-
മേകേണ്ടതാത്മവിശ്വാസം
ദിശാബോധമോടേയൊരുമിച്ചു ചേരില്‍ നാം
വിശ്വജേതാക്കള്‍ക്കു തുല്യം.

ഈ ജഗത്തില്‍പ്പിറന്നൊന്നുപോലുയരുവാ-
നാകാതെ വേദനിക്കുമ്പോള്‍
കുതിരക്കുളമ്പടികള്‍പോലെ സുദൃഢമായ്-
ത്തീരട്ടെ നരധര്‍മ്മ ശബ്ദം.

കാലം - അന്‍വര്‍ ഷാ ഉമയനല്ലൂര്‍


തലമുറകള്‍ വന്നു പോയ്‍ മറയും-മണ്ണില്‍
ഒരുപിടി സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിക്കും
മധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍-പക്ഷെ
കണ്ണീരില്‍മുങ്ങിത്തിരിച്ചുപോകും.

കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവെ
കാല്‍കുഴഞ്ഞിടറിത്തളര്‍ന്നുവീഴും
കൈത്താങ്ങുനല്‍കാതൊഴിഞ്ഞുമാറി-കാല-
മറിയാത്തപോലേ കടന്നുപോകും.

വാസന്തമേറേയകന്നുനില്‍ക്കും-പാവം
മര്‍ത്യരോ ശിശിരങ്ങളായ്‍‌ക്കൊഴിയും
നറുമണം സ്വപ്നത്തിലെന്നപോലെ-വെറു-
മോര്‍മ്മയില്‍മാത്രമൊതുങ്ങിനില്‍ക്കും.

അറിയാതെ ജീവന്‍ കൊഴിഞ്ഞുപോകെ-നവ
മുകുളങ്ങള്‍ പുലരികളായ് വിടരും
സ്വപ്നങ്ങളീറനുടുത്തുനില്‍ക്കും-മര്‍ത്യ-
നുലകത്തിന്‍ സിംഹാസനത്തിലേറും.

വരളുന്ന പുളിനമാം ജീവിതങ്ങള്‍-ചിലര്‍
ബലിദാനമേകിക്കടന്നുപോകും
തളരാത്ത മോഹങ്ങള്‍ പിന്നെയുമീ-നവ
തലമുറകള്‍വന്നു മഞ്ചലേറ്റും

മായാപ്രപഞ്ചത്തിലിനിയുംവരും-പുത്ത-
നീയാംപാറ്റകളായ് മനുഷ്യര്‍
ചിറകറ്റുപോകും ദിനങ്ങളിലോര്‍മ്മതന്‍
കടലാസുതോണികളായൊഴുകാന്‍.

പറന്നു..പറന്ന്.. - അന്‍വര്‍ ഷാ ഉമയനല്ലൂര്‍


കിളികരയുന്നു! പതിവില്ലാതൊരു
ചെറുകിളിയെന്തു മൊഴിഞ്ഞീടുന്നു;
ആരുടെ ജനനം, ആരുടെ മരണം
ആരുടെ ജീവിതചക്രവിതാനം?

നിളപറയുന്നു! നിഴലുകളുരുകിയ-
സായംസന്ധ്യ മയങ്ങീടുമ്പോള്‍
തേടിയതാകാം തവ കവിതകളില്‍
ചൂടിയ പൂര്‍വ്വമഹീതലചരിതം.

തിരയുരചെയ്‌വൂ; പതിരുകളില്ലാ-
ക്കഥപോലലിവോടതിരിന്‍ കദനം-
പാടിയതാകാ,മുതിരും വാക്കുകള്‍
പാലിച്ചീടേണ്ടതി,രതുമാകാം.

മകളോതിയതോ, മലരുകള്‍തൂകിയ-
കുളിര്‍മണമവനിയിലാകെപ്പടരാന്‍
വാടിയ വാടികളെഴുതിയ കവിതക-
ളീണത്തില്‍ക്കിളിചൊല്ലിയതാകാം.

മധുതിരയുന്നൊരു ചിത്രപതംഗം
മൂളിയ കഥകളിഗീതംതന്നില്‍
വിധിവിളയാട്ടക്കനലെരിയിക്കും
പെരിയവനരുളിയ വര;മതുമാകാം.

തരുനിരകള്‍തന്‍ തണലിലിരുന്നേന്‍
പെരുമകള്‍നീക്കിയ കവിതകുറിക്കാന്‍
മുതിരുന്നേരങ്ങളിലീ സ്വരജതി-
യുയരാറുണ്ടതിമോഹനസാമ്യം.

നിരവധിയോര്‍മ്മകളുഴുതുമറിച്ചേ-
നെഴുതിയ പുതിയൊരുഹൃദയവികാരം
പരിണാമത്താലൊരുചെറുകിളിയാ-
യരികിലണഞ്ഞേയ്ക്കാം തവസ്‌മൃതിയില്‍!!